News
ഒഎന്‍വി സാഹിത്യ പുരസ്കാരം വേണ്ടെന്നുവെച്ച് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു
ഒഎന്‍വി സാഹിത്യ പുരസ്കാരം വേണ്ടെന്നുവെച്ച് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു
ഒഎന്‍വി സാഹിത്യ പുരസ്കാരം വേണ്ടെന്നുവെച്ച് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒഎന്‍വി പുരസ്കാരത്തിന് പരിഗണിച്ചതിന് നന്ദിയെന്നും വൈരമുത്തു പറഞ്ഞു.
വൈരമുത്തുവിന് എതിരായ മീടൂ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് അവാര്‍ഡ് നല്കുന്നതില് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തീരുമാനം പുനപരിശോധിക്കുമെന്ന് അവാര്‍ഡ് നിർണ്ണായക സമിതി അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വൈരുമുത്തുവിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് ഈ വര്‍ഷത്തെ ഒഎന്‍വി സാഹിത്യ പുരസ്കാരത്തിന് വൈരമുത്തു അര്‍ഹനായതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
ഇതോടെ നടി റിമ കല്ലിങ്കലും പാര്‍വതിയും അടക്കമുള്ളവര്‍ വൈരമുത്തുവിന് എതിരെ രംഗത്തെത്തുകയായിരുന്നു. ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് 17 ഓളം സ്ത്രീകള്‍ വൈരമുത്തുവിന് എതിരെ രംഗത്തെത്തിയിട്ടുണ്ട് എന്നാണ് റിമ കല്ലിങ്കല്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
2018-ല്‍ മീ ടു കാമ്പയിനിന്റെ ഭാഗമായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു യുവതിയാണ് വൈരമുത്തുവിനെതിരേ ലൈംഗികാരോപണവുമായി ആദ്യം രംഗത്തെത്തിയത്. ഇതിന് പിന്നാലെ ഗായിക ചിന്മയി ശ്രീപാദയും ഗുരുതര ആരോപണവുമായി രംഗത്തെത്തി. ‘വൈരമുത്തുവിന് പുരസ്കാരം നല്കിയതു കണ്ട് അന്തരിച്ച ശ്രീ ഒ.എന്‍.വി കുറുപ്പ് അഭിമാനിക്കുന്നുണ്ടാകും’ എന്നാണ് ചിന്മയി പരിഹാസരൂപേണ കുറിച്ചത്.
