News
സാഹോ മുതല്‍ ക്യാപ്റ്റന്‍ അമേരിക്ക വരെയുണ്ട്; ഷാരൂഖ് ഖാന് ചിത്രം പത്താനെതിരെ രൂക്ഷ വിമര്‍ശനം
സാഹോ മുതല്‍ ക്യാപ്റ്റന്‍ അമേരിക്ക വരെയുണ്ട്; ഷാരൂഖ് ഖാന് ചിത്രം പത്താനെതിരെ രൂക്ഷ വിമര്‍ശനം
ഇന്നലെയായിരുന്നു കിംഗ് ഖാന് ഷാരൂഖ് ഖാന് ചിത്രമായ പത്താനിലെ ടീസര്‍ പുറത്തുവന്നത്. സൂപ്പര്‍താരത്തിന്റെ തിരിച്ചുവരവായി കണക്കാക്കുന്ന ചിത്രത്തിന്റെ ടീസറിന് വന്‍ വരവേല്‍പ്പാണ് നല്‍കിയത്. എന്നാല്‍ ഇപ്പോഴിതാ ടീസര്‍ കോപ്പിയടിയാണെന്ന ആരോപണമാണ് നേരിടുന്നത്. പല സിനിമകളിലേയും സീനുകള്‍ കോപ്പിയടിച്ചെന്നാണ് ഒരു വിഭാഗത്തിന്റെ പരിഹാസം.
ജെറ്റ്പാക്ക് ഉപയോഗിച്ച് ഷാരുഖാന് പറക്കുന്ന രംഗം ടീസറിലുണ്ട്. ഇതിനെ 2018ല്‍ പുറത്തിറങ്ങിയ പ്രഭാസ് ചിത്രം സഹോയിലെ രംഗവുമായാണ് താരതമ്യം ചെയ്യുന്നത്. ബൈക്ക് ഓടിച്ചെത്തി ടാങ്കറിന് ബോംബ് എറിയുന്ന രംഗം 2005 ചിത്രം ദസിലെ ആണെന്നാണ് പറയുന്നത്. കൂടാതെ ഹൃത്വിക് റോഷനും ടൈഗര്‍ ഷറോഫും അഭിനയിച്ച വാര് സിനിമയിലെ രംഗവുമായി സാമ്യമുണ്ടെന്നും ആരോപണമുണ്ട്.
പത്താന്റെ വിഎഫ്എസിനെ രൂക്ഷമായി വിമര്‍ശിച്ചും കമന്റുകള്‍ എത്തുന്നുണ്ട്. ഹോളിവുഡിലെ ബി ഗ്രേഡ് ആക്ഷന്‍ മൂവി പോലെയുണ്ട് എന്നായിരുന്നു ഒരാളുടെ കമന്റ്. ക്യാപ്റ്റന്‍ അമേരിക്ക, ഡൈ അനതര്‍ ഡേ തുടങ്ങിയ സിനിമകളിലെ രംഗങ്ങളുമായും ടീസറിനെ താരതമ്യം ചെയ്യുന്നുണ്ട്. എന്നാല്‍ ടീസര്‍ ഷാരുഖ് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. തിരിച്ചുവരവ് കിങ് ഖാന് ഗംഭീരമാക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരുഖ് ഖാന് തിരിച്ചെത്തുന്ന ചിത്രമാണ് പത്താന്. ചിത്രത്തില്‍ ഇന്ത്യന്‍ സ്പൈയുടെ വേഷത്തിലാണ് എത്തുന്നത്. ദീപിക് പദുക്കോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാമും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അടുത്തവര്‍ഷം ജനുവരി 25നാണ് ചിത്രം തിയറ്ററില്‍ എത്തുക.
