Malayalam
കാത്തിരിപ്പിന് വിരാമം; ‘ആടുജീവിതം’ ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്!
കാത്തിരിപ്പിന് വിരാമം; ‘ആടുജീവിതം’ ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്!
ബോക്സോഫീസ് റെക്കോർഡുകൾ ഭേദിച്ച സൂപ്പർഹിറ്റ് ചിത്രമായിരുന്നു ‘ആടുജീവിതം’. തിയേറ്ററുകളിൽ മിന്നും പ്രകടനം കാഴ്ചവെച്ചിരുന്ന ചിത്രത്തിന്റെ ഒടിടി റിലീസ് എപ്പോഴാണ് എന്ന് പ്രേക്ഷകരിൽ പലരും ചോദിച്ചിരുന്നത്. ഇപ്പോഴിതാ ആരാധകർക്ക് ആവേശം പകരുന്ന വാർത്തയാണ് പുറത്തെത്തുന്നത്.
പൃഥ്വിരാജ്-ബ്ലെസി ചിത്രം ‘ആടുജീവിതം’ ഒടിടിയിലേയ്ക്ക് എത്തുകയാണ്. ജൂലായ് 19-ന് ആണ്ചിത്രം ഒടിടിയിലെത്തുക. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. മലയാളം, കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രമെത്തും. പൃഥ്വിരാജ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
ആഗോളതലത്തിൽ 150 കോടിയിലധികം ചിത്രം സ്വന്തമാക്കിയിരുന്നു. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിച്ച ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്.
വിഷ്വൽ റൊമാൻസിന്റെ ബാനറിൽ ഒരുക്കിയ ചിത്രത്തിൽ ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, കെ.ആർ. ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരും മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. നിരൂപകപ്രശംസയും പ്രേക്ഷകപ്രശംസയും ബോക്സ് ഓഫീസ് വിജയവും ഒരേപോലെ കൈവരിക്കാൻ കഴിഞ്ഞ ചുരുക്കം ചിത്രങ്ങളിലൊന്നായിരുന്നു ആടുജീവിതം.
അതേസമയം, മലയാളത്തിൽ ഏറ്റവുമധികം നാളുകൾ ചിത്രീകരണം നീണ്ടുപോയ സിനിമകളിലൊന്നാണ് ആടുജീവിതം. നാലരവർഷം നീണ്ടുനിന്ന ചിത്രീകരണത്തിന് കഴിഞ്ഞ വർഷം ജൂലൈ 14നാണ് സമാപനമായത്. 2018 മാർച്ചിലാണ് ബ്ലെസിയുടെ സംവിധാനത്തിൽ ആടുജീവിതത്തിന്റെ ഷൂട്ടിംങ് ആരംഭിച്ചത്.
പത്തനംതിട്ടയിലായിരുന്നു തുടക്കവും. പിന്നീട് പാലക്കാട്ട് കുറച്ചു ഭാഗങ്ങൾ ചിത്രീകരിച്ചു. അതേ വർഷം ജോർദ്ദാനിലും ചിത്രീകരണം നടന്നു. അവിടെ 30 ദിവസത്തോളം വർക്കുണ്ടായിരുന്നു. അതിനുശേഷം 2019 ൽ ജോർദ്ദാനിലേക്കു പോകാൻ പദ്ധതിയിട്ടെങ്കിലും പൃഥ്വിയുടെ ഡേറ്റ് ക്ലാഷ് കാരണം ഷൂട്ടിങ് മാറ്റിവച്ചു.
പിന്നീട് 2020 ലാണ് ജോർദ്ദാനിലെത്തുന്നത്. അത്തവണ അൾജീരിയ ഷെഡ്യൂൾ കൂടി പ്ലാൻ ചെയ്തിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തെത്തുടർന്ന് 65 ദിവസത്തോളം ബ്ലെസിയും സംഘവും ജോർദാനിൽ കുടുങ്ങി കിടക്കേണ്ടിവന്നു. രണ്ടര മാസത്തിനു ശേഷം 2020 മേയ് 22നാണ് സംഘം പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തിയത്.
