ദൈവത്തിന്റെ കൈ എടുത്ത് മാറ്റുന്നതിന് വേണ്ടി കുറേ പിശാചുക്കള്‍ ഇറങ്ങിയിട്ടുണ്ട്… അവർ അവരുടെ അവസാനത്തെ അടവും ഇപ്പോള്‍ പയറ്റുകയാണ്. അത് നടപ്പിലാക്കാന്‍ വേണ്ടി എന്ത് വിലകൊടുത്തും ആരെ വിലക്കെടുത്തും ഇതിന്റെ അകത്തെ ഇടപെടലിന് വേണ്ടി ചിലർ ഇറങ്ങിയിരിക്കുന്നു
നടിയെ ആക്രമിച്ച കേസിൽ ദിനംപ്രതി നിർണായക ട്വിസ്റ്റുകൾ തന്നെയാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ കേസുമായി ബന്ധപ്പെട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി മുമ്പാകെയും വിചാരണക്കോടതി മുമ്പാകെയും രണ്ട് അപേക്ഷകളാണ് അന്വേഷണ സംഘം സമർപ്പിച്ചിരുന്നതെന്ന് അഡ്വ. അജകുമാറിന്റെ വെളിപ്പെടുത്തൽ.
നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോർന്നതുമായി ബന്ധപ്പെട്ട് ചില ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ അനുവാദം തേടിയുള്ള അപേക്ഷയായിരുന്നു പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ നല്‍കിയത്. കോടതി രേഖകള്‍ പുറത്ത് പോയതുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള അനുമതിയായിരുന്നു ആ കോടതി മുമ്പാകെ തേടിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
രണ്ടും രണ്ട് കേസുകളും രണ്ട് അന്വേഷണവുമാണ്. കോടതി ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യുന്നതിന്റെ പ്രോട്ടോക്കോള്‍ എന്ന നിലയില്‍ ആ കോടതിയുടെ അനുമതി തേടുക എന്നുള്ളത് സ്വാഭാവികമായ കാര്യമാണ്. എന്നാല്‍ സിആർപിസി പ്രകാരം അങ്ങനെ ഒരു വകുപ്പോ അനുമതിയുടേയോ ആവശ്യം ഇല്ല. ജൂഡിഷ്യല്‍ ഓഫീസർമാരെ ചോദ്യം ചെയ്യുന്നതിന് സുപ്രീംകോടതിയുടെ ഒരു മാർഗ്ഗനിർദേശം ഉണ്ട്. അവരെ പ്രതിയായോ സാക്ഷിയായോ ചോദ്യം ചെയ്യണമെങ്കില്‍, ജില്ലാതലത്തിലുള്ള ജീവനക്കാരാണെങ്കില്‍ ജില്ലാ ജഡ്ജിമാരുടെ അനുവാദവും അതിന് മുകളിലുള്ളവരാണെങ്കില്‍ ഹൈക്കോടതിയുടേയും അനുവാദം വേണം.
കൂടാതെ ജുഡീഷ്യല്‍ സ്റ്റാഫ് എന്തെങ്കിലും തിരിമറി നടത്തുകയാണെങ്കില്‍ അത് സംബന്ധിച്ച ഒരു ഹൈക്കോടതി സർക്കുലറും നിലവിലുണ്ട്. ഇത്തരം കാര്യങ്ങള്‍ ഹൈക്കോടതി വിജിലന്‍സ് അന്വേഷിച്ചാല്‍ മതിയെന്നാണ് ആ സർക്കുലർ പറയുന്നതെന്നാണ് എന്റെ ഓർമ്മ. അതല്ലാത്തെ സിആർപിസി പ്രകാരമോ, മറ്റേതെങ്കിലും വകുപ്പുകള്‍ പ്രകാരമോ ഒരു അന്വേഷണത്തിന്റെ ഭാഗമായി കോടതി സ്റ്റാഫുകളെ ചോദ്യം ചെയ്യുന്നതിന് ഒരു തടസ്സവും അന്വേഷണ ഉദ്യോഗസ്ഥർക്കില്ല എന്നാണ് എന്റെ അറിവ് അനുസരിച്ചുള്ള വസ്തുതയെന്നും അജകുമാർ വ്യക്തമാക്കുന്നു. അങ്ങനെയെങ്കില്‍ ഈ കേസുമായി ബന്ധപ്പെട്ട് കോടതി സ്റ്റാഫിനെ ചോദ്യം ചെയ്യാന്‍ എന്ത് അധികാരമെന്ന് കോടതി ചോദിച്ചതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഒരു കോടതി സ്റ്റാഫിനെ അന്വേഷണത്തില്‍ ചോദ്യം ചെയ്യുന്നതിന് മുമ്പായി