Actor
വര്‍ഷങ്ങള്‍ നീണ്ട വേദനയ്ക്ക് ആശ്വാസം; യൂറോപ്പിലെ ശസ്ത്രക്രിയയ്ക്ക് ശേഷം നാട്ടിലെത്തി പ്രഭാസ്
വര്‍ഷങ്ങള്‍ നീണ്ട വേദനയ്ക്ക് ആശ്വാസം; യൂറോപ്പിലെ ശസ്ത്രക്രിയയ്ക്ക് ശേഷം നാട്ടിലെത്തി പ്രഭാസ്
തെന്നിന്ത്യയയില്‍ നിരവധി ആരാധകരുള്ള നടനാണ് പ്രഭാസ്. എസ് എസ് രാജമൗലിയുടെ ഓള് ടൈം ഹിറ്റായ ബാഹുബലിയിലൂടെയാണ് പ്രഭാസ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. എന്നാല്‍ ഇതിന് ശേഷം നടന് കാര്യമായ വിജയ ചിത്രങ്ങളൊന്നും തന്നെ ലഭിച്ചിരുന്നില്ല. നടനെ കുറച്ച് നാളുകളായി ശാരീരിക ബുദ്ധിമുട്ടുകള്‍ അസ്വസ്ഥനാക്കിയിരുന്നു.
പ്രൊഫഷണല്‍ തിരക്ക് കാരണം ശസ്ത്രക്രിയയ്ക്കും വിശ്രമത്തിനും നില്‍ക്കാതെ താല്‍ക്കാലിക പരിഹാരങ്ങള്‍ മാത്രമാണ് കണ്ടെത്തിയിരുന്നത്. ശസ്ത്രക്രിയ മാത്രമാണ് ഇനിയുള്ള പരിഹാരമെന്നും വേദന മുന്നോട്ടുള്ള തന്റെ പ്രയാണത്തെ ബാധിക്കുമെന്നും തിരിച്ചറിഞ്ഞപ്പോഴുമാണ് ചികിത്സക്ക് വിധേയനായത്. യൂറോപ്പിലെ ചികിത്സയ്ക്ക് ശേഷം 15 ദിവസത്തില്‍ തിരിച്ചെത്താനിരുന്ന അദ്ദേഹം ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഒരു മാസം വിശ്രമം സ്വീകരിച്ചാണ് ഇന്ത്യയിലേക്ക് എത്തുന്നത്.
കാല്‍മുട്ടുകളിലെ വേദനയായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു പ്രശ്നം. ഇപ്പോള്‍ അതിനായുള്ള ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയിരിക്കുകയാണ് നടന്. വര്‍ഷങ്ങള്‍ നീണ്ട വേദനയ്ക്ക് ഇപ്പോഴാണ് യൂറോപ്പില്‍ പോയി താരം ശസ്ത്രക്രിയ നടത്തിയത്. ഈ വേദനയില്‍ നിരവധി സിനിമകളും അദ്ദേഹം പൂര്‍ത്തിയാക്കി.
അതേസമയം, ‘കല്‍ക്കി 2898 എഡി’ ആണ് ഇനി പ്രദര്‍ശനത്തിനെത്തുന്ന പ്രഭാസ് ചിത്രം. നടനൊപ്പം കമല്‍ ഹാസന്, അമിതാഭ ബച്ചന്, ദീപിക പദുക്കോണ്‍, ദിഷ പഠാനി, പശുപതി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
നടന് ദുല്‍ഖര്‍ സല്‍മാനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. കൂടാതെ കല്‍ക്കിയുടെ കേരളത്തിലെ പ്രദര്‍ശനാവകാശം ദുല്‍ഖറിന്റെ വേഫറെര്‍ ഫിലിംസിനാണ് എന്നുള്ള റിപ്പോര്‍ട്ടുകളും എത്തുന്നുണ്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല. നാഗ് അശ്വിന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 600 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.
