News
ഹൃദയാഘാതം; സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഹൃദയാഘാതം; സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത് ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് ഇന്ന് മൂന്നുമണിയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്.
സിദ്ധിഖിന്റെ നില ഗുരുതരമാണെന്നാണ് വിവരം. നിലവിൽ എഗ്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നാളെ രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ധിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും.
മലയാള സിനിമയിലെ ഒരു അറിയപ്പെടുന്ന സംവിധായകനാണ് സിദ്ദിഖ്. പ്രശസ്ത നടനും സംവിധായകനായ ലാലിനോടൊന്നിച്ച് സിദ്ദിഖ്-ലാൽ എന്ന പേരിൽ സംവിധാനം ചെയ്ത സിനിമകളും വൻ വിജയമായിരുന്നു. അദ്ദേഹത്തിന്റെ മിക്ക സിനിമകളും ഹാസ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രശസ്ത സംവിധായകൻ ഫാസിലിനെ സഹായിച്ചുകൊണ്ടാണ് സിദ്ദിഖ് തന്റെ സംവിധാന ജീവിതം തുടങ്ങുന്നത്. ആദ്യകാലങ്ങളിൽ കൊച്ചിൻ കലാഭവനിൽ മിമിക്രി അവതരിപ്പിച്ചുകൊണ്ടിരുന്ന കാലത്താണ് ഫാസിൽ സിദ്ദിഖിനെ കണ്ടുമുട്ടുന്നതും പിന്നീട് തന്റെ കൂടെ ചേർക്കുന്നതും.
