News
കോവിഡ്; സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങായി ഷമീര്‍ മുഹമ്മദും ജോമോന് ടി ജോണും
കോവിഡ്; സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങായി ഷമീര്‍ മുഹമ്മദും ജോമോന് ടി ജോണും
കോവിഡിന്റെ പശ്ചാത്തലത്തിൽ ചലച്ചിത്ര തൊഴിലാളികള്‍ക്ക് സഹായവുമായി എഡിറ്റര്‍ ഷമീര്‍ മുഹമ്മദും ഛായാഗ്രാഹകന്‍ ജോമോന് ടി. ജോണും. ഒരു ലക്ഷം രൂപ വീതമാണ് ഫെഫ്കയ്ക്ക് ഇരുവരും സംഭാവന നല്‍കിയത്.
ഫെഫ്കയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.
”കോവിഡ് മഹാമാരി മൂലം ദുരിതത്തിലായ ചലച്ചിത്ര തൊഴിലാളികളെ സഹായിക്കുന്നതിലേക്ക് ഫെഫ്ക നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാനായി എഡിറ്റര്‍ ഷമീര്‍ മുഹമ്മദും, ജോമോന് ടി ജോണും ഓരോ ലക്ഷം രൂപ വീതം ഫെഫ്കയ്ക്ക് നല്കി. രണ്ടു പേര്‍ക്കും ഫെഫ്ക നന്ദി രേഖപ്പെടുത്തുന്നു” എന്നാണ് ഫെഫ്ക പങ്കുവച്ച കുറിപ്പ്.
അതേസമയം, കോവിഡ് ബാധിച്ചവര്‍ക്ക് സഹായമേകാന്‍ കോവിഡ് സ്വാന്തന പദ്ധതിയുമായും ഫെഫ്ക എത്തുന്നുണ്ട്. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ കോവിഡ് വന്നു പോയവര്‍ക്കും, ഇപ്പോള്‍ ചികിത്സയിലുള്ളവര്ക്കുമാണ് ഫെഫ്കയുടെ സഹായം.
കോവിഡ് ചികിത്സയില്‍ ഉള്ളവര്‍ക്ക് ഭക്ഷണം, ഓക്സിമീറ്റര്‍, തെര്‍മ്മൊമീറ്റര്‍, വിറ്റാമിന്‍ ഗുളിഗകള്, അനുബന്ധ മരുന്നുകള്‍, ഗ്ലൗസ്, മാസ്കുകള്‍ തുടങ്ങിയവ അടങ്ങിയ കിറ്റും ഫെഫ്ക വിതരണം ചെയ്യും. കോവിഡ് വന്ന് മരിച്ചവരുടെ ആശ്രിതര്‍ക്ക് 50,000 രൂപയുടെ സഹായവും നല്‍കും.
