പീഡിപ്പിച്ചതിന് ശേഷം സൗമ്യയെ വകവരുത്തി എന്ന് ജനപക്ഷം വിശ്വസിക്കുന്ന ഗോവിന്ദച്ചാമിയും ഇപ്പോൾ ഈ സഹോദരിയെ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരിക്കുന്ന വിജയ് ബാബുവും സമന്മാരാണ്! ആഞ്ഞടിച്ച് വീണ്ടും വീണ എസ് നായർ
നിർമ്മാതാവും നടനുമായ വിജയ് ബാബുവിന് എതിരെയുള്ള ബലാത്സംഗ കേസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ വിമർശനവുമായി വീണ്ടും അഡ്വ. വീണ എസ് നായർ. പീഡിപ്പിച്ചതിന് ശേഷം സൗമ്യയെ വകവരുത്തി എന്ന് ജനപക്ഷം വിശ്വസിക്കുന്ന ഗോവിന്ദച്ചാമിയും ഇപ്പോൾ ഈ സഹോദരിയെ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരിക്കുന്ന വിജയ് ബാബുവും സമന്മാരാണെന്ന് വീണ എസ് നായർ ഫേസ്ബുക്കിൽ കുറിച്ചു
ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്
വിജയ് ബാബുവിന് എന്തിന് ഒരു glorification ?
ആരാണ് ഈ വിജയ് ബാബു ??
കുറച്ചു സിനിമയെടുത്ത് മുക്കാൽ ചക്രത്തിന്റെ പുത്തൻ പണം കയ്യിൽ വന്നാൽ അയാൾക്ക് സ്ത്രീയെ ചൂഷണം ചെയ്യാമോ?വരുതിയിലാക്കാമോ?വിരട്ടാമോ? ഇവിടുത്തെ നീതിന്യായ സംവിധാനത്തെ ചൊൽപ്പടിക്ക് നിർത്തി അംഗരക്ഷകർ ആകുന്ന സംരക്ഷകരാക്കാമോ? സമ്പത്ത് സ്ത്രീകളെ ദുരുപയോഗം ചെയ്യാനുള്ള ലൈസൻസ് ആണോ? പണവും അധികാരകേന്ദ്ര സ്വാധീനവും അഹങ്കാരവും തലയ്ക്കു പിടിക്കുമ്പോൾ ഏതൊരു തെമ്മാടിയും ചെയ്യുന്ന നീച പ്രവർത്തിയാണ് വിജയ് ബാബുവും ചെയ്തത്.
ചൂഷണവിധേയയായ സഹോദരി പോലീസിന് ഒരു പരാതി നൽകുന്നു..ആ പരാതിയിൽ ഉടനടി നടപടി എടുക്കാതെ വച്ച് താമസിപ്പിക്കുന്നു. പൊലീസ് സംവിധാനം വിജയ് ബാബു വിനു തന്റെ സ്വാധീനശക്തി ഉപയോഗിക്കാനുള്ള അവസരം നൽകുന്നു. സുരക്ഷിതമായിമറ്റൊരു ദേശത്തേക്കു കടക്കാൻ സാഹചര്യമൊരുക്കുന്നു. ആ പിന്തുണയുടെ സ്രോതസ്സിൽ അഭിരമിച്ച് ലൈവ് വീഡിയോ ചെയ്ത് ഇരയേയും കേരളത്തിലെ സ്ത്രീ സമൂഹത്തെയും അപമാനിച്ചുകൊണ്ടും, അവഹേളിച്ചുകൊണ്ടും,നിയമത്തെ നോക്കുകുത്തിയാക്കി ,നിയമ സംവിധാനങ്ങളെ നോക്കി കൊഞ്ഞനംകുത്തുന്നു. ചാനൽ മുറികളിലേക്കും സൈബർ ഇടങ്ങളിലേക്കും അനുചരവൃന്ദത്തെ ഇറക്കിവിട്ടു ആ സഹോദരിയെ വീണ്ടും വീണ്ടും അപമാനിക്കുന്നു .പീഡിപ്പിച്ചതിന് ശേഷം സൗമ്യയെ വകവരുത്തി എന്ന് ജനപക്ഷം വിശ്വസിക്കുന്ന ഗോവിന്ദച്ചാമിയും ഇപ്പോൾ ഈ സഹോദരിയെ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരിക്കുന്ന വിജയ് ബാബുവും സമന്മാരാണ്!
