മാതൃകാപരമായ പ്രവര്‍ത്തനം, അദ്ദേഹം തക്കതായ പ്രതിഫലത്തിന് അര്‍ഹനാണ്; സല്മാന് ഖാനെ തടഞ്ഞ ഉദ്യോഗസ്ഥനെ പ്രശംസിച്ച് സി.ഐ.എസ്.എഫ്
മുംബൈ വിമാനത്താവളത്തില്‍ വരി തെറ്റിച്ച ബോളിവുഡ് നടന് സല്മാന് ഖാനോട് ലൈനില്‍ നില്ക്കാന് ആവശ്യപ്പെട്ട സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. റഷ്യയിലേക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു നടന്.
സല്മാന് ഖാനെ തടഞ്ഞ ഉദ്യോഗസ്ഥനെ പ്രശംസിച്ച് സി.ഐ.എസ്.എഫ്. മാതൃകാപരമായ പ്രവര്‍ത്തനമായിരുന്നു ഉദ്യോഗസ്ഥന്റേതെന്നും, അദ്ദേഹം തക്കതായ പ്രതിഫലത്തിന് അര്‍ഹനാണെന്നും സി.ഐ.എസ്.എഫ് ട്വീറ്റ് ചെയ്തു. കൂടാതെ ഉദ്യോഗസ്ഥനെതിരായ പ്രചാരണങ്ങള്‍ വ്യാജമാണെന്നും വസ്തുതാവിരുദ്ധമാണെന്നും സി.ഐ.എസ്.എഫ് വ്യക്തമാക്കി.
ആഗസ്റ്റ് 20നായിരുന്നു സംഭവം. റഷ്യയിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയതായിരുന്നു സല്മാന് ഖാന്. ക്യൂ പാലിക്കാതെ അകത്തേക്ക് കടക്കാന്‍ ശ്രമിക്കുന്ന വേളയില്‍ ലൈനിന് പിന്നില്‍ നില്ക്കാന് ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടു. നടന് ആവശ്യത്തോട് സഹകരിക്കുകയും ചെയ്തു. സല്മാന് ഭായിയാണ് എന്ന് കൂടെയുള്ളവര്‍ പറയുന്നതിനൊപ്പം നിങ്ങള്‍ കൂടി പിന്നോട്ട് നില്ക്കൂ എന്ന് ഉദ്യോഗസ്ഥന് അവരോട് തിരിച്ചു പറയുന്നതും കേള്‍ക്കാം.
കറുത്ത ടീഷര്‍ട്ടും ജീന്‍സുമണിഞ്ഞാണ് താരമെത്തിയത്. ടൈഗര്‍ 3യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് സല്മാന് റഷ്യയിലേക്ക് തിരിച്ചത്. കത്രീന കൈഫും ഇംറാന്‍ ഹാഷ്മിയും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. റഷ്യയ്ക്ക് പുറമേ, ഓസ്ട്രിയയിലും തുര്‍ക്കിയിലും സിനിമയുടെ ഷൂട്ടിങ്ങുണ്ട്. മനീഷ് ശര്‍മ്മയാണ് സംവിധായകന്.
