ഫോണിലേക്ക് കോടതി രേഖകൾ പറന്നെത്തി! കൂടെ നിന്ന് ചതിച്ചു, കളഞ്ഞു രേഖകള്‍ പുറത്തുപോയത് അവരിൽ നിന്ന്!?വിചാരണക്കോടതിയില്‍ നിന്നു രേഖകള്‍ ചോര്‍ന്നതായി കണ്ടെത്താനായില്ലെന്ന് സൂചന
പകര്‍പ്പെടുക്കാന്‍ പോലും അനുവാദമില്ലാത്ത സുപ്രധാന കോടതി രേഖകളും ദിലീപിന്റെ കൈയ്യിലുണ്ടായിരുന്നുവെന്നുള്ള വിവരം റിപ്പോര്‍ട്ടര്‍ ടിവി റിപ്പോർട്ട് ചെയ്തിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അതീവ രഹസ്യരേഖകള്‍ കേസില്‍ പ്രതിയായ ദിലീപിന്റെ മൊബൈലിലെത്തിയത് ഫോറന്‍സിക് വിദഗ്ധര്‍ ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു. വാട്സാപ്പ് വഴിയാണ് ദിലീപിന് രേഖകള്‍ ലഭിച്ചത്. ദിലീപിന്റെ ഫോണിലേക്ക് കോടതിയില്‍ നിന്നും രഹസ്യ രേഖകള്‍ എത്തിയെന്ന വിവരം പൊലീസ് തന്നെ സ്ഥിരീകരിച്ചത് വന്‍ വഴിത്തിരിവുകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്.
നടിയെ പീഡിപ്പിച്ച കേസിലെ രഹസ്യസ്വഭാവമുള്ള രേഖകള്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നോ വിചാരണക്കോടതിയായ അഡീഷണല്‍ സ്പെഷല്‍ സെഷന്‍സ് കോടതിയില്‍നിന്നോ പുറത്തുപോയിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണത്തില്‍ വ്യക്തമായതായി സൂചന. മംഗളം പത്രമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്
ഈ സാഹചര്യത്തില്‍, സെഷന്‍സ് കോടതിയില്‍ തൊണ്ടിമുതലിന്റെ ചുമതലയുള്ള ക്ലര്‍ക്ക്, ശിരസ്തദാര്‍ എന്നിവരെ ചോദ്യംചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് നല്കിയ അപേക്ഷ അനുവദിക്കാനുള്ള സാധ്യത മങ്ങി. സംശയിക്കപ്പെടാനുള്ള നേരിയ സാധ്യത പോലും ചോദ്യംചെയ്യല്‍ അനുവദിക്കുന്നതിലൂടെ നീക്കണമെന്ന അഭിപ്രായവും പരിഗണനയിലുണ്ട്.
കോടതി ജീവനക്കാരെ ചോദ്യംചെയ്യണമെങ്കില്‍ കോടതിയുടെ അനുമതി ആവശ്യമാണ്. രേഖകള്‍ ചോര്‍ന്നെന്ന ആരോപണം ഹൈക്കോടതി രജിസ്ട്രിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ആഭ്യന്തര അന്വേഷണത്തിനു നിര്‍ദേശിച്ചിരുന്നു. കോടതിയുടെ സുരക്ഷിത കസ്റ്റഡിയില്‍ വച്ചിട്ടുള്ള രേഖകളും തൊണ്ടിസാധനങ്ങളും പുറത്തുപോകാന്‍ സാധ്യതയില്ലെന്നാണു വിലയിരുത്തല്‍. തന്റെ ഭാവി പണയംവച്ച് ഒരു ജീവനക്കാരനും അവ ചോര്ത്തിക്കൊടുക്കാനിടയില്ല.
