അത്തരമൊരു റിപ്പോർട്ടിന് അയക്കുന്നതിന് പ്രതിയുടെ അനുവാദം വേണം അല്ലെങ്കില്‍ പ്രതിഭാഗത്തെക്കൂടി കേള്‍ക്കണം എന്ന് പറയുന്നത് നാളിതുവരെ കാണാത്ത കീഴ്വഴക്കം, അന്വേഷണത്തില്‍ ഇടപെടാന്‍ പ്രതികള്‍ക്ക് അവസരം നല്‍കുന്നത് അപകടം; അഡ്വ. ആശാ ഉണ്ണിത്താന്‍
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡിന്റെ ഫോറസന്‍സിക് പരിശോധനയില്‍ പ്രതിഭാഗത്തിന്റെ കൂടി ഭാഗം കേള്‍ക്കുന്ന നിലപാടില്‍ രൂക്ഷ വിമർശനവുമായി അഡ്വ. ആശാ ഉണ്ണിത്താന്‍. പൊലീസിന്റെ അന്വേഷണം സ്വതന്ത്രമായിരിക്കണം എന്നത് സംബന്ധിച്ച് നമ്മുടെ നാട്ടിലെ നിയമം പിന്തുടർന്ന് വരുന്ന കൃത്യമായ രീതികളുണ്ട്. ഈ വിഷയത്തില്‍ ജസ്റ്റിസ് നാരായണ പിഷാരടിയുടെ ഒരു വിധി നേരത്തെ തന്നെ വരികയും അത് കാലങ്ങളായായി നമ്മള്‍ പിന്തുടരുകയും ചെയ്യുന്നു.
അന്വേഷണ വിവരങ്ങള്‍ സാധാരണയായി കോടതിയെ അറിയിക്കല്‍ മാത്രമാണ് ചെയ്ത് വരുന്നതത്. ഇന്നയാളെ പ്രതിചേർക്കുന്നുണ്ടെന്ന് കോടതിയെ അറിയിക്കുന്നത് പോലെയാണ് പുതുതായിട്ട് ഒരു പരിശോധന റിപ്പോർട്ടിന് വേണ്ടി കൂടി അയക്കുന്നുണ്ട് എന്നുള്ളതെന്നും ആശാ ഉണ്ണിത്താന്‍ വ്യക്തമാക്കുന്നു ഒരു ചർച്ചയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു അഭിഭാഷകയുടെ പ്രതികരണം.
അത്തരമൊരു റിപ്പോർട്ടിന് അയക്കുന്നതിന് പ്രതിയുടെ അനുവാദം വേണം അല്ലെങ്കില്‍ പ്രതിഭാഗത്തെക്കൂടി കേള്‍ക്കണം എന്ന് പറയുന്നത് നാളിതുവരെ കാണാത്ത കീഴ്വഴക്കമാണ്. നമ്മുടെ ഭരണഘടന തീർച്ചയായും പ്രതികള്‍ക്കും ഒരുപാട് അവകാശങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ അതിനെയൊന്നും ബാധിക്കാത്ത സാഹചര്യമാണ് ഇവിടെയുള്ളത്. അന്വേഷണത്തില്‍ ഇടപെടാന്‍ പ്രതികള്‍ക്ക് അവസരം നല്‍കുക എന്നുള്ളത് വളരെ അപകടകരമായ ഒരു കാര്യമാണെന്നും ആശാ ഉണ്ണിത്താന്‍ പറയുന്നു.
അന്വേഷണത്തില്‍ ഇടപെടാനുള്ള അവസരം ആർക്കും കൊടുക്കാന്‍ പാടില്ല. അത് കോടതിക്കും കൊടുക്കാന്‍ പാടില്ല. അന്വേഷണത്തിന്റെ സ്വതന്ത്ര നിലപാട് നിലനിർത്തേണ്ടത് ഈ നാട്ടിലെ നീതി ന്യായത്തിന് വളരെ അത്യാവശ്യമാണ്. ആ സ്വാതന്ത്രത്തെയാണ് ഇവിടെ പ്രതിയുടെ അവകാശം എന്ന് പറഞ്ഞ് പുതുതായി കൊണ്ടുവരുന്നത്.
