Malayalam
പള്‍സര്‍ സുനി ജയിലില്‍ തന്നെ!, ജാമ്യഹര്‍ജി തള്ളി സുപ്രീം കോടതി
പള്‍സര്‍ സുനി ജയിലില്‍ തന്നെ!, ജാമ്യഹര്‍ജി തള്ളി സുപ്രീം കോടതി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയ്ക്ക് സുപ്രീം കോടതിയില്‍ നിന്നും കനത്ത തിരിച്ചടി. ഈ കേസില്‍ ജാമ്യം അനുവദിക്കണമെന്ന സുനിയുടെ ഹര്‍ജി സുപ്രീം കോടതിയും തള്ളിയിരിക്കുകയാണ്. ഇതോടെ സുനി വിചാരണ തടവുകരാനായി ജയിലില്‍ തുടരും.
ആറ് വര്‍ഷത്തിലേറെയായി ജയിലില്‍ വിചാരണതടവുകാരനായി തുടരുകയാണെന്നും വിചാരണ അനന്തമായി നീളുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സുനി സുപ്രീം കോടതിയെ സമീപിച്ചത്. കേസിലെ അതിജീവിതയുടെ മൊഴി വായിച്ചിട്ടുണ്ടെന്നും സുനിക്ക് ജാമ്യത്തിന് അര്‍ഹത ഇല്ലെന്നും ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
നേരത്തേ ഇതേ കാര്യം ഉന്നയിച്ച് ഹൈക്കോടതിയെ സുനി സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ജാമ്യം തള്ളുകയായിരുന്നു. നടിയുടെ അടക്കം മൊഴികള്‍ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നടപടി. അതിക്രൂരമായ പീഡനമാണ് നടി നേരിട്ടതെന്നും അതിനാല്‍ ജാമ്യം തള്ളുകയാണെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് വ്യക്താമക്കുകയായിരുന്നു. തുടര്‍ന്നാണ് സുനി വീണ്ടും സുപ്രീം കോടതിയില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്.
നടി കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ഇനിയും സമയ എടുക്കുമെന്നും അതിനാല്‍ തനിക്ക് ജാമ്യം നല്‍കണമെന്നുമായിരുന്നു സുനിയുടെ ആവശ്യം. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയായില്ലെങ്കില്‍ ജാമ്യത്തിന് വേണ്ടി കോടതിയെ സമീപിക്കാന്‍ സുനിക്ക് അനുമതി നല്‍കിയിരുന്നു. ഇക്കാര്യം കൂടി വ്യക്തമാക്കിയാണ് സുനി കോടതിയെ സമീപിച്ചത്.
എന്നാല്‍ സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടതോടെ പുറത്തിറങ്ങാനുള്ള എല്ലാവഴികളും അടഞ്ഞിരിക്കുകയാണ്. 2017 ല്‍ ഓടുന്ന കാറില്‍ വെച്ചാണ് നടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടിയെ മറ്റൊരു വാഹനത്തിലെത്തി പള്‍സുനിയും സംഘവും തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് കേസ്.
സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പള്‍സര്‍ സുനി പോലീസിന്റെ പിടിയിലായിരുന്നു. പിന്നീട് മാസങ്ങള്‍ക്ക് ശേഷം കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തി നടന് ദിലീപും അഴിക്കുള്ളിലായിരുന്നു. 85 ദിവസങ്ങളോളം ജയിലില്‍ കിടന്ന ശേഷം ദിലീപിന് കേസില്‍ ജാമ്യം ലഭിച്ചു. പിന്നീട് ഓരോ ഘട്ടങ്ങളിലായി മറ്റ് പ്രതികള്‍ എല്ലാവരും തന്നെ ജാമ്യം ലഭിച്ച് പുറത്ത് കടന്നു.
എന്നാല്‍ സുനിക്ക് മാത്രമാണ് കേസില്‍ ജാമ്യം ലഭിക്കാതിരുന്നത്. ഇതോടെ 2022 ലാണ് ആദ്യം സുനി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. തിരിച്ചടി നേരിട്ടപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും വിധി എതിരായിരുന്നു. അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ രഹസ്യ വിചാരണ പുരോഗമിക്കുകയാണ്. കേസില്‍ ഇനി ബലാചന്ദ്രകുമാര്‍, അന്വേഷണ ഉദ്യോഗസ്ഥന് ബൈജു പോലീസ് എന്നിവരുടെ വിചാരണ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ സാക്ഷി ബാലചന്ദ്രകുമാറിന്റെ വിസ്താരം തുടരുകയാണ്. വൃക്ക രോഗം ബാധിച്ച സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴിയാണ് വിസ്താരം നടക്കുന്നത്. ഇതുവരെ 21 ദിവസമാണ് ബാലചന്ദ്രകുമാറിനെ വിസ്തരിച്ചത്. വിചാരണ തീര്‍ക്കാന്‍ സുപ്രീംകോടതി നല്കിയ അന്ത്യശാസനം അവസാനിച്ചിട്ടും സാക്ഷി ബാലചന്ദ്രകുമാറിന്റെ വിസ്താരം തുടരുകയാണ്.
മൂന്ന് ഘട്ടമായാണ് 21 ദിവസം വിസ്തരിച്ചത്. ഇതില്‍ രണ്ടര ദിവസത്തെ പ്രോസിക്യൂഷന് വിസ്താരം മാറ്റിനിര്‍ത്തിയാല്‍ 18 ദിവസവും പ്രതി ഭാഗമാണ് ബാലചന്ദ്രകുമാറിനെ വിസ്തരിച്ചത്. ഇരു വൃക്കകളും സ്തംഭിച്ച് ചികിത്സയിലായതോടെ ഓണ്‍ലൈന്‍ വഴിയാണ് വിസ്താരം. കഴിഞ്ഞ 12 ദിവസമായി തിരുവനന്തപുരം ജില്ലാ കോടതിയിലെ അടച്ചിട്ട മുറിയിലിരുന്നാണ് വിസ്താരത്തില്‍ പങ്കെടുക്കുന്നത്.
ഡയാലിസിസ് പൂര്‍ത്തിയാക്കിയാണ് പല ദിവസങ്ങളിലും ബാലചന്ദ്രകുമാര്‍ വിസ്താരത്തിന് എത്തുന്നത്. തുടരന്വേഷണത്തിനു ശേഷം തുടങ്ങിയ വിചാരണ ജനുവരി 31ന് പൂര്‍ത്തിയാക്കാനായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം. വിസ്താരം അനന്തമായി നീണ്ടതോടെ വിചാരണ കോടതി കൂടുതല്‍ സമയം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു.
വിചാരണ പ്രോസിക്യൂഷന് നീട്ടി കൊണ്ടു പോവുകയാണെന്ന് ആരോപിച്ച് ദിലീപും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിസ്താരം വലിച്ചു നീട്ടി സമയം നഷ്ടപ്പെടുത്തുന്നത് പ്രതി ഭാഗമാണെന്ന മറുപടിയാണ് പ്രോസിക്യൂഷന് സുപ്രീംകോടതിയില്‍ നല്‍കിയത്. വിചാരണയില്‍ ഇടപെടാന്‍ കഴിയില്ലെന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്.
