News
ആ ചാറ്റുകള്‍ ഞാൻ കണ്ടു! സ്ക്രീൻഷോട്ടുകൾ ദിലീപിന് കൈമാറി, നടനുമായി നല്ല ആത്മബന്ധം, നിർണ്ണായക വെളിപ്പെടുത്തൽ പുറത്ത്
ആ ചാറ്റുകള്‍ ഞാൻ കണ്ടു! സ്ക്രീൻഷോട്ടുകൾ ദിലീപിന് കൈമാറി, നടനുമായി നല്ല ആത്മബന്ധം, നിർണ്ണായക വെളിപ്പെടുത്തൽ പുറത്ത്
ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നു എന്ന വ്യാജപ്രചരണത്തിന്റെ ഭാഗമായി സ്‌ക്രീന്‍ ഷോട്ടുകള്‍ സൃഷ്ടിച്ച സംഭവത്തിൽ തന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് റെയിഡ് നടത്തിയതിന് പിന്നാലെ പ്രതികരണവുമായി ഷോണ്‍ ജോര്‍ജ്
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് സ്‌ക്രീന്‍ ഷോട്ടുകളും ചാറ്റുകളും കൈമാറിയിട്ടുണ്ടെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. ദിലീപുമായി നല്ല ആത്മബന്ധമാണുള്ളത്. എന്നാല്‍ ചാറ്റുകള്‍ നിര്‍മ്മിച്ച് നല്‍കിയിട്ടില്ലെന്നും അഭിഭാഷകനായ താന്‍ അത്തരം മണ്ടത്തരം കാണിക്കില്ലെന്നും ഒരു ചാനലിനോട് പ്രതികരിച്ചു. ദിലീപിന് ദോഷകരമായി വന്ന ചാറ്റുകള്‍ അടക്കം അയച്ചു നല്‍കിയിട്ടുണ്ടെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. പണ്ട് അയച്ചു നല്‍കിയ ചാറ്റുകളില്‍ കേസിന് ആസ്പദമായ ചാറ്റുകള്‍ കണ്ടിട്ടുണ്ട്. ദിലീപുമായി നല്ല ആത്മബന്ധമാണെന്നും ഷോണ്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നു എന്ന വ്യാജപ്രചരണത്തിന്റെ ഭാഗമായി സ്‌ക്രീന്‍ഷോട്ടുകള്‍ സൃഷ്ടിച്ച സംഭവത്തിലാണ് ക്രൈംബ്രാഞ്ച് റെയ്ഡ്. പരിശോധനയില്‍ മൂന്ന് മൊബൈല്‍ ഫോണുകള്‍, 5 മെമ്മറി കാര്‍ഡുകള്‍, രണ്ട് ടാബുകള്‍ എന്നിവ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണിലേക്ക് സ്‌ക്രീന്‍ ഷോട്ടുകള്‍ വന്നത് ഷോണ്‍ ജോര്‍ജിന്റെ ഫോണ്‍ കോണ്‍ടാക്ടില്‍ നിന്നാണെന്ന ക്രൈം ബ്രാഞ്ച് കണ്ടെത്തലിനേത്തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. കൃത്രിമ സ്‌ക്രീന്‍ ഷോട്ടുകള്‍ നിര്‍മ്മിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അമ്പിളി കുട്ടന്‍, തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് സംഘം പിസി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയത്.
രാവിലെ 9 മണിയോടെയാണ് പരിശോധന ആരംഭിച്ചത്. ഷോണ്‍ ജോര്‍ജിന്റെ അടക്കം ഫോണുകള്‍ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ തുടക്കം മുതല്‍ ദിലീപിന് അനുകൂലമായി സംസാരിക്കുന്ന വ്യക്തിയാണ് പിസി ജോര്‍ജ്. നിരവധി തവണ പിസി ജോര്‍ജ് അതിജീവിതയെ അധിക്ഷേപിക്കുകയുമുണ്ടായിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ അടക്കം ഫോണുകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. ഈ ഫോണില്‍ നിന്ന് ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ദിലീപിനെ പൂട്ടണം എന്ന പേരിലുളളതായിരുന്നു വാട്‌സ്ആപ്പ് ഗ്രൂപ്പ്.
മഞ്ജു വാര്യര്‍ മുതല്‍ ഐജി ബി സന്ധ്യ അടക്കമുളളവരുടെ പേരുകള്‍ ഉപയോഗിച്ച് വ്യാജമായി നിര്‍മ്മിച്ചതാണ് ഈ വാട്‌സ്ആപ്പ് സ്‌ക്രീന്‍ഷോട്ട് എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
