News
പൾസർ സുനിയുടെ അഭിഭാഷകന് ദൃശ്യങ്ങള്‍ കണ്ടത് 3 മണിക്ക്, 12.19ന് കണ്ടതാര്? മറഞ്ഞിരിക്കുന്ന ആ മുഖം, ആകെ മൊത്തം ദുരൂഹത, രഹസ്യങ്ങൾ ചുരുളഴിയുമ്പോൾ
പൾസർ സുനിയുടെ അഭിഭാഷകന് ദൃശ്യങ്ങള്‍ കണ്ടത് 3 മണിക്ക്, 12.19ന് കണ്ടതാര്? മറഞ്ഞിരിക്കുന്ന ആ മുഖം, ആകെ മൊത്തം ദുരൂഹത, രഹസ്യങ്ങൾ ചുരുളഴിയുമ്പോൾ
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ സമയപരിധി ഇന്ന് അവസാനിക്കുകയാണ്. ജുലൈ 15 ന് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനായിരുന്നു ഹൈക്കോടതി നിർദ്ദേശിച്ചത്. വിചാരണ കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡ് പരിശോധന ഫലത്തിന്റേയും കണ്ടെത്തലുകളുടേയും അടിസ്ഥാനത്തിൽ കേസിന്റെ തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യമാണെന്നാണ് ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നത്
അതിനിടെ നടിയെ അക്രമിച്ച കേസിലെ ദ്യശ്യങ്ങള്‍ പരിശോധിച്ച സമയത്തിൽ പൊരുത്തക്കേട് കണ്ടെത്തിയിരിക്കുന്നു. നിരവധി സംശയങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. പള്‍സര്‍ സുനിയുടെ അഭിഭാഷകന് ദൃശ്യങ്ങള്‍ കണ്ടത് 2021 ജൂലായ് 19ന് കോടതി മുറിക്കുള്ളില്‍ വെച്ചാണ്. അപ്പോള്‍ സമയം മൂന്ന് മണിയാണ്. പക്ഷേ ഫോറന്‍സിക് റിപ്പോര്‍ട്ടിലുള്ളത് വിപരീതമായ കാര്യമാണ്. ഉച്ചയ്ക്ക് 12.19 മുതല്‍ 12.54 വരെയുള്ള സമയത്ത് മെമ്മറി കാര്‍ഡ് വിവോ ഫോണിലിട്ട് ദൃശ്യങ്ങള്‍ കണ്ടുവെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലുള്ളത്. അഭിഭാഷകന് കോടതിയില്‍ നല്കിയ മെമ്മോയുടെ പകര്‍പ്പില്‍ ഇക്കാര്യമുണ്ട്. കോടതിയെ അനുമതിയെ തുടര്‍ന്ന് 2021 ജൂലായ് 19ന് വിചാരണ കോടതിയില്‍ വെച്ച് ദൃശ്യങ്ങള്‍ കണ്ടത് പെന്‍ഡ്രൈവിലാണെന്ന വാദമാണ് പള്‍സര്‍ സുനിയുടെ അഭിഭാഷകന് മുന്നോട്ട് വെക്കുന്നത്.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഒരു പെന്‍ഡ്രൈവ് ലാപ്പ്ടോപ്പില്‍ കുത്തി ജഡ്ജിയുടെ മുന്നില്‍ വെച്ചാണ് കണ്ടതെന്ന് സുനിയുടെ അഭിഭാഷകനായ വിവി പ്രതീഷ് കുറുപ്പ് പറയുന്നു. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് താന്‍ കണ്ടിട്ടില്ല. ഹാഷ് വാല്യുവില്‍ മാറ്റം വന്നതെങ്ങനെ എന്ന് തനിക്കറിയില്ല. വിവോ ഫോണ്‍ താന്‍ ഉപയോഗിക്കുന്നില്ലെന്നും പ്രതീഷ് പറഞ്ഞു. നേരത്തെ മെമ്മറി കാര്‍ഡ് ഉപയോഗിച്ച് വിവോ ഫോണില്‍ ദൃശ്യങ്ങള്‍ കണ്ടത് പ്രതീഷ് കുറുപ്പാണെന്ന് പ്രചാരണം നടന്നിരുന്നു. കോടതിയുടെ അനുമതിയോടെ തന്നെയാണ് പ്രതീഷ് കുറുപ്പ് ദൃശ്യങ്ങള്‍ കണ്ടത്. ഇതിന്റെ കോടതി രേഖകളുമുണ്ട്. അടച്ചിട്ട കോടതി മുറിയില്‍ പെന്‍ഡ്രൈവ് ലാപ്പ്ടോപ്പില്‍ ഉപയോഗിച്ചാണ് വീഡിയോ കണ്ടതെന്ന് പ്രതീഷ് കുറുപ്പ് പറഞ്ഞിരുന്നു.
