News
ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണിക്ക് ജാമ്യം
ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണിക്ക് ജാമ്യം
ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണിക്ക് ജാമ്യം. കര്‍ണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലായിരുന്നു നടപടി.
തനിക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നും ജാമ്യം ലഭിച്ചില്ലെങ്കില്‍ രക്തസ്രാവമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നുമാണ് ജാമ്യഹര്‍ജിയില്‍ സഞ്ജന കോടതിയെ അറിയിച്ചത്. ഇതോടെ നടിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ ആരോഗ്യ പരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടു. ആശുപത്രിയിലെ ആരോഗ്യ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്.
ബംഗളൂരു ലഹരിമരുന്ന് കേസില്‍ സെപ്റ്റംബര്‍ എട്ടിന് ആണ് സഞ്ജന അറസ്റ്റിലായത്. നടി രാഗിണി ദ്വിവേദിയും സഞ്ജനയ്ക്കൊപ്പം അറസ്റ്റിലായിരുന്നു. എന്നാല്‍ ഇവര്‍ക്ക് ജാമ്യം ലഭിച്ചിട്ടില്ല.
നിശാപാര്‍ട്ടികളില്‍ മയക്കുമരുന്ന് ഉപയോഗിച്ചതിനാണ് ഇവര്‍ അറസ്റ്റിലായത്. ഗോവ, മുംബൈ, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങള്‍ക്ക് പുറമേ വിദേശത്ത് നിന്നും ഇവര്‍ക്ക് മയക്കുമരുന്ന് ലഭിച്ചെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.