എന്ത് രേഖകളാണെന്ന് കോടതി ചോദിക്കുന്നത് എത്രത്തോളം ശരിയാണ് എന്നും എനിക്ക് അറിയില്ല. എന്റെ അഭിപ്രായത്തില്‍ അത് അന്വേഷണത്തിലെ ഒരു ഇടപെടലാവില്ലെ എന്ന സംശയം ഉണ്ട്. ഒരു കോടതിക്കും അന്വേഷണം നടത്തിക്കൊണ്ടിരിക്കെ, ഹൈക്കോടതിക്ക് 482 വില്‍ അല്ലാതെ അന്വേഷണത്തില്‍ ഇടപെടാന്‍ കേസ് പരിഗണിക്കുന്ന കോടതിക്ക് അധികാരമില്ല. ഇതിനെ സംബന്ധിച്ച് ഇനിയൊരു തീരുമാനം എടുക്കേണ്ടത് കോടതിയാണ്. ആ തീരുമാനത്തില്‍ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അവർക്ക് വേണമെങ്കില്‍ മേല്‍ക്കോടതിയായ ഹൈക്കോടതിയിലേക്ക് പോവമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തുടരന്വേഷണം എന്നത് വിചാരണക്കോടതി തന്നെ അനുവദിച്ചിട്ടുള്ള കാര്യമാണ്. തുടരന്വേഷണത്തിന് കോടതിയുടെ അനുമതി വേണ്ട എന്നുള്ളതാണ് ഇപ്പോഴത്തെ നിയമത്തിന്റെ സ്ഥിതി. പക്ഷെ അക്കാര്യം കോടതിയെ അറിയിക്കണം. ഇതെല്ലാം ഇവിടെ ചെയ്തിട്ടുണ്ട്. അതിനപ്പുറം ഈ അന്വേഷണത്തിന്റെ ഭാഗമായി എന്തൊക്കെ അന്വേഷിക്കണം എന്ന് തീരുമാനിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥരാണ്. വളരെ വേഗതയില്‍ മുന്നോട്ട് പോവേണ്ട ഒരു സാഹചര്യം നിലവില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ വന്നിട്ടുണ്ട്. അതിന് രണ്ട് കാര്യമുണ്ട്. ആദ്യത്തേ ഈ അന്വേഷണത്തിന്റെ സമയപരിധി രണ്ടാഴ്ച്ചക്കുള്ളില്‍ അവസാനിക്കും എന്നുള്ളതാണ്.
ഇത് വലിയ പ്രശ്നം തന്നെയാണ്. കിട്ടുന്ന രേഖകള്‍ എല്ലാം തന്നെ പരിശോധനയ്ക്ക് അയച്ച് അതിന്റെ റിപ്പോർട്ടുകള്‍ കിട്ടേണ്ട ഒരു ബാധ്യതയും അന്വേഷണ സംഘത്തിന് മുന്നില്‍ വരുന്നുണ്ട്. അതും വലിയ വെല്ലുവിളിയാണ്. അതിനേക്കാള്‍ വലിയൊരു കാര്യം എന്ന് പറയുന്നത്. ഈ കേസില്‍ നിന്നും ദൈവത്തിന്റെ കൈ എടുത്ത് മാറ്റുന്നതിന് വേണ്ടിയിട്ട് കുറേ പിശാചുക്കള്‍ ഇറങ്ങിയിട്ടുണ്ട് എന്നുള്ളത് സത്യമാണ്. അവർ അവരുടെ അവസാനത്തെ അടവും ഇപ്പോള്‍ പയറ്റുകയാണ്. അത് നടപ്പിലാക്കാന്‍ വേണ്ടി എന്ത് വിലകൊടുത്തും ആരെ വിലക്കെടുത്തും ഇതിന്റെ അകത്തെ ഇടപെടലിന് വേണ്ടി ചിലർ ഇറങ്ങിയിരിക്കുന്നു എന്നുള്ളത് സത്യമാണ്. എന്നാല്‍ എനിക്ക് ഈ നാട്ടിലെ മുഖ്യമന്ത്രിയെ വിശ്വാസമാണ്. കാരണം അദ്ദേഹം അമ്മയെ ദൈവത്തെപോലെ സ്നേഹിക്കുന്ന മകനാണ്. അങ്ങനെയൊരു മകന്‍ നില്‍ക്കുമ്പോള്‍ ഈ കേസ് അദ്ദേഹത്തിന്റെ ആഭ്യന്തരവകുപ്പിന് കീഴില്‍ അട്ടിമറിക്കാന്‍ ശ്രമിക്കില്ല എന്ന് വിശ്വസിക്കാനാണ് എനിക്ക് വിശ്വാസം. പിണറായി വിജയന്‍ എന്ന ആഭ്യന്തരവകുപ്പ് മന്ത്രി കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കില്‍ ഈ കേസിന് ഒത്ത വിലയിട്ട് ഈ എട്ടാംപ്രതി എടുക്കുമായിരുന്നു എന്നുള്ള കാര്യവും ധൈര്യപൂർവ്വം പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണെന്നും അജകുമാർ പറയുന്നു.
