Connect with us

സിയേറ നെവാഡയിൽ നിന്നുള്ള ട്രെക്കിങ് ചിത്രങ്ങളുമായി പ്രണവ്; ഇതൊക്കെയാണ് ജീവിതമെന്ന് ആരാധകർ

Malayalam

സിയേറ നെവാഡയിൽ നിന്നുള്ള ട്രെക്കിങ് ചിത്രങ്ങളുമായി പ്രണവ്; ഇതൊക്കെയാണ് ജീവിതമെന്ന് ആരാധകർ

സിയേറ നെവാഡയിൽ നിന്നുള്ള ട്രെക്കിങ് ചിത്രങ്ങളുമായി പ്രണവ്; ഇതൊക്കെയാണ് ജീവിതമെന്ന് ആരാധകർ

സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. തുടക്കത്തിൽ താരപുത്രൻ എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും പിന്നീട് സ്വന്തം വ്യക്തിത്വത്തിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. അച്ഛന്റെ പണത്തിലും പ്രതാപത്തിലും ജീവിക്കാത്ത തന്റെ സന്തോഷങ്ങളെ മുറുകെ പിടിച്ച് സിനിമയെക്കാളുപരി യാത്രകളെ പ്രണയിച്ച യുവതാരമാണ് പ്രണവ് മോഹൻലാൽ.

ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ് പല യുവാക്കളും. മോഹൻലാലിന്റെ കുട്ടിക്കാലം അഭിനയിച്ച് കൊണ്ടായിരുന്നു മകൻ പ്രണവ് മോഹൻലാൽ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മേജർ രവിയുടെ പുനർജനിയെന്ന ചിത്രത്തിൽ വേഷമിട്ട് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരവും താരം നേടിയെടുത്തു.

സിയേറ നെവാഡയിൽ നിന്നുള്ള ട്രെക്കിങ് ചിത്രങ്ങളും മരത്തിനു മുകളിൽ കയറുന്നതും മലനിരകളുടെ ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് എത്തിയിരിക്കുകയാണ് പ്രണവ് മോഹൻലാൽ. സ്പെയിനിൽ, സിയറ നെവാഡ എന്നാണ് പ്രണവ് ചിത്രങ്ങൾക്കൊപ്പം കൊടുത്തിരിക്കുന്നത്. മഞ്ഞ് മൂടിയ പർവ്വതനിര എന്നാണ് സ്പെയിനിൽ ഈ വാക്കിന്റെ അർത്ഥം.

തമാശ നിറഞ്ഞ നിരവധി കമന്റുകളാണ് ചിത്രത്തിനു താഴെ. ലോകത്ത് ഏറ്റവും കൂടുതൽ സമാധാനമനുഭവിക്കുന്ന മനുഷ്യനാണെന്നും ‘വിനീതേ അടുത്ത പടമാകുമ്പോൾ വിളിച്ചാൽ മതി ഞാനൊന്ന് മരത്തിൽ കയറിയിട്ടുവരാം. ഇവിടെ എന്തെല്ലാം ബഹളം നടക്കുന്നു പുള്ളി ഇത് വല്ലൊ അറിയിന്നുണ്ടോ ആവോ?, ഇതൊക്കെയാണ് ജീവിതം എന്നിങ്ങനെ പോകുന്നു കമന്റുകൾ.

കാലിഫോർണിയയിലെ സിയേറ നെവാഡയിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളും പ്രണവ് പങ്കുവെച്ചിട്ടുണ്ട്. മലനിരകളിലൂടെ ട്രക്കിങ് നടത്തുന്നതിൻ്റെയും മറ്റും ചിത്രങ്ങളും പ്രണവ് പോസ്റ്റ് ചെയ്തിട്ടുണ്ട്. കാലിഫോർണിയൻ മധ്യതാഴ്‌വരകൾക്കും ഗ്രേറ്റ് ബേസിനുമിടയിലാണ് സിയേറ നെവാഡ സ്ഥിതി ചെയ്യുന്നത്. ടാഹോ തടാകം, വിറ്റ്‌നി പർവതനിരകൾ, യോസെമേറ്റി താഴ്‌വര എന്നിവയൊക്കെയാണ് സിയേറ നെവാഡയുടെ പ്രധാനാകർഷണങ്ങൾ. കാലിഫോർണിയയിലെ പ്രധാന ജലസ്രോതസ്സുകളിലൊന്നാണ് സിയെറ നെവാഡ മലനിരകളിലെ മഞ്ഞുപാളികൾ.

യാത്രയെ പാഷനാക്കി വളരെ ലളിതമായ ജീവിതം നയിക്കുന്ന പ്രണവിനെ കുറിച്ചുള്ള വാർത്തകളാണ് എപ്പോഴും വാർത്തകളിൽ നിറയുന്നത്. അതിനിടെ നടൻ തെലുങ്കിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നുവെന്നുള്ള വിവരവും പുറത്തെത്തുന്നുണ്ട്. ‘ജനത ഗാരേജ്’, ‘ദേവരാ’ എന്നീ സിനിമകൾക്ക് ശേഷം കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലൂടെയാണ് നടൻ തെലുങ്കിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നത്. കൃതി ഷെട്ടിയാണ് നായികയായി എത്തുന്നത്.

ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുമെന്നാണ് ചില തെലുങ്ക് മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നത്. ‘പുഷ്പ’, ‘പുഷ്പ 2’, ‘ജനത ഗാരേജ്’ തുടങ്ങിയ സിനിമകൾ നിർമിച്ച മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. പ്രണവിനൊപ്പം മറ്റൊരു തെലുങ്ക് നടനും ചിത്രത്തിലുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

‘കിൽ’ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ രാഘവ് ജുയലും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു റൊമാന്റിക് ആക്ഷൻ ഴോണറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ഹരീഷ് കല്യാൺ, നിത്യ മേനോൻ, കാവ്യ ഥാപ്പർ, നവീൻ പോളി ഷെട്ടി, കാശ്മീരാ, ചേതൻ കുമാർ തുടങ്ങി നിരവധി താരങ്ങളും വേഷമിടുന്നുണ്ട്.

എന്നാൽ സിനിമയിലെ കാസ്റ്റിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തിലാണ് പ്രണവ് അവസാനമായി അഭിനയിച്ചത്. മികച്ച പ്രതികരണം നേടിയ ചിത്രം 80 കോടിയോളമാണ് ബോക്സ് ഓഫീസിൽ നിന്നും സ്വന്തമാക്കിയത്.

More in Malayalam

Trending