Tamil
ഇത്തവണയും നയൻതാര തന്നെ മുക്കുത്തി അമ്മൻ; ഔദ്യോഗിക പ്രഖ്യാപനം എത്തി
ഇത്തവണയും നയൻതാര തന്നെ മുക്കുത്തി അമ്മൻ; ഔദ്യോഗിക പ്രഖ്യാപനം എത്തി
നിരവധി ആരാധകരുളള താരമാണ് നയൻതാര. തെന്നിന്ത്യയുടെ ലേഡിസൂപ്പർ സ്റ്റാർ. നടി പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് മൂക്കുത്തി അമ്മൻ. ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുന്നതായുള്ള വാർത്തകൾ നേരത്തെ വന്നിരുന്നു. എന്നാൽ ഇത്തവണ മുക്കുത്തിയമ്മനാകാൻ നയൻതാര എത്തുന്നില്ലെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു.
മാത്രമല്ല, നയൻതാരയ്ക്ക് പകരം തൃഷയാണ് മുക്കുത്തിയമ്മനാകാൻ എത്തുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. നയൻതാര തന്നെയാണ് ഇക്കുറിയും സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ് വിവരം.
‘നന്മയ്ക്ക് അവളുടെ അനുഗ്രഹം ലഭിക്കട്ടെ. തിന്മ അവളുടെ കാൽക്കൽ പതിക്കട്ടെ,’ എന്ന കുറിപ്പോടെയാണ് അണിയറപ്രവർത്തകർ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ആർ ജെ ബാലാജിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2020-ൽ ആർ ജെ ബാലാജി, എൻ ജെ ശരവണൻ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത മൂക്കുത്തി അമ്മൻ കോമഡി പശ്ചാത്തലത്തിലാണ് ഒരുങ്ങിയത്.
മൂക്കുത്തി അമ്മനിൽ ബാലാജിയെ കൂടാതെ, ഉർവ്വശി, അജയ് ഘോഷ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. രണ്ടാം ഭാഗത്തിലും ഇതേ താരങ്ങൾ തന്നെയാകും അണിനിരക്കുക. ജീവിക്കാനായി കഷ്ടപ്പെടുന്ന ഒരു യുവാവിന്റെയും കുടുംബത്തിന്റെയും മുന്നിൽ അവരുടെ കുലദൈവമായ മുക്കുത്തി അമ്മൻ പ്രത്യക്ഷപ്പെടുന്നതും തുടർന്നുണ്ടാകുന്ന രസകരമായ അനുഭവങ്ങളുമാണ് ചിത്രം പറയുന്നത്.
അതേസമയം, മലയാള ചിത്രമായ ‘ഡിയർ സ്റ്റുഡൻസ്’ ആണ് നയൻതാരയുടെ പുതിയ ചിത്രം, നിവിൻ പോളി നായകനായ ചിത്രത്തിന്റെ ചിത്രീകരണം ഫോർട്ട് കൊച്ചിയിൽ പുരോഗമിക്കുകയാണ്.
കോളേജ് അദ്ധ്യാപികയുടെ വേഷത്തിലാണ് നയൻതാര എത്തുന്നത്. നിവിൻ പോളിയും കോളേജ് കുട്ടികളും ചേർന്നുള്ള കോമ്പിനേഷൻ സീനാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്.
ജവാൻ, അന്നപൂരാണി തുടങ്ങിയ സിനിമകളാണ് നടിയുടേതായി പുറത്തെത്തിയത്. എന്നാൽ അന്നപൂരണി നടിയ്ക്ക് വലിയ തിരിച്ചടിയായിരുന്നു, അന്നപൂരണി സിനിമയിലെ മതനിന്ദ ആരോപിച്ച് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നടി നയൻതാരക്ക് എതിരെ കേസ് വന്നിരുന്നു. ചിത്രത്തിന്റെ സംവിധായകൻ, നിർമാതാവ്, നെറ്റ്ഫ്‌ലിക്‌സ് അധികൃതർ എന്നിവർക്കെതിരേയും കേസ് രജിസ്റ്റർ ചെയ്തിരുന്നു.
