നമ്മുടെയൊക്കെ ആ കാലം കഴിഞ്ഞില്ലേ, ഇനി സിനിമ എടുക്കലല്ല, ഞങ്ങളൊക്കെ ഇരുന്ന് കാണും; പുതിയ ആള്‍ക്കാര്‍ ഇതുപോലുള്ള നല്ല സിനിമകള്‍ ചെയ്യട്ടെയെന്ന് പ്രിയദര്‍ശന്‍
ഗിരീഷ് എഡിയുടെ സംവിധാനത്തില്‍ മമിത ബൈജുവും നസ്ലിനും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ‘പ്രേമലു’. ഇപ്പോഴിതാ ഈ സിനിമയെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. ‘പ്രേമലു’ മികച്ച സിനിമയാണെന്ന് അഭിപ്രായപ്പെട്ട പ്രിയദര്‍ശന്‍ ഇനി തങ്ങളെപ്പോലെയുള്ളവര്‍ പുതിയ സിനിമ എടുക്കുകയല്ല, പകരം പുതിയ സിനിമകളിരുന്ന് കാണുമെന്ന് പറഞ്ഞു. ‘പ്രേമലു’വിന്റെ പ്രദര്‍ശനത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
”മികച്ച സിനിമ. എന്റര്‍ടൈന്‍മെന്റ് എന്ന് പറഞ്ഞാല്‍ ഇതാണ്. എല്ലാം ഫ്രഷ് ആണ്. ഇതാണ് യങ്‌സ്‌റ്റേഴ്‌സ് സിനിമ എന്ന് പറയുന്നത്. റിയലിസ്റ്റിക് ആയിട്ടുള്ള വ്യത്യസ്തതയാര്‍ന്ന ഹ്യൂമറാണ് ഈ സിനിമയുടേത്. തീര്‍ന്നുപോയത് അറിഞ്ഞില്ല. നസ്ലിന്റെ പ്രകടനം ഒരുപാട് ഇഷ്ടപ്പെട്ടു. അവനെ ഒന്നു കണ്ട് നേരില്‍ അഭിനന്ദിക്കണം.”
പുതിയ തലമുറയെ വച്ച് ഇതുപോലൊരു സിനിമ ചെയ്യുമോ എന്ന ചോദ്യത്തിന് പ്രിയദര്‍ശന്‍ ഇങ്ങനെ പറഞ്ഞു: ”നമ്മുടെയൊക്കെ ആ കാലം കഴിഞ്ഞില്ലേ. ഇനിയും പുതിയ ആള്‍ക്കാര്‍ ഇതുപോലുള്ള നല്ല സിനിമകള്‍ ചെയ്യട്ടെ. ഇനി സിനിമ എടുക്കലല്ല. ഇനി ഞങ്ങളൊക്കെ ഇരുന്ന് കാണും.”
കാമ്പസ് കഥ പറഞ്ഞ ‘സൂപ്പര്‍ ശരണ്യ’ എന്ന ചിത്രത്തിന് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രമാണ് ‘പ്രേമലു’. ഒട്ടേറെ സിനിമാപ്രവര്‍ത്തകരും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘പ്രേമലു’ നിര്‍മ്മിച്ചിരിക്കുന്നത്.
ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഗിരീഷ് എ.ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