അതേസമയം മെമ്മറി കാര്‍ഡിന്റെ എഫ്എസ്എല് പരിശോധനയില്‍ ഹാഷ് വാല്യു മൂന്ന് തവണ മാറിയെന്ന് കണ്ടെത്തിയിരുന്നു. ഒരു തവണ വിവോ ഫോണിലാണ് മെമ്മറി കാര്‍ഡ് ഉപയോഗിച്ചതെന്നും വ്യക്തമാക്കുന്ന പരിശോധനാ റിപ്പോര്‍ട്ടാണ് ഇന്നലെ പുറത്തുവന്നത്. കോടതിയുടെ അനുവാദമില്ലാതെ ആര്‍ക്കും മെമ്മറി കാര്‍ഡ് കാണാന്‍ സാധിക്കില്ലെന്ന് പ്രതീഷ് പറഞ്ഞു. വെറും ചെന്ന് ആര്‍ക്കും ഉപയോഗിക്കാന്‍ പറ്റിയ രീതിയില്‍ അല്ല മെമ്മറി കാര്‍ഡ് വെച്ചിരിക്കുന്തനെന്നും അദ്ദേഹം പറഞ്ഞു.
നടി ആക്രമിച്ച കേസില്‍ കോടതി ആവശ്യങ്ങള്‍ക്കായി ദൃശ്യങ്ങള്‍ മറ്റൊരു പെന്‍ഡ്രൈവിലേക്ക് മാറിയിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ദൃശ്യങ്ങളുടെ ക്ലോണ്‍ഡ് കോപ്പി തയ്യാറാക്കിയത്. ഈ പെന്‍ഡ്രൈവ് ഉപയോഗിച്ചാണ് വിസ്താര വേളയില്‍ അടക്കം ദൃശ്യങ്ങള്‍ അടച്ചിട്ട കോടതി മുറിയില്‍ പ്രദര്‍ശിപ്പിച്ചത്. പ്രതികളുടെ അഭിഭാഷകര്‍ പലപ്പോഴായി ദൃശ്യങ്ങള്‍ കണ്ടതും ഈ പെന്ഡ്രൈവിലൂടെയാണ്. സുപ്രധാനപ്പെട്ട മെമ്മറി കാര്‍ഡ് സുരക്ഷിതമായി സൂക്ഷിക്കുന്നതിനായിരുന്നു ഇത്. പക്ഷേ വിചാരണക്കോടതിയുടെ കൈവശമിരിക്കെ ഈ മെമ്മറി കാര്‍ഡ് ആരോ കണ്ടിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. കോടതിയുടെ മേല്‍നോട്ടത്തില്‍ മാത്രമാണ് ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കുകയെന്ന് പ്രതീഷ് പറയുന്നു. ക്രോസ് എക്സാമിനേഷന്റെ ഭാഗമായി, അതുവരെ കാണാത്തത് കൊണ്ട് മാത്രമാണ് ദൃശ്യങ്ങള്‍ കാണണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടത്. കോടതി ഹാളില്‍ വെച്ച് പെന്‍ഡ്രൈവ് ലാപ്പ്ടോപ്പില്‍ കുത്തിയായിരുന്നു ദൃശ്യങ്ങള്‍ കണ്ടത് ജഡ്ജിയും ഒരു പോലീസ് ഉദ്യോഗസ്ഥയും ആ സമയം കൂടെയുണ്ടായിരുന്നു. ആരായിരുന്നു പോലീസ് ഉദ്യോഗസ്ഥയെന്ന് ഓര്‍ക്കുന്നില്ല. അന്ന് മറ്റാരെങ്കിലും ദൃശ്യങ്ങള്‍ കണ്ടിട്ടുണ്ടോയെന്നും അറിയില്ല. എട്ട് ഫയലുണ്ടായിരുന്നുവെന്നാണ് ഓര്മ. അഞ്ച് മിനുട്ട് കൊണ്ട് കണ്ടുതീര്‍ക്കുകയാണ് ചെയ്തതെന്നും പ്രതീഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഹാഷ് വാല്യു മാറ്റമൊക്കെയായി വലിയ വിവാദമായിരിക്കുകയാണ് കേസ്. മറ്റൊരു ഫോണില്‍ മെമ്മറി കാര്‍ഡ് ഉപയോഗിച്ചുവെന്നും, ഹാഷ് വാല്യു മാറിയുമെന്നുമുള്ള വിവരങ്ങള്‍ക്കാണ് സ്ഥിരീകരണമായത്. എന്നാല്‍ ഇത് എങ്ങനെ സാധ്യമായെന്നാണ് സംശയങ്ങള്‍ ഉയരുന്നത്.
