News
ക്യാപ്റ്റന്‍ വിജയകാന്ത് വീണ്ടും വെള്ളിത്തിരയില്‍ എത്തും; സ്ഥിരീകരിച്ച് ഭാര്യ പ്രേമലത
ക്യാപ്റ്റന്‍ വിജയകാന്ത് വീണ്ടും വെള്ളിത്തിരയില്‍ എത്തും; സ്ഥിരീകരിച്ച് ഭാര്യ പ്രേമലത
അന്തരിച്ച തമിഴ് താരം ക്യാപ്റ്റന്‍ വിജയകാന്ത് വീണ്ടും വെള്ളിത്തിരയില്‍ എത്തുമെന്ന് ഭാര്യ പ്രേമലത. ദളപതി വിജയ് നായകനാവുന്ന ‘ഗോട്ട്’ എന്ന ചിത്രത്തിലാണ് ക്യാപ്റ്റന്‍ വിജയകാന്തിനെ കാണാന്‍ സാധിക്കുക. എ ഐ & ഡീഏജിംഗ് സംവിധാനം ഉപയോഗപ്പെടുത്തിയാണ് ‘ഗോട്ട്’ സിനിമയില്‍ വിജയകാന്തിനെ കൊണ്ടുവരിക.
വിജയകാന്തിനെ സിനിമയില്‍ പുനര്‍സൃഷ്ടിക്കാനായി വിജയ്യും സംവിധായകന് വെങ്കട്ട് പ്രഭുവും തന്നോട് അനുവാദം ചോദിച്ചിരുന്നെന്ന് പ്രേമലത ഗലാട്ട മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
വിജയകാന്തിനെ എ ഐ മുഖേന അവതരിപ്പിക്കുന്നതിനുള്ള അനുമതിക്കായി സംവിധായകന് വെങ്കട്ട് പ്രഭു ഒന്നിലധികം തവണ പ്രേമലതയെ സമീപിച്ചിരുന്നു.വിജയ്ക്കും വിജയകാന്തിനും പരസ്പരം ഉണ്ടായിരുന്ന ബഹുമാനത്തെ പ്രശംസിച്ച പ്രേമലത, വിജയ് ഉന്നയിച്ച ഒരു അഭ്യര്‍ത്ഥന തനിക്ക് നിഷേധിക്കാനാവില്ലെന്നും വിജയകാന്ത് ഉണ്ടായിരുന്നെങ്കില്‍ എന്താണോ ചെയ്യുക അതാണ് താന്‍ ചെയ്യുന്നതെന്നും പറഞ്ഞു.
തമിഴ്നാട്ടിലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇത് സംബന്ധിച്ച് വിജയുമായി ചര്‍ച്ച നടത്തുമെന്നും പ്രേമലത പറഞ്ഞു. നിലവില്‍ ഗോട്ടിന്റെ ചിത്രീകരണം റഷ്യയില്‍ പുരോഗമിക്കുകയാണ്.
സെപ്തംബര്‍ അഞ്ചിനാണ് ചിത്രം വെള്ളിത്തിരയില്‍ എത്തുക. കേരളമടക്കമുള്ള സ്ഥലങ്ങളില്‍ ചിത്രീകരിച്ച ഗോട്ട് സിനിമ ഹോളിവുഡ് ചിത്രം ജെമിനി മാന്റെ റീമേക്ക് ആണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജെമിനി മാനില്‍ വില്‍ സ്മിത്ത് ആയിരുന്നു നായകനായത്.
രണ്ട് ഗെറ്റപ്പിലാണ് വിജയ് ഗോട്ടില്‍ അഭിനയിക്കുന്നത്. പ്രശാന്ത്, പ്രഭുദേവ, സ്നേഹ, ലൈല, മോഹന്‍, മീനാക്ഷി ചൗധരി, യോഗി ബാബു, അജ്മല്‍, ജയറാം, യുഗേന്ദ്രന്‍, വൈഭവ്, പ്രേംജി, അരവിന്ദ് ആകാശ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. യുവന് ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
