Malayalam
പൾസർ സുനിയുടെ വെളിപ്പെടുത്തൽ ആശ്വാസകരവും സന്തോഷകരവും, ഇതിന്റെ പേരിലാണ് ഒടിയൻ തകർക്കാൻ ആസൂത്രിത ശ്രമം നടന്നത്; ശ്രീകുമാർ മേനോൻ
പൾസർ സുനിയുടെ വെളിപ്പെടുത്തൽ ആശ്വാസകരവും സന്തോഷകരവും, ഇതിന്റെ പേരിലാണ് ഒടിയൻ തകർക്കാൻ ആസൂത്രിത ശ്രമം നടന്നത്; ശ്രീകുമാർ മേനോൻ
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ നടനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും രംഗത്തെത്തിയിരുന്നു. പലരും പരസ്യമായി തന്നെയാണ് നടനൊപ്പം നിന്നത്. ചിലരാകട്ടെ ദിലീപിനെ എതിർത്തുകൊണ്ടാണ് നിന്നിരുന്നത്. വെളിപ്പെടുത്തലുകൾ പുറത്ത് മറൈൻ ഡ്രൈവിൽ സിനിമാക്കാർ ഒത്തുകൂടിയ പരിപാടിയിൽ വെച്ച് മഞ്ജു വാര്യർ ആണ് ഈ സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്നും സത്യം പുറത്ത് വരണമെന്നുള്ള കാര്യം വെളിപ്പെടുത്തുന്നത്.
ഒരു ടിവി ചാനലിന്റെ സ്റ്റിംഗ് ഓപറേഷിനൽ, ഇവർക്ക് എതിരെയുളളവരെയൊക്കെ ഇതിലേക്ക് കൊണ്ട് വന്നതാണ്. മഞ്ജുവിന് ഇഷ്ടമില്ലാത്ത ഒരാളാണെങ്കിൽ അയാളെ കുടുക്കിയതാണ് എന്ന് പറയുക. അങ്ങനെ ഉളള രീതിയിൽ വലിച്ചിട്ടതാണ്. മഞ്ജുവോ ശ്രീകുമാർ മേനോനോ ഇതിന് പിന്നിൽ ഇല്ലെന്ന് പൾസർ സുനി പറയുന്നു. മഞ്ജുവിനെ കണ്ടാലറിയാം, ശ്രീകുമാർ മേനോനുമായി ബന്ധം ഇല്ലെന്നും സുനി പറയുന്നു. മഞ്ജുവിന് ഇതിൽ റോളുണ്ടോ എന്നുളള റിപ്പോർട്ടറുടെ ചോദ്യത്തിന് പൾസർ സുനി നൽകുന്ന മറുപടി ഇങ്ങനെയായിരുന്നു; മഞ്ജുവിന് ഇതിനകത്ത് എങ്ങനെ റോൾ വരാനാണ്. ആ പാവത്തിനെ പിടിച്ച് വലിച്ചിട്ടതല്ലേ എന്നാണ് സുനി പറയുന്നത്.
ഇപ്പോഴിതാ ഈ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തുകയാണ് സംവിധായൻ ശ്രീകുമാർ മേനോൻ. ഈ സംഭവത്തിന്റെ പേരിലാണ് താൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഒടിയൻ തകർക്കാൻ ആസൂത്രിത ശ്രമം നടന്നത് എന്ന് ശ്രീകുമാർ മേനോൻ ആരോപിക്കുന്നു. പൾസർ സുനിയുടെ വെളിപ്പെടുത്തൽ ആശ്വാസകരവും സന്തോഷകരവും ആണെന്ന് ശ്രീകുമാർ മേനോൻ പറയുന്നു. ഈ കാര്യത്തിലേക്ക് തന്റെ പേര് വലിച്ചിഴക്കപ്പെട്ടതാണ്. ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഒരു പേജ് മുഴുവൻ എഴുതിയിരിക്കുന്നത് തന്നെ കുറിച്ചാണ്, താൻ നടത്തിയ ഗൂഢാലോചനയെ കുറിച്ചാണ്. അതെല്ലാം ഒരു കാലത്ത് ഒരുപാട് മാധ്യമങ്ങളിൽ വാർത്തകളായും ചർച്ചകളായുമെല്ലാം വന്നിട്ടുണ്ട്. തന്നെ മാനസികമായും കരിയറിനേയും ബാധിച്ച വിഷയമാണെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.
