News
ഈ വ്യക്തിക്കെതിരെ 48 മണിക്കൂർ കൊണ്ട് നടപടിയെടുത്തത് പോലെ ദിലീപിനും വിജയ് ബാബുവിനുമെതിരെ നടപടിയെടുക്കാനുള്ള മനസ്സ് വന്നില്ല, അത് ധൈര്യമില്ലാത്തത് കൊണ്ടാണോ? കടുത്ത ചോദ്യങ്ങളുമായി ഭാഗ്യലക്ഷ്മി
ഈ വ്യക്തിക്കെതിരെ 48 മണിക്കൂർ കൊണ്ട് നടപടിയെടുത്തത് പോലെ ദിലീപിനും വിജയ് ബാബുവിനുമെതിരെ നടപടിയെടുക്കാനുള്ള മനസ്സ് വന്നില്ല, അത് ധൈര്യമില്ലാത്തത് കൊണ്ടാണോ? കടുത്ത ചോദ്യങ്ങളുമായി ഭാഗ്യലക്ഷ്മി
ഓണ്‍ലൈന്‍ ചാനല്‍ അവതാരകയെ അപമാനിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസിയെ സിനിമയില്‍നിന്ന് മാറ്റിനിര്‍ത്താണ് നിലവിൽ നിര്‍മാതാക്കളുടെ സംഘടനയുടെ തീരുമാനം. ഇപ്പോള്‍ അഭിനയിക്കുന്ന സിനിമകള്‍ മാത്രം പൂര്‍ത്തിയാക്കാം. കേസില്‍ ഒരുരീതിയിലും ഇടപെടില്ലെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.
ഇതിന് പിന്നാലെയാണ് താരത്തിനെതിരെ നല്‍കിയ പരാതി പിന്‍വലിക്കാന്‍ ഒരുങ്ങുവെന്ന് വ്യക്തമാക്കി പരാതിക്കാരിയായ അവതാരകയും രംഗത്ത് എത്തിയത്. അതേസമയം ഇത്തരമൊരു നീക്കം പരാതിക്കാരിയുടെ ഭാഗത്ത് നിന്നും ഉണ്ടെങ്കില്‍ അത് തികച്ചും വ്യക്തിപരമായ കാര്യം മാത്രമാണെന്നാണ് ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നത്. ഒരു ചാനൽ ചർച്ചയിൽ റിപ്പോർട്ടർ പങ്കെടുത്തുകൊണ്ട് പ്രതികരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി
അവരുടെ വാക്കുകൾ ഇങ്ങനെ
എന്റെ ജീവിതത്തില്‍ യഥാർത്ഥത്തില്‍ സംഭവിച്ച ഒരു കാര്യമുണ്ടായിരുന്നു. ആ യൂട്യൂബർ അന്ന് മാപ്പ് പറഞ്ഞപ്പോള്‍ ഞാന്‍ വിട്ടുകളഞ്ഞ കാര്യമായിരുന്നു. മാപ്പ് പറയുകയും വീഡിയോ ചെയ്തപ്പോഴും അത് കഴിഞ്ഞുവെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. എന്നാല്‍ പിന്നീട് മറ്റൊരു വഴിത്തിരിവിലേക്ക് അത് പോയപ്പോഴാണ് വല്ലാത്തൊരു അവസ്ഥയിലേക്ക് എത്തിയതെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാണിക്കുന്നു.
അവതാരകയ്ക്കെതിരെ നടന്‍ ഉപയോഗിച്ച വാക്കുകള്‍ അവരെ വല്ലാതെ തളർത്തിയെന്ന് നമുക്കൊക്കെ അറിയാം. ഒരുപാട് സ്ഥലങ്ങളില്‍ ഇതേ ഭാഷാപ്രയോഗം ഇദ്ദേഹം മാത്രമല്ല, മറ്റ് പലരും ഉപയോഗിച്ചിട്ടുണ്ടാവണം. അവരുടെ ഒരു ജീവിതചര്യയിലുള്ള സാധാരണ വാക്കുകളാണെന്ന് തോന്നുന്നു ഇത്. ഇതൊരു തെറിയായിട്ട് പോലും അവർക്ക് തോന്നുന്നില്ല. സൌഹൃദമായിട്ട് പോലും ഈ ഭാഷ ഉപയോഗിക്കുന്നത് ഞാന്‍ പലിയിടത്തും കാണുന്നുണ്ട്.
