News
മയക്കുമരുന്ന് കേസ്; തെന്നിന്ത്യന്‍ താരം റാണ ദഗ്ഗുബാട്ടിക്ക് എന്‍സിബി നോട്ടീസ് അയച്ചു
മയക്കുമരുന്ന് കേസ്; തെന്നിന്ത്യന്‍ താരം റാണ ദഗ്ഗുബാട്ടിക്ക് എന്‍സിബി നോട്ടീസ് അയച്ചു
മയക്കുമരുന്ന് കേസില്‍ തെന്നിന്ത്യന്‍ താരം റാണ ദഗ്ഗുബാട്ടിക്ക് എന്‍സിബി നോട്ടീസ് അയച്ചു. താരങ്ങളായ രാകുല്‍ പ്രീത് സിങ്ങ്, രവി തേജ എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. അതേസമയം തെലുങ്ക് സംവിധായകന് പുരി ജഗന്നാഥിനെ ഇഡി അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുകയാണ്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണം വെളുപ്പിക്കലിനെ തുടര്‍ന്ന് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് പുരി ജഗന്നാഥിനെ ചോദ്യം ചെയ്യുന്നത്.
കുറച്ച് ആഴ്ച്ചകള്‍ക്ക് മുമ്പാണ് ഏകദേശം 30 കോടി വല വരുന്ന മയക്കുമരുന്ന് തെലുങ്കാനയില്‍ നിന്ന് പിടികൂടിയത്. ഇത് വിതരണം ചെയ്തത് തെലുങ്കു സിനിമ മേഖലയിലാണെന്നും താരങ്ങള്‍ മയക്കുമരുന്ന് വാങ്ങിയിരിക്കാം എന്ന സംശയത്തെ തുടര്‍ന്നാണ് കൂടുതല്‍ പേരിലേക്ക് എന്‍സിബി അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ ദിവസം മയക്കുമരുന്ന് കേസില്‍ തെന്നിന്ത്യന്‍ നടിയും മോഡലുമായ സോണിയ അഗര്‍വാള്‍ അറസ്റ്റിലായിരുന്നു . നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയാണ് താരത്തെ (എന്‍.സി.ബി) കസ്റ്റഡിയിലെടുത്തത്. നടിയുടെ ഫ്ലാറ്റില്‍ നിന്ന് മയക്കുമരുന്നും കഞ്ചാവും കണ്ടെടുത്തതിനെ തുടര്‍ന്നാണ് അറസ്റ്റ്.
ഇന്നലെ കര്‍ണ്ണാടക അതിര്‍ത്തിയില്‍ നിന്ന് 21 കോടി രൂപയുടെ കഞ്ചാവ് എന്‍സിബി പിടികൂടിയിരുന്നു. ഇത് സംബന്ധിച്ച അന്വേഷണത്തിലാണ് സോണിയ പിടിയിലായത്. കന്നഡ നടന് ഭരത്, ഡിജെ ചിന്നപ്പ എന്നിവരും എന്‍.സി.ബിയുടെ പിടിയിലായിട്ടുണ്ട്. കന്നഡയിലെ പ്രമുഖ നടിമാരായ സജ്ഞന ഗല്‍റാണി, രാഗ്വിണി ദിവേദി എന്നിവരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ബംഗ്ലൂര് പൊലീസ് ഇത് സംബന്ധിച്ച വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതോടൊപ്പം കന്നഡ സിനിമ മേഖലയില്‍ വന്‍ മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.