ഒരു അഭിമുഖത്തിൽ ദിലീപ് തന്നെപ്പറ്റി വ്യക്തമായ സൂചനയോടെ സംസാരിച്ചിരുന്നു. താൻ മുംബൈയിൽ പത്രമാഫിയയുമായി ബന്ധപ്പെട്ടാണ് ഈ ഗൂഢാലോചന നടത്തിയത് എന്നും മഞ്ജു വാര്യർക്ക് വേണ്ടിയാണ് ഈ ഗൂഢാലോചന നടത്തിയത് എന്നെല്ലാം ദിലീപ് പറഞ്ഞിരുന്നു. ഇപ്പോൾ ഇങ്ങനെയൊരു വാർത്ത കേൾക്കുമ്പോൾ വലിയ ആശ്വാസം ഉണ്ടെന്നും ശ്രീകുമാർ മേനോൻ പറയുന്നു.
ഇതിന്റെ പേരിൽ തന്നെയാണ് തന്റെ സിനിമ പോലും ആക്രമിക്കപ്പെട്ടത്. ഇന്ന് ആസൂത്രിതമായ ഡീഗ്രേഡിംഗ് സിനിമകൾക്ക് എതിരെ നടക്കുന്നുണ്ട് എന്നുളളത് സിനിമയിലെ പ്രമുഖരും പ്രേക്ഷകരും പത്രമാധ്യമങ്ങളും എല്ലാം സമ്മതിക്കുന്ന കാര്യമാണ്. പക്ഷേ അതിന്റെ ആദ്യത്തെ ഇരയായിരുന്നു താൻ. ഒടിയൻ റിലീസ് ചെയ്ത് ആദ്യത്തെ 15 മിനുട്ട് കഴിയുമ്പോൾ തന്നെ ക്ലൈമാക്‌സ് മോശം എന്ന് പറഞ്ഞ് കമന്റുകൾ വന്നിരുന്നു.
ആദ്യത്തെ ഷോ കഴിഞ്ഞപ്പോൾ പതിനായിരക്കണക്കിന് കമന്‌റുകൾ ആണ് ഫേസ്ബുക്കിൽ വന്ന് നിറഞ്ഞത്. താൻ അന്വേഷണത്തിൽ മനസ്സിലാക്കിയത് പത്ത് മുപ്പത് പേർ ഒരു ലാപ്‌ടോപുമായി വിവിധ സ്ഥലങ്ങളിലിരുന്ന് സിനിമയെ സംഘടിതമായി ഡീഗ്രേഡ് ചെയ്യുകയായിരുന്നു. ആദ്യത്തെ ദിവസത്തെ പ്രദർശനം കഴിഞ്ഞപ്പോൾ ഒടിയന് എതിരെ വന്നത് മോശമെന്ന് പറഞ്ഞ് കൊണ്ടുളള ഏകദേശം എഴുപത്തിയാറായിരം കമന്റുകൾ ആയിരുന്നു. എന്നിട്ടും അതിനെ ഫലപ്രദമായി അതിജീവിച്ചിട്ടാണ് ഒടിയൻ 100 ദിവസം തികച്ചത്.
ദിലീപിനെ ആരാണ് പറഞ്ഞ് വിശ്വസിപ്പിച്ചത്, എന്തുകൊണ്ടാണ് തനിക്കെതിരെ നിലപാട് സ്വീകരിച്ചത് എന്ന് അറിയില്ല.ഒരുപക്ഷേ മഞ്ജു വാര്യരുടെ കരിയറിൽ താൻ ഉണ്ടാക്കിയ ഇംപാക്ടോ അല്ലെങ്കിൽ അവരുടെ പ്രൊഫഷനിൽ കൂടെ നിന്നതിന്റെ കാര്യമാണോ എന്ന് അറിയില്ല. പക്ഷേ അതിന്റെ പേരിൽ ഇത്രയും കൊല്ലം താൻ കേട്ടപഴിക്ക് ഇപ്പോൾ ഇങ്ങനെയൊരു ക്ലാരിറ്റി വന്നതിൽ സന്തോഷമുണ്ടെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. നടി മഞ്ജു വാര്യരെയും സംവിധായകൻ ശ്രീകുമാർ മേനോനെയും ഈ കേസിൽ ഉൾപ്പെടുത്താൻ ദിലീപ് ശ്രമിച്ചതായി പൾസർ സുനി ദിലീപിനയച്ച കത്തിലും പറയുന്നുണ്ട്.
അതേസമയം, കഴിഞ്ഞ വർഷം സംവിധായകൻ ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യർ നൽകിയ കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തുന്നു എന്നായിരുന്നു മഞ്ജുവിന്റെ പരാതി. 2019 ൽ തൃശൂർ ടൗൺ ഈസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ കഴിഞ്ഞ നാല് വർഷമായി ഈ കേസിൽ മഞ്ജു വാര്യർ ഒരു മറുപടിയും ഹൈക്കോടതിയിൽ നൽകിയിട്ടില്ല, എഫ്ഐആറിൽ പറയുന്ന കുറ്റകൃത്യങ്ങൾ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം നിലനിൽക്കില്ല എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കിയതായി കോടതി ഉത്തരവിട്ടത്.
