News
കൊച്ചിയിൽ നിന്ന് തലസ്ഥാനത്തേക്ക് പറന്നെത്തും! 3 ദിവസത്തിനകം അത് സംഭവിക്കും, ദിലീപിനെ വലിച്ച് കീറാൻ അന്വേഷണസംഘം
കൊച്ചിയിൽ നിന്ന് തലസ്ഥാനത്തേക്ക് പറന്നെത്തും! 3 ദിവസത്തിനകം അത് സംഭവിക്കും, ദിലീപിനെ വലിച്ച് കീറാൻ അന്വേഷണസംഘം
ഏറെ നാള് നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ശേഷമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് പരിശോധിക്കാന്‍ ഹൈക്കോടതി പ്രോസിക്യൂഷന് അനുകൂലമായ നിലപാട് സ്വീകരിച്ചത്. വിചാരണക്കോടതിയോട് രണ്ട് ദിവസത്തിനകം മെമ്മറി കാർഡ് ഫോറൻസിക് ഡിപ്പാർട്ട്മെന്റിന് അയക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. കൊച്ചിയില്‍ നിന്ന് മെമ്മറി കാര്‍ഡ് ഇന്ന് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ എത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മെമ്മറി കാര്‍ഡ് ലഭിച്ച് ഏഴ് ദിവസത്തിനകം പരിശോധനാ റിപ്പോര്‍ട്ട് കൈമാറണമെന്നാണ് ഹൈക്കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇന്ന് മെമ്മറി കാര്‍ഡ് ലാബിലെത്തിയാല്‍ അടുത്ത ബുധനാഴ്ച വരെ സമയമുണ്ട്. എന്നാല്‍ ഇതിന് മുമ്പ് തന്നെ പരിശോധനാ ഫലം ലഭിക്കുമെന്ന് അന്വേഷണ സംഘം കരുതുന്നു. മൂന്ന് ദിവസത്തിനകം ഫലം ലഭിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
മെമ്മറി കാര്‍ഡ് തുറന്നു പരിശോധിക്കുമ്പോഴാണ് ഹാഷ് വാല്യു മാറുക. കോടതിയുടെ കസ്റ്റഡിയിലുണ്ടായിരുന്ന വേളയില്‍ അനധികൃതമായി തുറന്നോ എന്നാണ് ലാബില്‍ പരിശോധിക്കുന്നത്. തുറന്നിട്ടുണ്ടെങ്കില്‍ തിയ്യതിയും ലഭിക്കും. ഈ സമയം മെമ്മറി കാര്‍ഡ് ഏത് കോടതിയുടെ കസ്റ്റഡിയിലായിരുന്നു, അവിടെയുണ്ടായിരുന്ന ജീവനക്കാര്‍ ആരൊക്കെയായിരുന്നു എന്നീ കാര്യങ്ങള്‍ വേഗത്തില്‍ മനസിലാക്കാം.
ദിലീപിനെ സംബന്ധിച്ച് വളരെ നിര്‍ണായകമായിരിക്കും പരിശോധനാ റിപ്പോര്‍ട്ട്. മെമ്മറി കാര്‍ഡ് പരിശോധന ദിലീപ് ഹൈക്കോടതിയില്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ദിലീപിന്റെ വാദം തള്ളിയാണ് ഹൈക്കോടതി പരിശോധനയ്ക്ക് അനുമതി നല്‍കിയത്. കേസില്‍ അന്വേഷണം വേഗത്തില്‍ അവസാനിപ്പിക്കേണ്ട എന്ന തീരുമാനത്തിലേക്ക് അന്വേഷണ സംഘം എത്തുന്നു എന്ന സൂചനയുമുണ്ട്.
മെമ്മറി കാര്‍ഡ് പരിശോധിച്ച് റിപ്പോര്‍ട്ട് സീല്‍ വച്ച കവറില്‍ വിചാരണ കോടതിക്ക് കൈമാറണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഹാഷ് വാല്യു മാറിയതില്‍ അനധികൃത ഇടപെടല്‍ നടന്നുവെന്ന് ബോധ്യമായാല്‍ അന്വേഷണം ഇനിയും നീളാനാണ് സാധ്യത. ഈ മാസം 15നകം അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്ന് നേരത്തെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
അതേസമയം, കേസ് അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെടാന്‍ അന്വേഷണ സംഘത്തിന് പദ്ധതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിരുന്നു. കൂടുതല്‍ സമയം തേടുന്നതില്‍ തെറ്റില്ല, കോടതിക്ക് അന്വേഷണം തടയാന്‍ സാധിക്കില്ല എന്ന ഉപദേശമാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ മൂന്ന് മാസം കൂടി സമയം തേടാനാണ് സാധ്യത.
നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘം നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സംവിധായകന് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഇപ്പോള്‍ തുടരന്വേഷണം നടക്കുന്നത്. ഈ അന്വേഷണം പൂര്‍ത്തിയായാല്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനാണ് തീരുമാനം. എന്നാല്‍ ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന എളുപ്പം തീരില്ല. ഇക്കാര്യമാണ് അന്വേഷണ സംഘം കോടതിയില്‍ ചൂണ്ടിക്കാട്ടുക.
അന്വേഷണത്തിന് കൂടുതല്‍ സമയം എടുക്കുന്നതില്‍ കുഴപ്പമില്ല എന്നാണ് സര്‍ക്കാരിന്റെ നിലപാട്. അന്വേഷണം എപ്പോള്‍ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ കോടതിക്ക് അധികാരമില്ല. എന്നാല്‍ പീഡന കേസുകളില്‍ എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കണമെന്ന് നേരത്തെ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. അഞ്ച് വര്‍ഷം പിന്നിട്ട നടി ആക്രമിക്കപ്പെട്ട കേസില്‍ ഘട്ടങ്ങളായി സമയപരിധി കോടതി നീട്ടി നല്‍കുകയാണ് ചെയ്തത്.
വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കണം എന്നാണ് ദിലീപിന്റെ ആവശ്യം. കേസ് നീണ്ടുപോകുന്നത് കരിയറിനെ ബാധിക്കുന്നുവെന്ന ആശങ്കയും അദ്ദേഹത്തിനുണ്ട്. വിചാരണ ഏകദേശം അന്തിമഘട്ടത്തിലെത്തി നില്‍ക്കെയാണ് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുണ്ടായതും തുടരന്വേഷണം വന്നതും. തുടര്‍ന്ന് വിചാരണ നടപടികള്‍ നിലച്ച മട്ടാണ്. തുടരന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും ഇനി വിചാരണ ത്വരിതപ്പെടുത്താനാകുക. അനുബന്ധ കുറ്റപത്രം വൈകുന്നതിന് അനുസരിച്ച് വിധി വരുന്നതും വൈകും.
