Malayalam
‘വിക്രം’ സിനിമയുടെ റിലീസിന് തൊട്ട് മുന്‍പ് സംവിധായകന്റെ അപേക്ഷ.! ഞെട്ടിച്ച് ലോകേഷ് കനകരാജ്
‘വിക്രം’ സിനിമയുടെ റിലീസിന് തൊട്ട് മുന്‍പ് സംവിധായകന്റെ അപേക്ഷ.! ഞെട്ടിച്ച് ലോകേഷ് കനകരാജ്
കമല്ഹാസന്, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ ഒന്നിച്ച ചിത്രം ‘വിക്രം’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.
റിലീസിന് തൊട്ട് മുന്‍പ് സംവിധായകന് ലോകേഷ് കനകരാജ് നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ വൈറലാകുന്നത്. വ്യാഴാഴ്ച രാത്രിയോടെയാണ് തന്റെ മൂന്നാമത്തെ ചിത്രത്തിന്റെ പ്രതീക്ഷകളും, അത് ഉണ്ടായ വഴിയും വ്യക്തമാക്കി ലോകേഷ് ഒരു പോസ്റ്റ് ഇട്ടത്. തന്റെ ലെറ്റര്‍ പാഡിലെ ആ കത്തില്‍ കമല്‍ ഹാസനൊപ്പം ചെയ്ത ചിത്രത്തിന്റെ ആവേശം ലോകേഷ് പങ്കുവച്ചു. ഒപ്പം തന്നെ ഇത്രയും ആവേശം തന്റെ മറ്റു റിലീസുകള്‍ക്ക് ഉണ്ടായിരുന്നില്ലെന്നു ലോകേഷ് പറയുന്നു.
എന്നാല്‍ പോസ്റ്റിലെ അവസാന വരിയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. വിക്രം കാണുന്നതിന് മുന്‍പ് ദയവായി ഒന്നുകൂടി തന്റെ ചിത്രമായ കൈതി കാണൂ എന്നാണ് സംവിധായകന് പ്രേക്ഷകരോട് പറയുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് ഉണ്ടാക്കുന്നത്. നേരത്തെ ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയ സമയത്ത് കൈതിയിലെ ചില ചിഹ്നങ്ങളും ചില കാര്യങ്ങളും അതില്‍ കണ്ടെത്തിയിരുന്നു പ്രേക്ഷകര്‍.
കൈതിയില്‍ അവസാനം നായകനെക്കുറിച്ച് ‘സംഭവം ഇറുക്ക്’ (ഒരു സംഭവം ഉണ്ട്) എന്ന് പറയുന്നുണ്ട്. ഇത് വലിയ വൈറലായ ഡയലോഗാണ്. ഈ സംഭവം വിക്രം ആണോ എന്ന ചോദ്യമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. എന്തായാലും ഇന്ന് രാവിലെ അഞ്ച് മണി മുതല്‍ വിക്രം ഷോകള്‍ ആരംഭിച്ചു കഴിഞ്ഞു.
ആദ്യ മണിക്കൂറുകളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മാനഗരം, കൈതി, മാസ്റ്റര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന സിനിമയാണ്. രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്ഹാസന് തന്നെയാണ് നിര്‍മാണം.
നരേന്, അര്ജുന് ദാസ്, കാളിദാസ് ജയറാം തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളായെത്തുന്നു. റിലീസിന് മുന്‍പ് തന്നെ ചിത്രം 200 കോടി ക്ലബില്‍ കയറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യത്യസ്ത ഭാഷകളില്‍ എത്തുന്ന ചിത്രം സാറ്റ്ലൈറ്റിലും ഒ.ടി.ടിയിലുമായാണ് ഭീമന് തുകയ്ക്ക് അവകാശം വിറ്റത്.