അന്ന് സംസ്ഥാന പൊലീസ് മേധാവിയ്ക്കാണ് മഞ്ജു വാര്യർ ശ്രീകുമാർ മേനോനെതിരെ പരാതി നൽകിയത്. തനിക്കെതിരെ ഭീഷണി, സ്ത്രീത്വത്തെ അപമാനിച്ചു, സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ശ്രീകുമാർ മേനോനെതിരെ കേസെടുത്തത്. 2019 ൽ മഞ്ജു വാര്യരുടെ മാെഴി എടുത്തിരുന്നു. കേസിനെതിരെ ശ്രീകുമാർ മേനോൻ നൽകിയ ഹർജിയിലാണ് കേസ് റദ്ദാക്കിയത്. മഞ്ജു വാര്യരോട് നിലപാട് തേടിയെങ്കിലും മറുപടി ലഭിച്ചിരുന്നില്ല.
മോഹൻലാൽ നായകനായി എത്തിയ ഒടിയൻ സിനിമയുടെ റിലീസിന് ശേഷമാണ് മഞ്ജു വാര്യരും ശ്രീകുമാർ മേനോനും തമ്മിൽ അസ്വാരസ്യങ്ങളുണ്ടാകുന്നത്. ദിലീപുമായുള്ള വിവാഹ മോചനത്തിന് ശേഷം മഞ്ജു ആദ്യമായി അഭിനയിക്കുന്നത് ശ്രീകുമാർ മേനോന്റെ പരസ്യത്തിലാണ്.
മഞ്ജു പരാതി നൽകിയതിന് പിന്നാലെ നടിയ്ക്കെതിരെ സംവിധായകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഏറെ ചർച്ചയായിരുന്നു. മഞ്ജുവിന് പ്രതിസന്ധി കാലത്ത് താനേ ഒപ്പമുണ്ടായിരുന്നുള്ളൂ എന്നും നടിയ്ക്ക് വേണ്ടി പലരെയും താൻ പിണക്കിയെന്നും ശ്രീകുമാർ മേനോൻ അന്ന് പറഞ്ഞു. എന്നാലും എന്റെ പ്രിയപ്പെട്ട മഞ്ജു. നീ എന്താണ് ഈ ചെയ്തുകൊണ്ടിരിക്കുന്നത് ?നിനക്കറിയാമല്ലോ നിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ആയ എത്രപേർ എത്രപ്രാവിശ്യം പറഞ്ഞു കാര്യം കഴിഞ്ഞാൽ ഉപകാരം ചെയ്തവരെ ചവിട്ടി മെതിച്ചു പോകുന്നവളാണ് നീ എന്ന്. സ്നേഹപൂർവവും നിർബന്ധപൂർവവുമുള്ള സമ്മർദ്ദങ്ങളും, ഭീഷണികളും അതിജീവിച്ചുകൊണ്ട് നിനക്ക് കൂട്ടായി നിന്ന എന്നെ നീ തോൽപ്പിച്ചു കളഞ്ഞല്ലോ.
ഞാൻ നിനക്കായി കേട്ട പഴികൾ, നിനക്കായി അനുഭവിച്ച വേദനകൾ, നിനക്കായി കേട്ട അപവാദങ്ങൾ. നിന്റെ കൂടെ, പറഞ്ഞ വാക്ക് കാക്കുവാൻ ഉറച്ചു നിന്നപ്പോൾ ഉണ്ടായ ശത്രുക്കൾ, നഷ്ടപെട്ട ബന്ധങ്ങൾ. എന്റെ ബുദ്ധിയിലും സ്നേഹത്തിലും നീ ഉണ്ടാക്കി കൂട്ടിയ നേട്ടങ്ങൾ, എല്ലാം നീ എത്ര വേഗമാണ് മറന്നത്.’
വീട്ടിൽ നിന്നും ഇറങ്ങി വന്നപ്പോൾ എന്റെ ബാങ്കിൽ 1500 രൂപയെ ഉള്ളു എന്ന് പറഞ്ഞു ആശങ്കപെട്ടിരുന്ന നിന്റെ കയ്യിലേക്ക് കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസിയുടെ വരാന്തയിൽ വെച്ച് ആദ്യ പരസ്യത്തിന്റെ അഡ്വാൻസായി 25 ലക്ഷം രൂപയുടെ ചെക്ക് വെച്ച് തന്നപ്പോൾ ഗുരുവായൂരപ്പൻ എന്റെ ജീവിതത്തിലേക്ക് അയച്ച ദൂതനാണ് ശ്രീകുമാർ എന്ന് പറഞ്ഞ് തേങ്ങികരഞ്ഞതും നീ മറന്നു.
