News
അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി യൂനാനി ചികിത്സാ വിഭാഗത്തെ അടച്ചാക്ഷേപിക്കുന്ന പ്രവണത ശരിയല്ല, സിദ്ദിഖിനെ അംഗീകൃത യുനാനി ഡോക്ടര്‍മാര്‍ ചികിത്സിച്ചിട്ടില്ല; വാർത്ത കുറിപ്പ് പുറത്ത്
അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി യൂനാനി ചികിത്സാ വിഭാഗത്തെ അടച്ചാക്ഷേപിക്കുന്ന പ്രവണത ശരിയല്ല, സിദ്ദിഖിനെ അംഗീകൃത യുനാനി ഡോക്ടര്‍മാര്‍ ചികിത്സിച്ചിട്ടില്ല; വാർത്ത കുറിപ്പ് പുറത്ത്
ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച അതുല്യ പ്രതിഭയാണ് സിദ്ദീഖ്. എത്ര കണ്ടാലും വീണ്ടും കാണാന്‍ തോന്നിക്കുന്ന ഒരുപിടി നല്ല ചിത്രങ്ങള്‍ തന്ന് അദ്ദേഹം ഓര്‍മ്മയായി.
സംവിധായകന്‍ സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ട് യുനാനി ചികിത്സയെക്കുറിച്ച് ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് യുനാനി ഡോക്ടര്‍മാരുടെ സംഘടന രംഗത്ത് വന്നിരിക്കുന്നു . മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത അംഗീകൃത യുനാനി ഡോക്ടര്‍മാര്‍ ആരും സിദ്ദിഖിനെ ചികിത്സിച്ചിട്ടില്ലെന്ന് കേരള യുനാനി മെഡിക്കല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സിദ്ദിഖിന്റെ മരണ കാരണം ശാസ്ത്രീയമായി അറിയുന്നതിന് മുമ്പ് യുനാനി വൈദ്യശാഖയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഈ വിഷയത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് നടത്തിയ പ്രതികരണത്തില്‍ അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. കേരള യുനാനി മെഡിക്കല്‍ അസോസിയേഷന്‍ ജനറൽ സെക്രട്ടറി ഡോ. എ.കെ. സെയ്ദ് മുഹ്‌സിൻ, വൈസ് പ്രസിഡന്‍റ് ഡോ. അബ്ദുൽ നാസർ, ജോയന്‍റ് സെക്രട്ടറി അദീബ് നബീൽ എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.
കെ.യു.എം.എ പുറത്തിറക്കിയ പ്രസ്താവന:
പ്രശസ്ത സംവിധായകൻ സിദ്ദിഖിന്റെ മരണം കേരളത്തിന്റെ തീരാനഷ്ടമാണ്. സംവിധായകൻ സിദ്ദിഖിനെ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ റജിസ്റ്റർ ചെയ്ത ഒരൊറ്റ അംഗീകൃത യൂനാനി ഡോക്ടർമാർ പോലും ചികിത്സിച്ചിട്ടില്ല എന്ന് വ്യക്തമായിരിക്കെ, അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി യൂനാനി ചികിത്സാ വിഭാഗത്തെ അടച്ചാക്ഷേപിക്കുന്ന പ്രവണത ശരിയല്ല.
മാത്രമല്ല, ശാസ്ത്രീയമായി മരണ കാരണമറിയുന്നതിന് മുൻപുതന്നെ, ദിനംപ്രതി ആയിരക്കണക്കിന് രോഗികൾ ചികിത്സ സ്വീകരിക്കുന്ന കേന്ദ്ര–സംസ്ഥാന സർക്കാർ യൂനാനി ആരോഗ്യ സ്ഥാപനങ്ങളും പ്രൈവറ്റ് ഹോസ്പിറ്റൽ, ക്ലിനിക്, മെഡിക്കൽ കോളജ് തുടങ്ങിയ സംവിധാനങ്ങൾ ഉള്ള യൂനാനി വൈദ്യശാസ്ത്രത്തെ പ്രതിക്കൂട്ടിൽ നിർത്തിയത് ശക്തമായ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കേരള യൂനാനി മെഡിക്കൽ അസോസിയേഷൻ മനസ്സിലാക്കുന്നത്. ഇത്തരക്കാർക്ക് എതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ കേരള യൂനാനി മെഡിക്കൽ അസോസിയേഷന്റെ സംസ്ഥാന എക്സിക്യുട്ടിവ് തീരുമാനിച്ചിരിക്കുന്നു.
നേരത്തെ സിദ്ദിഖിന്റെ മരണത്തിന് പിന്നാലെ യൂനാനി ചികിത്സാരീതി മിത്താണെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹു ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു. സിദ്ദിഖ് യൂനാനി മരുന്നുകൾ കഴിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടെന്നും അത്തരം മരുന്നുകളിൽ അടങ്ങിയിരിക്കുന്ന ഹെവി മെറ്റലുകൾ കരളിനെയും വൃക്കകളെയും ബാധിക്കുമെന്നും ഡോ. സുൽഫി നൂഹു പറഞ്ഞിരുന്നു
മദ്യപാനമോ സിഗരറ്റ് വലിയോ പോലുള്ള ഒരു ദുശ്ലീലങ്ങളും ഇല്ലാത്ത ആളായിരുന്നു സിദ്ദീഖ് എ ഭക്ഷണം പോലും മിതമായി കഴിക്കുന്ന പ്രകൃതമായിരുന്നു. എന്നിട്ടും അദ്ദേഹത്തിന് കരളിലാണ് പ്രശ്‌നം വന്നത്. അതിന് കാരണം യുനാനി ഗുളികകള്‍ എന്ന പേരില്‍ കഴിച്ച ചില വസ്തുക്കളാണ് എന്നാണ് നടൻ ജനാര്‍ദ്ദനന്‍ സിദ്ദീഖിനെ ചികിത്സിച്ച ഡോക്ടറെ ഉദ്ധരിച്ച് പറഞ്ഞത്.
ഓഗസ്റ്റ് എട്ടിനായിരുന്നു സിദ്ദിഖിന്റെ അപ്രതീക്ഷിതമായ വിടവാങ്ങൽ. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ എന്ന കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു സിദ്ദിഖ്. ഇടയ്ക്ക് ന്യുമോണിയകൂടി ബാധിച്ച് നില മോശമായെങ്കിലും പിന്നീട് മെച്ചപ്പെട്ടു. എന്നാൽ, തുടർന്നുവന്ന ഹൃദയാഘാതം നില അതീവ ഗുരുതരമാക്കുകയായിരുന്നു.