ഈ കേസിന്റെ തൊണ്ടിസാധനങ്ങള്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ എത്തിയപ്പോള്‍ അവ സൂക്ഷിക്കുന്നതിനു പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഡോ. കൗസര്‍ എടപ്പഗത്ത് ഒരു ജീവനക്കാരനെ പ്രത്യേകം ചുമതലപ്പെടുത്തിയിരുന്നു. നടിയെ പീഡിപ്പിച്ചതിന്റെ ദൃശ്യമടങ്ങിയ പെന്‍ഡ്രൈവ് അപ്പോള്‍ത്തന്നെ പരിശോധിച്ച് മുദ്രവച്ച് സേഫ് കസ്റ്റഡിയില്‍ വയ്ക്കുകയായിരുന്നു. ഒരു ജീവനക്കാരന് മാത്രം വിചാരിച്ചാല്‍ ഇവ പുറത്തുവിടാന്‍ കഴിയുകയുമില്ല. വിചാരണക്കോടതിയില്‍ നിന്നും രേഖകള്‍ പുറത്തുപോയതായി തെളിവില്ല. ജീവനക്കാര്‍ക്കു കൈക്കൂലി നല്കിയാല് കാര്യം നടക്കുമെന്ന തെറ്റിദ്ധാരണയുണ്ടാക്കുന്നതു വക്കീല്‍ ഗുമസ്തന്മാരാണെന്നാണ് ആക്ഷേപം. കോടതിയില്‍നിന്നു സൗജന്യമായി ലഭിക്കുന്ന രേഖകള്‍, കക്ഷികള്‍ക്കു നല്കുമ്പോള് ഗുമസ്തന്മാരില് ചിലര്‍ പണം വാങ്ങാറുണ്ട്. കോടതി ജീവനക്കാര്‍ക്കു നല്കാന് വേണ്ടിയാണു വാങ്ങുന്നതെന്നാണു കക്ഷിയാടു പറയുക. ഇതാണു കോടതി ജീവനക്കാരിലേക്കു സംശയമുന നീളാന്‍ കാരണമെന്നും വാദമുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ പെന്‍ഡ്രൈവ് മാത്രമേ പുറത്തുകൊടുക്കാന്‍ പറ്റാത്തതായുള്ളൂവെന്നാണു നിയമവൃത്തങ്ങള്‍ പറയുന്നത്. മുദ്രവച്ച കവറിലല്ലാത്ത രേഖകള്‍ കൊടുക്കാം. മുദ്രവച്ച കവറിലുള്ള രേഖ ജഡ്ജി പരിശോധിച്ചശേഷം വീണ്ടും സീല്‍ ചെയ്തു വയ്ക്കും. പകര്‍പ്പുകള്‍ ഏതെങ്കിലും കക്ഷി ആവശ്യപ്പെടുന്നപക്ഷം ജഡ്ജിക്കു തീരുമാനമെടുക്കാം. മാപ്പുസാക്ഷി, ക്രോസ് വിസ്താരം എന്നീ ആവശ്യങ്ങള്‍ക്കായാണു സാധാരണഗതിയില്‍ ഇവ ആവശ്യപ്പെടുന്നതും കോടതി കൊടുക്കാറുള്ളതും. ക്രിമിനല്‍ നടപടിച്ചട്ടം 164 പ്രകാരമുള്ള രഹസ്യമൊഴികളുടെ പകര്‍പ്പും ഇത്തരത്തില്‍ നല്‍കാറുണ്ട്. ലൈംഗിക പീഡനക്കേസായതിനാലാണു നടിയെ ആക്രമിച്ചകേസിന്റെ രേഖകള്‍ അനുമതിയില്ലാതെ പുറത്തു നല്കുന്നതിനു കോടതി വിലക്കുള്ളത്.
കോടതി രേഖകള്‍ പുറത്തുപോയിട്ടുണ്ടെങ്കില്‍ അതു പോലീസിന്റെ പക്കല്‍നിന്നോ മജിസ്ട്രേറ്റ് കോടതിയില്‍ നിന്നോ ആകാനാണു സാധ്യതയെന്നാണു വിലയിരുത്തല്‍. കാരണം, കോടതിക്കു കൈമാറുന്ന രഹസ്യമൊഴികള്‍ ഉള്‍പ്പെടെ എല്ലാ രേഖകളുടെയും പകര്‍പ്പ് അന്വേഷണസംഘത്തിന്റെ കൈവശമുണ്ടാകും.
നേരത്തെ ദിലീപിന്റെ ഫോണില്‍ നിന്നും കോടതി രേഖകളും നശിപ്പിച്ചുവെന്ന് സൈബര്‍ വിദഗ്ദന് സായ് ശങ്കര്‍ മൊഴി നല്‍കിയിരുന്നു. കോടതിയില്‍ നിന്നും കൈമാറിയ രഹസ്യ രേഖകളാണ് ദിലീപിന്റെ Q3 മൊബൈല്‍ ഫോണില്‍ നിന്നും നശിപ്പിച്ചതെന്നും സായ് ശങ്കര്‍ പ്രാഥമിക ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. വാട്സ് ആപ്പ് വഴി രേഖകള്‍ ദിലീപിന്റെ ഫോണില്‍ എത്തിയതെന്ന് സായ് ശങ്കര്‍ മൊഴി നല്‍കിയിരുന്നെങ്കിലും ആരാണ് കോടതി രേഖകള്‍ ദിലീപിന് കൈമാറിയതെന്ന് സായ് ശങ്കര്‍ വെളിപ്പെടുത്തിയിരുന്നില്ല.
അഭിഭാഷകന്റെ നിര്‍ദേശപ്രകാരമാണ് കൃത്യം നിര്‍വഹിച്ചതെന്നും സായ് ശങ്കര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ജഡ്ജിയോ സ്റ്റാഫോ ആയിരിക്കില്ലേ രേഖകള്‍ അയച്ചതെന്ന പൊലീസിന്റെ ചോദ്യത്തിന് സ്വാഭാവികമെന്ന മറുപടിയാണ് സായ് ശങ്കര്‍ നല്‍കിയത്. ഇതിന് പിന്നാലെ രേഖകള്‍ വീണ്ടെടുക്കാന്‍ സായ്യുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ഐമാക് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചിരുന്നു. ദിലീപിന്റെ ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചത് സായ് ശങ്കര്‍ തന്നെയാണെന്ന് അന്വേഷണസംഘം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. 2022 ജനുവരി 29 മുതല്‍ 31 വരെയുള്ള തീയതികളില്‍ കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
