News
ബഹിഷ്‌കരണാഹ്വാനങ്ങള്‍ക്കിടെ പത്താന്‍ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍; വൈറലായി വീഡിയോ
ബഹിഷ്‌കരണാഹ്വാനങ്ങള്‍ക്കിടെ പത്താന്‍ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍; വൈറലായി വീഡിയോ
ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രമാണ് പത്താന്‍. ചിത്രത്തിന്റെ റിലീസിന് മുന്നേ തന്നെ വിവാദങ്ങളിലും ചിത്രം ഇടം നേടിയിരുന്നു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രമെന്ന നിലയിലും ചിത്രം ഏറെ പ്രതീക്ഷകള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്.
ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന പ്രമോഷന്‍ മെറ്റീരിയലുകള്‍ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ബുര്‍ജ് ഖലീഫയില്‍ ചിത്രത്തിന്റെ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ശ്രദ്ധിക്കപ്പെടുന്നത്. ബുര്‍ജ് ഖലീഫയില്‍ ട്രെയിലര്‍ കാണിക്കുമ്പോള്‍ അത് നോക്കി നില്‍ക്കുന്ന ഷാരൂഖ് ഖാനെ വീഡിയോയില്‍ കാണാം.
തന്റെ സിഗ്‌നേച്ചര്‍ സ്‌റ്റെപ്പും ആരാധകര്‍ക്കായി ഷാരൂഖ് ചെയ്യുന്നുണ്ട്. പത്താന്റെ പ്രമോഷന്റെ ഭാഗമായാണ് ഷാരൂഖും സംഘവും ദുബൈയില്‍ എത്തിയത്. ബഹിഷ്‌കരണാഹ്വാനങ്ങള്‍ക്കിടെ പത്താന്‍ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചതോടെ അഭിമാന നിമിഷമാണിതെന്നാണ് ആരാധകര്‍ പറയുന്നത്.
ഷാരൂഖ് ഖാനൊപ്പം ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജനുവരി 25 ന് തിയേറ്ററിലെത്തും. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ത്ഥ് ആനന്ദ് ആണ്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
പാത്താനിലെ ആദ്യ വീഡിയോ ഗാനത്തില്‍ ദീപിക പദുകോണ്‍ ധരിച്ച ബിക്കിനിയുടെ നിറത്തെച്ചൊല്ലി ബഹിഷ്‌കരണാഹ്വാനങ്ങളും വിവാദങ്ങളും ഉയര്‍ന്നിരുന്നു. യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് പഠാന് ലഭിച്ചിരിക്കുന്നത്. ആകെ 10 കട്ടുകളാണ് ചിത്രത്തില്‍ ഉള്ളത്. ആമസോണ്‍ െ്രെപെം വീഡിയോ ആണ് പഠാന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 100 കോടി രൂപയ്ക്കാണ് അവകാശം വിറ്റുപോയതെന്നാണ് വിവരം.