ഒരു ആർജെയുമായി ശ്രീനാഥ് ഭാസി നടത്തുന്ന സംഭാഷണം കണ്ടു. അത് കേള്‍ക്കുമ്പോള്‍ ആ ആർജെക്ക് പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല. എന്നാല്‍ സ്ത്രീകള്‍ക്ക് അത് കേള്‍ക്കുമ്പോള്‍ വെർബലി റേപ്പ് പോലെയാണ് തോന്നുന്നത്. ദിലീപ്, വിജയ് ബാബു, ശ്രീനാഥ് ഭാസി എന്നിവരുടേത് മൂന്നും മൂന്നും കേസല്ല, മറ്റുള്ളവർ ഫിസിക്കലിയാണ് പെരുമാറിയതെങ്കില്‍ മറ്റേയാള്‍ വാക്കുകള്‍ കൊണ്ടാണ് അത് ചെയ്തത്. അതിനാല്‍ തന്നെ ഇത് മൂന്നും ഒന്ന് തന്നെയാണെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു.
അതില്‍ ഒരാള്‍ 85 ദിവസം ജയിലില്‍ കിടന്ന ആളാണ്. വളരെ ശക്തമായ ഒരു കേസാണ് അത്. ഇവർ മൂന്ന് പേരും കുറ്റാരോപിതർ ആണെന്ന നിലയില്‍ തന്നെയാണ് കാണുന്നത്. ഇവിടെ നമുക്കൊക്കെ തോന്നുന്ന ഒരു സംശയം എന്ന് പറയുന്നത് എന്തുകൊണ്ട് ഈ വ്യക്തിക്കെതിരെ 48 മണിക്കൂർ കൊണ്ട് നടപടിയെടുത്തത് പോലെ ദിലീപിനും വിജയ് ബാബുവിനുമെതിരെ നടപടിയെടുക്കാനുള്ള മനസ്സ് വന്നില്ലെന്നാണ്. അത് ധൈര്യമില്ലാത്തത് കൊണ്ടാണോ.
ഇവിടെ നിന്നാണ് ഒരു മാറ്റത്തിലേക്ക് പോവാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നു. സന്തോഷമുള്ള കാര്യമാണ്. ഈ പരാതിയും അറസ്റ്റും ആവശ്യമായിരുന്നു. ഇപ്പോള്‍ അവർ പരാതി പിന്‍വലിക്കുകയാണെങ്കില്‍ അത് വലിയ മനസ്സാണ്. ആ പെണ്‍കുട്ടി പറഞ്ഞത് പോലെ ഇനിയൊരു ശ്രീനാഥ് ഭാസി ഇല്ലാതാവട്ടെ.
സിനിമ നടന്മാർ എന്ന് പറയുന്നത് സമൂഹത്തെ ഒരുപാട് സ്വാധീനിക്കുന്ന കാര്യമാണ്. അവർ ചെയ്യുന്നതും പറയുന്നതും പലരും അനുകരിക്കുന്നുണ്ട്. അതില്‍ കുട്ടികള്‍ മുതല്‍ മുതിർന്നവരുണ്ട്. അതുകൊണ്ട് തന്നെ ഇതിനെ നിസ്സാരമായി കാണാന്‍ സാധിക്കില്ല. പോലീസിന്റെ ഭാഗത്ത് നിന്നും നിർമ്മാതാക്കളുടെ ഭാഗത്ത് നിന്നും ഇത്തരമൊരു തീരുമാനം വേഗത്തിലുണ്ടായതില്‍ സന്തോഷമുണ്ട്. അതോടൊപ്പം തന്നെ മറ്റ് രണ്ട് പെണ്‍കുട്ടികള്‍ക്ക് ഈ ആനുകൂല്യം ഉണ്ടായില്ലെന്ന സങ്കടവുമുണ്ടെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർക്കുന്നു.
കേസിൽ നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, അപമര്യാദയായി പെരുമാറൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി മരടു പൊലീസാണു നടനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. അഭിഭാഷകനോടൊപ്പം സ്റ്റേഷനിൽ എത്തിയ നടൻ അവതാരകയെ അപമാനിച്ചിട്ടില്ലെന്നും കൂടെയുണ്ടായിരുന്ന പുരുഷൻമാരോടാണു സംസാരിച്ചതെന്നുമുള്ള നിലപാടിലായിരുന്നു. 2 പേരുടെ ഉറപ്പിലാണു ജാമ്യം അനുവദിച്ചത്.
സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി മരടിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിനിടെ ആയിരുന്നു സംഭവം. പരാതിക്കാരിയുടെയും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവരുടെയും ഹോട്ടൽ ജീവനക്കാരുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തിയിരുന്നു.
അഭിമുഖം നടന്ന മുറിയിൽ സിസിടിവി ക്യാമറ ഉണ്ടായിരുന്നില്ല. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും ഓൺലൈൻ ചാനൽ റിക്കോർഡ് ചെയ്ത അഭിമുഖവും പരിശോധിച്ചു. നടൻ അപമാനിച്ചെന്ന് അവതാരക ഒരാഴ്ച മുൻപാണു പരാതി നൽകിയത്. സംസ്ഥാന വനിതാ കമ്മിഷനിലും നടനെതിരെ പരാതി നൽകിയിട്ടുണ്ട്.
