Actor
നിങ്ങളില്ലെങ്കിൽ ഞാൻ വട്ട പൂജ്യമാണ്, കൽക്കിയുടെ വിജയത്തിന് പിന്നാലെ നന്ദി പറഞ്ഞ് പ്രഭാസ്
നിങ്ങളില്ലെങ്കിൽ ഞാൻ വട്ട പൂജ്യമാണ്, കൽക്കിയുടെ വിജയത്തിന് പിന്നാലെ നന്ദി പറഞ്ഞ് പ്രഭാസ്
നിരവധി ആരാധകരുള്ള താരമാണ് പ്രഭാസ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറച്ച് ദിവസങ്ങൾക്ക് മു്നപായിരുന്നു ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് താരത്തിന്റെ കൽക്കി 2898 എഡി എന്ന ചിത്രം പുറത്തെത്തിയത്. ആദ്യദിനം തന്നെ ബോക്സോഫീസ് റെക്കോർഡുകൾ ഭേദിച്ചായിരുന്നു ചിത്രത്തിന്റെ കുതിപ്പ് .
ഇപ്പോഴിതാ ചിത്രത്തിന്റെ വമ്പൻ വിജയത്തിന് പ്രേക്ഷകരോട് നന്ദി പറഞ്ഞിരിക്കുകയാണ് പ്രഭാസ്. നടന്റെ വാക്കുകൾ ഇങ്ങനെ;
എന്റെ ആരാധകരെ, ഇത്രയും വലിയ ഒരു ഹിറ്റ് നൽകിയതിന് ഒരുപാട് നന്ദി, നിങ്ങളില്ലെങ്കിൽ ഞാൻ വട്ട പൂജ്യമാണ്. സംവിധായകൻ നാഗ് അശ്വിന് ഒരുപാട് നന്ദി അറിയിക്കുന്നു. അഞ്ച് വർഷമാണ് അദ്ദേഹം ഈ സിനിമയ്ക്കായി കഷ്ടപ്പെട്ടത്. ഇത്രയും വലിയൊരു ബ്രഹ്മാണ്ഡ ചിത്രമൊരുക്കാൻ തയ്യാറായ നിർമ്മാതാക്കൾക്കും ഈ വേളയിൽ ഒരുപാട് നന്ദി പറയുന്നു. വളരെയധികം ധൈര്യമുള്ള നിർമ്മാതാക്കളാണ് അവർ.
സിനിമയ്ക്ക് വേണ്ടി അവർ പണം ചെലവഴിക്കുന്നത് കണ്ട് ഞങ്ങളെല്ലാവരും വളരെ ആശങ്കയിലായിരുന്നു. നിർമ്മാതാക്കളായ അശ്വിനി ദത്ത്, സ്വപ്ന ദത്ത്, പ്രിയങ്ക ദത്ത് എന്നിവരോട് ഞാൻ ചോദിക്കുകയും ചെയ്തിരുന്നു, ‘നമ്മൾ ഈ സിനിമയ്ക്കായി ഒരുപാട് ചെലവഴിക്കുന്നുണ്ട് അല്ലേ എന്ന്’, ‘അതോർത്ത് പേടിക്കേണ്ട, വലിയ ഹിറ്റാകാൻ പോകുന്ന ഒരു സിനിമയാണ് നമ്മൾ നിർമ്മിക്കുന്നത്. അതുകൊണ്ട് തന്നെ ഉയർന്ന ക്വാളിറ്റിയിൽ തന്നെ ഒരുക്കണമെന്നാണ് അവർ പറഞ്ഞത്.
എനിക്ക് ഇതുപോലൊരു അവസരം നൽകിയതിന് നിർമാതാക്കളോടും സംവിധായകൻ നാഗിനോടും ഒരുപാട് നന്ദി. കാരണം ഈ ചിത്രത്തിലൂടെ എനിക്ക് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ലജൻഡുമാരോടൊപ്പം അഭിനയിക്കാൻ സാധിച്ചു. അമിതാഭ് ബച്ചൻ, കമൽഹാസൻ..നമ്മളെല്ലാവരും അവരുടെ വളർച്ച കണ്ടാണ് വളർന്നത്.
നിങ്ങളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. ദീപിക പദുക്കോണിനും ഒരുപാട് നന്ദി. നമുക്കറിയാം ഇതിലും വലിയ ഒരു ഭാഗമാണ് ഇനി കാണാനിരിക്കുന്നത്. എൻറെ ആരാധകർക്ക് ഒരുപാട് നന്ദി’ എന്നാണ് കൽക്കിയുടെ നിർമ്മാതാക്കളായ വൈജയന്തി മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെ പ്രഭാസ് പറഞ്ഞത്.
2024 ജൂൺ 27നായിരുന്നു ചിത്രം തീയറ്ററുകളിലെത്തിയത്. ആഗോള കളക്ഷനിലും ചിത്രം 1400 കോടി കടന്ന് വിജയക്കുതിപ്പ് തുടരുകയാണ്. ഇന്ത്യയിൽ നിന്ന് മാത്രം 500 കോടിയിലധികവും സ്വന്തമാക്കി. പ്രഭാസിൻറെ ആദ്യ 1000 കോടി സിനിമയാണ് കൽക്കി 2898 എഡി.
ഇന്ത്യയിലും പുറത്തും ഒരേ പോലെ മികച്ച സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ചിത്രം കേരളത്തിൽ വേഫറർ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്.
ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. മഹാനടിക്ക് ശേഷം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്.