ഇത്തരം സാഹചര്യം വന്ന് കഴിഞ്ഞാല്‍ ഇനി വരുന്ന ഓരോ പ്രതികള്‍ക്കും ഈ ആനുകൂല്യം ലഭിച്ചും. അല്ലെങ്കില്‍ തന്നെ ഈ കേസുമായി ബന്ധപ്പെട്ട് ഒരുപാട് കീഴ്വഴക്കള്‍ കോടതി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇതും കൂടിയായാല്‍ ഇനി വരുന്ന കേസുകളെ ഇത് വളരെ പ്രതിലോമകരമായി ബാധിക്കും. പീഡനകേസുകളില്‍ സ്ത്രീകളുടെ മൊഴി മാത്രം മത്രി എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനെന്ന് പറഞ്ഞ് വന്നിട്ടുള്ള കീഴ്വഴക്കത്തിനുള്ളിലാണ് ഗൂഡാലോചന വിഷയം കണ്ടെത്താനും ജുഡീഷ്യറിയുടെ സുതാര്യത കണ്ടെത്താനുമുള്ള അന്വേഷണമെന്നും ആശാ ഉണ്ണിത്താന്‍ വ്യക്തമാകുന്നു.
ഇനി രണ്ടും പോട്ടെ, ജുഡീഷ്യറിയുടെ സുതാര്യത നമുക്ക് വിഷയമല്ല, അല്ലെങ്കില്‍ ഗൂഡാലോചനയുണ്ടോ, അതോ കൃത്രിമത്വം നടന്നോ എന്നതൊക്കെ മാറ്റിനിർത്താം. ഒരു മനുഷ്യന് ആത്യന്തികമായി ജീവിക്കാന്‍ അവകാശം ഇല്ലേ. ഇവിടെ മെറ്റീരിയല്‍ ഒബ്ജക്ടിനെ വീണ്ടും വീണ്ടും പരിശോധിക്കുന്നതില്‍ തടസ്സം പറയുന്നതില്‍, ആ പരിശോധനയുടെ ഭാഗമായി ഇത് എത്ര തവണ ആക്സസ് ചെയ്യപ്പെട്ടു, കോപ്പി ചെയ്യപ്പെട്ടു എന്നത് വ്യക്തമാവും. ആക്സസ് ചെയ്താലും കോപ്പി ചെയ്താലും മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറില്ലെന്ന കാര്യം വളരെ വ്യക്തമായി ഒരുപാട് സൈബർ വിദഗ്ധ പറഞ്ഞിട്ടുള്ള കാര്യമാണ്. തന്റെ ആത്മാഭിമാനത്തെ ബാധിക്കുന്ന രീതിയിലുള്ള വീഡിയോ ചിത്രീരണം ഇരിക്കുന്ന ഒബ്ജക്ട് ആര് എത്ര തവണ ആക്സസ് ചെയ്തുവെന്ന് എനിക്ക് അറിയണമെന്നാണ് നടി പറയുന്നത്. നടിക്ക് വേണ്ടി അത് പറയുന്നത് സർക്കാരാണ്. അതുകൊണ്ട് തന്നെ ഇതില്‍ വ്യക്തത വരുത്തേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്തമാണ്.
കുത്തുകൊണ്ട് ആശുപത്രിയില്‍ കിടക്കുന്ന ഒരു ഇരയെ പിന്നേയും പിന്നെയും കുത്തുകയും അവരെ കൊല്ലുന്നതിനും സമാനമായ രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ സംഭവിക്കുന്നത്. ജീവിക്കാനുള്ള അവകാശത്തേയും ആത്മാഭിമാനത്തേയും ബാധിക്കുന്ന തരത്തില്‍ ഈ ദൃശ്യങ്ങള്‍ പുറത്തേക്ക് പോയിട്ടുണ്ടെങ്കില്‍ നാളെ വരുന്ന ഇത്തരത്തിലുള്ള ഒരോ കേസിലെ ഇരകളും സമാനമായ സാഹചര്യം നേരിടേണ്ടി വരും. ഏറ്റവും അപകടകരമായ ഒരു കാര്യമാണ് അത്. കേവലം ഒരു തുടരന്വേഷണം എന്നതിനപ്പുറം ഭരണഘടനാ മാനമുള്ള വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് ഇതെന്നും ആശാ ഉണ്ണിത്താന്‍ കൂട്ടിച്ചേർക്കുന്നു.
