News
ദിലീപിന്റെ ഫോണും ചതിച്ചു, തേച്ച് മാച്ചതെല്ലാം പൊക്കി!? പരിശോധന ഫലം പുറത്ത് വന്നു! ഉടൻ അത് സംഭവിക്കും
ദിലീപിന്റെ ഫോണും ചതിച്ചു, തേച്ച് മാച്ചതെല്ലാം പൊക്കി!? പരിശോധന ഫലം പുറത്ത് വന്നു! ഉടൻ അത് സംഭവിക്കും
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെ കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ പരിശോധന ഫലം എത്തി. ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ കൈമാറിയ റിപ്പോർട്ടിന്റെ പകർപ്പ് അടുത്ത ദിവസം തന്നെ അന്വേഷണ സംഘത്തിന് ലഭിക്കും.
തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലായിരുന്നു പരിശോധന. വാട്സാപ്പ് ചാറ്റുകളും ഫോണ്‍കോള്‍ വിവരങ്ങളും അടക്കമുള്ള വിവരങ്ങളാണ് ഇവിടെ നിന്നും കോടതിയിലേക്ക് എത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ആറ് ഫോണുകളുടെ പരിശോധന ഫലമാണ് ലഭിച്ചിരിക്കുന്നത്. ഇതില്‍ രണ്ടെണ്ണമാണ് ദിലീപ് ഉപയോഗിച്ചിരുന്നത്. സഹോദരന് അനൂപ് 2017 ലും 2022 ലും ഉപയോഗിച്ച രണ്ട് ഫോണുകളും സുരാജ് ഉപയോഗിച്ച് ഹുവായ് ഫോണുമായിരുന്നു പരിശോധനയ്ക്ക് ഹാജരാക്കിയിരിക്കുന്നത്.
വധഗൂഢാലോചന കേസിൽ ഏറെ നിർണായകമാണ് ദിലീപിന്റേയും കൂട്ടുപ്രതികളുടേയും ഫോണുകൾ. ഒന്നാം പ്രതി ദിലീപ്, സഹോദരനും രണ്ടാം പ്രതിയുമായ പി അനൂപ്, സഹോദരീ ഭർത്താവും മൂന്നാം പ്രതിയുമായ ടി എൻ സൂരജ് എന്നിവരുടെ ഫോണുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. തുടക്കത്തിൽ ഫോണുകൾ കൈമാറാൻ പ്രതികൾ തയ്യാറായിരുന്നില്ല. ഫോണില്‍ തന്റെ ചില സ്വകാര്യ സംഭാഷണങ്ങളും മുന്‍ ഭാര്യയായ മഞ്ജു വാര്യരുമായും കുടുംബാംഗങ്ങളുമായും അഭിഭാഷകനുമായുമൊക്കെ നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യുമെന്നായിരുന്നു ദിലീപിന്റെ വാദം. എന്നാൽ മൂന്ന് പ്രതികളുടേയും ഫോണുകളിലെ വിവരങ്ങൾ പരിശോധിക്കാതെ അന്വേഷണം പൂർത്തിയാക്കാൻ സാധിക്കില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിക്കുകയായിരുന്നു.
അന്വേഷണ സംഘം ആവശ്യപ്പെട്ടപ്പോള്‍ തന്റെ ഫോണുകള്‍ മുംബൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാന്‍ നല്‍കിയെന്നായിരുന്നു ദിലീപ് നേരത്തെ കോടതിയെ അറിയിച്ചത്. എന്നാല്‍ ഫോണ്‍ കോടതിയില്‍ ഹാജരാക്കി സർക്കാർ അംഗീകൃത ലാബില്‍ പരിശോധനയ്ക്ക് അയക്കാന്‍ കോടതി നിർദേശിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഫോണുകള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയച്ചത്.
ഫോണില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടൻ ദിലീപിനെയും സഹോദരൻ അനൂപിനെയും സഹോദരീഭർത്താവ് സുരാജിനെയും ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യംചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാവാനായി ഇവർക്കെല്ലാം പോലീസ് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.
കോടതി നിർദേശ പ്രകാരം ജനുവരി 31-ന് ആണ് പ്രതികൾ അഭിഭാഷകൻ മുഖേന ഹൈക്കോടതി രജിസ്ട്രാർ ജനറലിന് ഫോൺ കൈമാറുകയായിരുന്നു. ആവശ്യപ്പെട്ട മുഴുവന്‍ ഫോണുകളും ലഭിച്ചില്ലെന്ന നിലപാടായിരുന്നു അന്വേഷണ സംഘവും പ്രോസിക്യൂഷനും അന്ന് സ്വീകരിച്ചിരുന്നത്. ഹൈക്കോടതിയിൽനിന്ന് ഫോണുകൾ ആലുവ മജിസ്ട്രേറ്റ്കോടതിയിലേക്കും.തുടർന്ന് ഇവ പരിശോധിക്കാൻ തിരുവനന്തപുരം ഫൊൻസിക് ലാബിലേക്കും അയയ്ക്കുകയായിരുന്നു. ദിലീപ് 2017 മുതൽ ഉപയോഗിച്ച ഐ ഫോണ്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയില്ലെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. ഐ ഫോൺ-10 ആണ് ഇത്. ഐ-ഫോൺ 13 പ്രൊ-ഐഫോൺ 12 പ്രൊ-മാക്സ്, വിവോ ഫോൺ തുടങ്ങിയവയാണ് ദിലീപിന്റേതായി നിലവില്‍ ഹാജരാക്കിയിരിക്കുന്ന ഫോണുകള്‍. ഐ ഫോൺ-10 ദിലീപ് ഉപയോഗിച്ച കാലയളവ് അടക്കം അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു ഫോണിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന നിലപാടായിരുന്നു ദിലീപ് സ്വീകരിച്ചത്.
