News
ഇപ്പോഴത്തെ നടിമാരുമായി എനിക്ക് അടുത്ത ബന്ധം ഇല്ല; ഒപ്പം അഭിനയിക്കുന്ന നായികമാരുമായുള്ള പ്രായ വ്യത്യാസത്തെ കുറിച്ച് പൃഥ്വിരാജ്
ഇപ്പോഴത്തെ നടിമാരുമായി എനിക്ക് അടുത്ത ബന്ധം ഇല്ല; ഒപ്പം അഭിനയിക്കുന്ന നായികമാരുമായുള്ള പ്രായ വ്യത്യാസത്തെ കുറിച്ച് പൃഥ്വിരാജ്
നിര്‍മാതാവായും സംവിധായകനായും നടനായും ഗായകനായുമെല്ലാം മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. സിനിമകളുടെ ഒരു വലിയ നിര തന്നെ അടുത്തിടെ പൃഥിയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. ഇപ്പോള്‍ താരത്തിന്റെ കാപ്പ എന്ന ചിത്രമാണ് റിലീസായത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. നിലവില്‍ ഒപ്പം അഭിനയിക്കുന്ന നായികമാരുമായുള്ള പ്രായ വ്യത്യാസത്തെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പൃഥി. കാപ്പയില്‍ ഒപ്പം അഭിനയിച്ച നടി അപര്‍ണ ബാലമുരളിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു നടന്.
‘എനിക്ക് അപര്‍ണയെ അത്രയ്ക്കങ്ങോട്ട് അറിയില്ല. ഇതിലെ വ്യത്യാസം എന്തെന്നാല്‍ ഞാന്‍ സിനിമയില്‍ വന്ന സമയത്ത് വളരെ ചെറുപ്പം ആയിരുന്നു. എന്റെ സുഹൃത്തായി അന്ന് അഭിനയിച്ചിരുന്നത് ജഗദീഷ് ചേട്ടനും അമ്പിളി അങ്കിളും ഒക്കെയായിരുന്നു. അന്നത്തെ പല സിനിമകളിലും ഞാനവരെ എടാ എന്ന് വിളിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ ആണ്’
‘അന്ന് ഒപ്പം അഭിനയിച്ചവരില്‍ യങ് ആക്ടേര്‍സ് കുറവായിരുന്നു. അതിനാല്‍ സെറ്റിലെത്തുമ്പോള്‍ ഒരു പ്രായത്തിലുള്ള ഏക വ്യക്തി പലപ്പോഴും നായിക ആയിരിക്കും. അത് കൊണ്ട് തന്നെ അന്ന് ഒപ്പം അഭിനയിച്ച നായികമാരെ ആണ് എനിക്ക് കൂടുതല്‍ അറിയാവുന്നത്. ഇന്ന് പക്ഷെ അപര്‍ണയെ പോലുള്ളവര്‍ എന്നേക്കാള്‍ ചെറുപ്പമാണ്.
എന്നേക്കാള്‍ 13 വയസ് ചെറുപ്പമാണ് അപര്‍ണ’. ‘അമര്‍ അക്ബര്‍ അന്തോണിയുടെ സെലിബ്രേഷന് സമയത്ത് നമിത പ്രമോദ് വന്ന് ഞാന്‍ മൂന്നാം ക്ലാസ് മുതല്‍ ചേട്ടന്റെ വലിയ ആരാധിക ആണെന്ന് പറഞ്ഞത് പോലെ ആണത്. അതിനാല്‍ തുറന്ന് പറഞ്ഞാല്‍ ഇവരൊന്നുമായി എനിക്ക് അടുത്ത ബന്ധം ഇല്ല,’ എന്നും പൃഥിരാജ് പറഞ്ഞു.
അതേസമയം, പൃഥിരാജിന്റെ നിരവധി സിനിമകള്‍ ആണ് അടുത്ത വര്‍ഷം വിവിധ ഭാഷകളിലായി വരാനുള്ളത്. തെലുങ്കില്‍ പ്രഭാസിനൊപ്പം അഭിനയിക്കുന്ന സലാര്‍ ആണ് ഇതിലൊന്ന്. മലയാളത്തില്‍ ആടുജീവിതം എന്ന സിനിമയും പുറത്തിറങ്ങാനുണ്ട്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്.
