തന്റെ പേരു പറഞ്ഞ് പറ്റിക്കുന്നവരെ ട്രാക്ക് ചെയ്തുവരുന്നു; തട്ടിപ്പുകള്‍ അവസാനിപ്പിക്കണമെന്ന് സോനു സൂദ്
കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തിച്ച് നൽകുകയും അവരെയൊക്കെ സ്വന്തം നാട്ടിലെത്തിക്കുന്നതിന് ബസുകള്‍ സൗജന്യമായി ഏര്‍പ്പാടാക്കുകയും ചെയ്ത് വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു ബോളിവുഡ് നടൻ സോനു സൂദ്.
ഇപ്പോഴിതാ തന്റെ പേരിൽ ചിലര്‍ നടത്തുന്ന തട്ടിപ്പുകളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം .ഓരോ ദിവസവും തന്റെ പേരു പറഞ്ഞ് പുതിയ തട്ടിപ്പുകളാണ് കേൾക്കുന്നതെന്നും ഇത് അവസാനിപ്പിക്കണെന്നും അദ്ദേഹം സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്.
തന്റെ പേരു പറഞ്ഞ് സാധാരണക്കാരെ പറ്റിക്കുന്നവരെ ഓരോരുത്തരെയായി ട്രാക്ക് ചെയ്തുവരികയാണെന്നും അവരുടെ ഫോൺ നമ്പറുകള്‍ കണ്ടെത്തി നേരിട്ട് വിളിച്ചുവരികയാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ പേരിൽ വ്യാജ ഭവനവായ്പ പദ്ധതി തുടങ്ങിയ ചിലരെ കുറിച്ച് വിവരം ലഭിച്ചുവെന്നും സോനു സൂദ് എന്ന പേരിൽ വ്യാജ ഫൗണ്ടേഷനുകളുണ്ടാക്കിക്കൊണ്ട് സാധാരണക്കാർ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം തട്ടിയെടുക്കുന്നത് ഏറെ സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ്. തട്ടിപ്പുകാരിലൊരാളെ കണ്ടെത്തി അയോളോട് സംസാരിച്ചുവെന്നും മുന്നറിയിപ്പ് നൽകിയെന്നും അവർക്ക് മാന്യമായ ജോലി നൽകാമെന്നും പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. സോനു സൂദ് ഫൗണ്ടേഷൻ എന്ന പേരിൽ വ്യാജ സമ്മതപത്രമൊക്കെ ഉണ്ടാക്കി നടത്തുന്ന തട്ടിപ്പുകള്‍ക്കെതിരെ യു പി പൊലീസിലും മുംബൈ പൊലീസിലും കേസ് ഫയൽ ചെയ്തതായും അദ്ദേഹം അറിയിച്ചിട്ടുണ്ട്. സോനു സൂദ് ചാരിറ്റി ഫൗണ്ടേഷനിലൂടെ നിരവധി പേരിലേക്ക് സോനു സൂദ് ഇപ്പോഴും സഹായമെത്തിച്ച് നൽകുന്നുമുണ്ട്
