News
സ്വത്ത് പണയം വെച്ച് 21 കോടിയുടെ ലോണ്‍ എടുത്ത് പ്രഭാസ്; നടന് എന്ത് പറ്റിയെന്ന് തിരക്കി ആരാധകര്‍
സ്വത്ത് പണയം വെച്ച് 21 കോടിയുടെ ലോണ്‍ എടുത്ത് പ്രഭാസ്; നടന് എന്ത് പറ്റിയെന്ന് തിരക്കി ആരാധകര്‍
തെലുങ്കില്‍ മാത്രമല്ല, ഇന്ന് തെന്നിന്ത്യയിലാകെ നിരവധി ആരാധകരുള്ള താരമാണ് പ്രഭാസ്. ബാഹുബലി എന്ന ചിത്രത്തിലൂടെയാണ് പ്രഭാസിന്റെ കരിയര്‍ തന്നെ മാറി മറിയുന്നത്. പ്രഭാസിന്റെ താരമൂല്യവും പ്രതിഫലവും കരിയര്‍ ഗ്രാഫും കുത്തനെ ഉയര്‍ന്നത് തന്നെ ഈ ചിത്രത്തിലൂടെയായിരുന്നു.
എന്നാല്‍ ബാഹുബലിയ്ക്ക് ശേഷം പ്രഭാസിന്റെ കരിയറില്‍ അത്രയേറെ വിജയം സൃഷ്ടിച്ച ചിത്രം ഉണ്ടായിരുന്നില്ല. താരത്തിന്റേതായി പുറത്തെത്തിയ രാധേ ശ്യാം എന്ന സിനിമ വന്‍ പരാജയം ആയിരുന്നു. സാഹോയും വലിയ പരാജയമായിരുന്നു. ഇനി വരാനിരിക്കുന്നത് ആദിപുരുഷ് എന്ന ചിത്രമാണ്.
എന്നാല്‍ ചിത്രത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. കാര്‍ട്ടൂണിന് സമാനമായ വിഎഫ്എക്സ് ആണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നതെന്നാണ് ടീസര്‍ കണ്ട ശേഷം പലരും അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ പ്രഭാസിനെക്കുറിച്ച് പുതിയാെരു വിവരമാണ് തെലുങ്ക് മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്. തന്റെ സ്വത്തുക്കളില്‍ ചിലത് വെച്ച് 21 കോടിയുടെ ലോണ്‍ എടുത്തിരിക്കുകയാണത്രെ പ്രഭാസ്.
പ്രഭാസിനെ പോലെ വലിയൊരു താരം എന്തിനാണ് 21 കോടിയുടെ ലോണ്‍ എടുക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ ചോദ്യം. നടന് ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം നൂറ് കോടിയോളമാണ്. നടന് ബിസിനസില്‍ ഇന്‍വെസ്റ്റ് ചെയ്യുകയാണെന്നും അഭ്യൂഹമുണ്ട്. രാധേ ശ്യാം എന്ന സിനിമയുടെ പരാജയത്തിന് ശേഷമാണ് പ്രഭാസിന്റെ മാര്‍ക്കറ്റില്‍ ഇടിവ് വന്നത്.
പൊതുവെ വാണിജ്യ സിനിമകളുടെ വിളനിലമായ തെലുങ്ക് സിനിമയില്‍ പ്രഭാസിന്റെ ഒരു സിനിമയ്ക്ക് വരുന്ന മുടക്കു മുതല്‍ കോടികളാണ്. 500 കോടി ആണത്രെ പ്രൊജക്ട് കെ എന്ന സിനിമയുടെ ബജറ്റ്. തുടരെ വന്ന സിനിമകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഒരു വിജയം പ്രഭാസിനെ സംബന്ധിച്ച് അനിവാര്യമാണ്.
ആദിപുരുഷ് പരാജയപ്പെട്ടാല്‍ നടന്റെ കരിയറിനെ വലിയ തോതില്‍ ബാധിച്ചേക്കും. രാമായണ കഥ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ സെയ്ഫ് അലി ഖാന്, കൃതി സനോന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ഓം റൗത്ത് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പ്രൊജക്ട് കെയില്‍ ദീപിക പദുകോണ്‍, അമിതാഭ് ബച്ചന് എന്നിവരും പ്രഭാസിനൊപ്പം അഭിനയിക്കുന്നു.