നിന്റെ അമ്മ ഇടക്ക് നിന്റെ മുൻപിൽ വെച്ചുതന്നെ എന്നോട് പറയുമായിരുന്നല്ലോ നീ ആരെ മറന്നാലും ശ്രീകുമാറിനെ മറക്കരുത് എന്ന്. ശ്രീകുമാർ സഹായിക്കുവാൻ ഇല്ലായിരുന്നു എങ്കിൽ തന്റെ മകളുടെ ഗതി എന്താകുമായിരുന്നു എന്ന് അലോചിച്ചുകൊണ്ട് ഉറക്കമില്ലാതിരുന്ന രാത്രികളെ കുറിച്ച് നിന്റെ അമ്മ എന്നോട് പറഞ്ഞിരുന്നതും നീ മറന്നു അല്ലേ.
അല്ലെങ്കിലും ഉപകാരസ്മരണ ഇല്ലായ്മയും, മറവിയും ‘അപ്പോൾ കാണുന്നവനെ അപ്പാ ‘എന്ന് വിളിക്കുന്ന നിന്റെ സ്വഭാവവും കൂടപ്പിറപ്പാണ് എന്ന് എനിക്ക് പറഞ്ഞു തന്നത് ഞാൻ ഏറെ ബഹുമാനിക്കുന്ന ദിവംഗദനായ നിന്റെ അച്ഛൻ ആണ്. സ്വർഗസ്ഥനായ അദ്ധേഹവും എന്നെപ്പോലെ ഇപ്പോൾ ദുഖിക്കുന്നുണ്ടാവും.
എന്നാലും മഞ്ജു, കഷ്ട്ടം. അതെ, മാത്യു സാമുവൽ ഒരുപാട് കാലമായിട്ടുള്ള എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങളുടെ സൗഹൃദം മഞ്ജുവിനെ അലോസരപ്പെടുത്തുന്നത് എന്തിനാണ്?. കല്യാൺ ജൂവല്ലേഴ്‌സ് തൃശൂർ പോലീസിൽ കൊടുത്ത പരാതിയിലും ഇപ്പോൾ നിങ്ങൾ തിരുവനന്തപുരത്ത് ഡിജിപിക്ക് കൊടുത്ത പരാതിയിലും എന്റെയും മാത്യു സാമുവേലിന്റെയും പേര് ഒരുപോലെ പരാമർശിച്ചതിൽ എനിക്ക് തോന്നിയ സാമ്യത ഒരു യാദൃച്ഛികത ആയിരിക്കാം അല്ലേ മഞ്ജു…?
നീ കാരണം എന്റെ ശത്രുക്കളായ കുറെ മഹത് വ്യക്തികൾ, ഇപ്പോൾ പെട്ടന്ന് നിന്റെ മിത്രങ്ങളായതും എന്നാൽ എന്റെ ശത്രുക്കളായി തന്നെ തുടരുന്നതും മറ്റൊരു യാദൃശ്ചികത ആകാം അല്ലേ? ഈ വാർത്ത വന്നതിന് ശേഷം നിരന്തരമായി ബന്ധപെട്ടുകൊണ്ടിരിക്കുന്ന മാധ്യമ സുഹൃത്തുക്കളുടെയും, മറ്റ് സുഹൃത്തുക്കളുടെയും അറിവിലേക്കായി.
ഞാൻ നിയമം അനുസരിക്കുന്ന ഒരു സാധാരണ പൗരനാണ്. മഞ്ജു വാര്യർ എനിക്കെതിരെ നൽകിയ പരാതിയെക്കുറിച്ച് ഞാൻ അറിഞ്ഞിട്ടുള്ളത് മാധ്യമ വാർത്തകളിൽ നിന്നും മാത്രമാണ്. ഈ പരാതി സംബന്ധിച്ചുവരുന്ന അന്വേഷണത്തോട് പൂർണമായി സഹകരിക്കുകയും എനിക്കും മഞ്ജുവിനും അറിയുന്ന ‘എല്ലാ സത്യങ്ങളും’ അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും ചെയ്യുമെന്നും ശ്രീകുമാർ മേനോൻ അന്ന് വ്യക്തമാക്കിയിരുന്നു.
എന്നാൽ ശ്രീകുമാർ മേനോന്റെ ആരോപണങ്ങൾക്ക് മറുപടി പറയാൻ മഞ്ജു വാര്യർ തയ്യാറായില്ല. എന്നാൽ പിന്നീട് മഞ്ജു വാര്യരെ പിന്തുണച്ച് കൊണ്ട് ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി രംഗത്ത് വന്നിരുന്നു. മഞ്ജു വാര്യരുടെ പ്രശസ്തി പരസ്യത്തിലൂടെ മുതലെടുക്കുകയാണ് ശ്രീകുമാർ മേനോൻ ചെയ്തതെന്നാണ് ഭാഗ്യലക്ഷ്മി അന്ന് പറഞ്ഞിരുന്നത്.
