Malayalam
സജിമോൻ ഹർജിയുമായി കോടതിയിൽ പോയത് സ്വന്തം നിലയ്ക്ക്, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിൽ എതിർപ്പില്ല; സെക്രട്ടറി ബി രാഗേഷ്
സജിമോൻ ഹർജിയുമായി കോടതിയിൽ പോയത് സ്വന്തം നിലയ്ക്ക്, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിൽ എതിർപ്പില്ല; സെക്രട്ടറി ബി രാഗേഷ്
സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ സമഗ്രമായി പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് 5 വർഷത്തിനു ശേഷംഇന്ന് പുറത്തെത്തുമെന്നായിരുന്നു വാർത്തകൾ വന്നിരുന്നത്. എന്നാൽ ഈ റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരെ നിർമ്മാതാവ് സജിമോൻ പാറയിൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.
സജിമോൻ ഹർജിയുമായി കോടതിയിൽ പോയത് സ്വന്തം നിലയ്ക്കാണ്. നിർമ്മാതാക്കളുടെ സംഘടനയ്ക്ക് റിപ്പോർട്ട് പുറത്ത് വിടുന്നതിൽ എതിർപ്പില്ല. സജിമോൻ സംഘടനയിൽ താൽക്കാലിക അംഗത്വം എടുത്തിരുന്ന വ്യക്തിയാണ് എന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ബി രാഗേഷ് പ്രതികരിച്ചിട്ടുണ്ട്.
സജിമോൻ പാറയിലിന്റെ ഹർജിയിൽ ഒരാഴ്ച്ചത്തേയ്ക്ക് താൽക്കാലികമായി ആണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. റിപ്പോർട്ട് പുറത്തുവിടുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും തടയണമെന്നുമാണ് ഹർജിക്കാരൻ പറയുന്നത്. ഇത് പ്രശസ്തിക്ക് വേണ്ടി മാത്രമുള്ള റിപ്പോർട്ടാണെന്നും ആളുകളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടില്ലെങ്കിലും പലരിലേയ്ക്കും വിരൽ ചൂണ്ടുമെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു.
സാംസ്കാരിക വകുപ്പ് സെക്രട്ടറി രാജൻ ഖോബ്രഗഡെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി റിപ്പോർട് പരിശോധിച്ച ശേഷമാണ് 295 പേജുകളിൽ 62 പേജുകൾ ഒഴിവാക്കി 233 പേജുകളാണ് പുറത്തു വിടാൻ തീരുമാനിച്ചത്.
ഒഴിവാക്കുന്ന പേജുകൾ നിയമവകുപ്പും പരിശോധിച്ചിരുന്നു. അതിനുശേഷമാണ് അന്തിമ തീരുമാനത്തിലെത്തിയത്. ഏതൊക്കെ ഭാഗങ്ങൾ നൽകുമെന്നും ഏതൊക്കെ ഒഴിവാക്കുമെന്നും വ്യക്തമാക്കി അപേക്ഷകർക്ക് നോട്ടിസ് നൽകാൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.എ.ഹക്കീം നിർദേശിച്ചിരുന്നു.
ഇതനുസരിച്ച് 82 പേജുകളും വിവിധ പേജുകളിലായി 115 ഖണ്ഡികകളും ചില വരികളും ഒഴിവാക്കുന്നതായി റിപ്പോർട്ട് ആവശ്യപ്പെട്ട 5 പേരെയും സാംസ്കാരിക വകുപ്പിലെ വിവരാവകാശ ഓഫിസർ അറിയിച്ചു.
തുടർന്ന് 5 പേരും റിപ്പോർട്ടിന്റെ പകർപ്പിനുള്ള തുകയായ 699 രൂപ വീതം ട്രഷറിയിൽ അടയ്ക്കുകയും ചെയ്തിരുന്നു.
ഒഴിവാക്കിയ ഭാഗങ്ങൾ കൂടുതലും നടിമാരും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ നൽകിയ മൊഴികളാണ്. ഇവർ കമ്മിഷനു മുന്നിൽ മൊഴി നൽകിയത് പുറത്തു പോകരുതെന്ന നിബന്ധനയോടെയാണെന്നും, അതുകൊണ്ടു തന്നെ സർക്കാരും ഇക്കാര്യം ശ്രദ്ധിക്കണമെന്നു റിപ്പോർട്ട്കൈമാറുമ്പോൾ ജസ്റ്റിസ് ഹേമ സർക്കാരിനോടും നിർദേശിച്ചിരുന്നു.
സിനിമാ മേഖലയിൽ വനിതകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ സമഗ്രമായി പഠിച്ച് 2019ലാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. അന്ന് മുതൽ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം ഉയർന്നിരുന്നു. വിമൻ ഇൻ സിനിമാ കളക്ടീവ് അടക്കമുള്ളവരാണ് ആവശ്യവുമായി രംഗത്തെത്തിയത്. 2019 ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ പുറത്തുവിട്ടിരുന്നില്ല.
