Connect with us

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

News

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് ഇടപെട്ടെന്നു തെളിയിക്കുന്നതിനുള്ള വസ്തുതകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരനു കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.

ആകാശത്തിന് താഴെ എന്ന സിനിമയുടെ സംവിധായകന്‍ ലിജീഷ് മുല്ലേഴത്ത് ആണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. പുരസ്‌കാര നിര്‍ണയത്തില്‍ സ്വജനപക്ഷപാതം ഉണ്ടായി എന്നായിരുന്നു ഹര്‍ജിയിലെ ആക്ഷേപം.

വിഷയത്തില്‍ ഇന്ന് വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനോട് ജസ്റ്റിസ് ബസന്ത് ബാലാജി നിര്‍ദേശിച്ചിരുന്നു. കോടതി നിര്‍ദേശ പ്രകാരം സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയെ കേസില്‍ കക്ഷി ചേര്‍ക്കാന്‍ ഹര്‍ജിക്കാരന്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

അവാര്‍ഡ് ജൂറി അംഗങ്ങള്‍ തന്നെ പുരസ്‌കാര നിര്‍ണയത്തിലെ ഇടപെടലുകള്‍ സംബന്ധിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. മാത്രമല്ല, പത്തൊമ്പതാം നൂറ്റാണ്ട് സിനിമയുടെ സംവിധായകന്‍ വിനയന്‍ ചില തെളിവുകളും പുറത്തു വിട്ടിട്ടുണ്ട്. തന്റെ സിനിമയ്ക്ക് അവാര്‍ഡ് നല്‍കുന്നതിനെതിരെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടുവെന്നാണ് വിനയന്‍ ആരോപിക്കുന്നത്.

സ്വജനപക്ഷപാതവും ക്രമരഹിതമായ ഇടപെടലും അവാര്‍ഡ് നിര്‍ണയത്തില്‍ അക്കാദമി ചെയര്‍മാന്റെ ഭാഗത്തു നിന്നും ഉണ്ടായി. അത് നിയമവിരുദ്ധമാണ്. തെളിവുകള്‍ പുറത്തു വന്ന സാഹചര്യത്തില്‍ അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

More in News

Trending

Recent

To Top