News
നയന്‍താരയുടെ ‘അന്നപൂരണി’യ്ക്കെതിരെ പുതിയ കേസുകള്‍ കൂടി
നയന്‍താരയുടെ ‘അന്നപൂരണി’യ്ക്കെതിരെ പുതിയ കേസുകള്‍ കൂടി
നടി നയന്‍താര നായികയായ ‘അന്നപൂരണി’ എന്ന സിനിമയ്ക്കെതിരെ മധ്യപ്രദേശിലും മഹാരാഷ്ട്രയിലും പുതിയ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സിനിമ നെറ്റ്ഫ്ളിക്സില്‍ നിന്ന് പിന്‍വലിച്ചതിനു പിന്നാലെയാണ് പുതിയ കേസുകള്‍. മധ്യപ്രദേശിലെ ജബല്‍പുരില്‍ ഹിന്ദുസേവ പരിഷത്ത് എന്ന സംഘടനയുടെ ഭാരവാഹിയാണ് പരാതി നല്‍കിയത്.
സിനിമയിലൂടെ ശ്രീരാമനെ മോശമായി ചിത്രീകരിക്കുകയും ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുകയും ചെയ്തെന്നും ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. വിവാദമുയര്‍ന്നതിനേ തുടര്‍ന്ന് ചിത്രം നെറ്റ്ഫ്ലിക്സ് തങ്ങളുടെ പ്ലാറ്റ്ഫോമില്‍ നിന്ന് പിന്‍വലിച്ചിരുന്നു.
ക്ഷേത്രപൂജാരിയുടെ മകള്‍ ഹിജാബ് ധരിച്ച് നിസ്കരിക്കുന്നതും ബിരിയാണിവെക്കുന്നതുമായ ദൃശ്യങ്ങള്‍ സിനിമയിലുണ്ട് എന്നതാണ് വിവാദത്തിന് ഇടയാക്കിയത്. സിനിമ ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന പരാതിയില്‍ നേരത്തെ മുംബൈ പോലീസും കേസെടുത്തിരുന്നു.
നയന്‍താര, സിനിമയുടെ സംവിധായകന് നിലേഷ് കൃഷ്ണ, നായകന് ജയ് എന്നിവരുടെയും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും പേരിലായിരുന്നു കേസ്. ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതും ഹിന്ദുമതത്തെ അവഹേളിക്കുന്നതുമാണ് സിനിമ എന്നുകാണിച്ച് രമേഷ് സോളങ്കിയാണ് മുംബൈയിലെ എല്‍.ടി. മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കിയത്. ഡിസംബര്‍ ഒന്നിന് തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 29നാണ് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തത്.
