Connect with us

അവരുടെ കുഞ്ഞിനെ ഞാന്‍ ചുംബിച്ചപ്പോള്‍ ശകാരിച്ചു, അതിന് ശേഷം കുട്ടികളെ എടുത്ത് കൊഞ്ചിക്കാറില്ലായിരുന്നു; നവ്യ നായര്‍

Actress

അവരുടെ കുഞ്ഞിനെ ഞാന്‍ ചുംബിച്ചപ്പോള്‍ ശകാരിച്ചു, അതിന് ശേഷം കുട്ടികളെ എടുത്ത് കൊഞ്ചിക്കാറില്ലായിരുന്നു; നവ്യ നായര്‍

അവരുടെ കുഞ്ഞിനെ ഞാന്‍ ചുംബിച്ചപ്പോള്‍ ശകാരിച്ചു, അതിന് ശേഷം കുട്ടികളെ എടുത്ത് കൊഞ്ചിക്കാറില്ലായിരുന്നു; നവ്യ നായര്‍

മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. സിബി മലയില്‍ ഒരുക്കിയ ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്.

ഇതിലൂടെ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. വിവാഹത്തോടെ സിനിമയില്‍ നിന്ന് നവ്യ ഇടവേളയെടുത്തിരുന്നു. 2010ല്‍ ആയിരുന്നു നവ്യയുടെ വിവാഹം. സന്തോഷ് മേനോന്‍ എന്ന ബിസിനസുകാരനെയാണ് താരം വിവാഹം ചെയ്തത്. ഇരുവര്‍ക്കും ഒരു മകനുണ്ട്. ശേഷം സീന്‍ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്.

ഇപ്പോഴിതാ നവ്യ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. രക്തബന്ധത്തിലുള്ള കുഞ്ഞിനെ താലോലിക്കാന്‍ കയ്യിലെടുത്തപ്പോള്‍ തനിക്കു നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നവ്യ നായര്‍. കുഞ്ഞിനെ കയ്യിലെടുത്ത് ചുംബിച്ചപ്പോള്‍ ആട്ടിപ്പായിക്കുന്ന പോലത്തെ പ്രതികരണമായിരുന്നു ആ കുഞ്ഞിന്റെ അമ്മയുടെ പക്കല്‍ നിന്നുമുണ്ടായത്. പിന്നീട് നവ്യ മറ്റു കുഞ്ഞുങ്ങളെ ഓമനിക്കുന്ന ശീലം ഉപേക്ഷിച്ചു.

ഏറെക്കാലത്തിനു ശേഷം പരിചയം പോലുമില്ലാത്ത ഒരു കുഞ്ഞിനെ കൊഞ്ചിക്കാന്‍ കിട്ടിയ മനോഹരമായ നിമിഷത്തെക്കുറിച്ച് വാചാലായപ്പോഴാണ് തനിക്കുണ്ടായ പഴയ അനുഭവം നടി ഓര്‍ത്തെടുത്തത്. പെണ്‍കുഞ്ഞിനെ എടുത്ത് ഓമനിക്കുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. വിഡിയോയ്‌ക്കൊപ്പമാണ് പണ്ടു സംഭവിച്ച കാര്യത്തെക്കുറിച്ച് നടി വെളിപ്പെടുത്തിയത്.

”പഴയപോലെ കുട്ടികളെ എടുത്ത് കൊഞ്ചിക്കാറില്ലായിരുന്നു. എന്റെ തന്നെ കുടുംബത്തിലെ കുട്ടിയായിരുന്നു, പുറത്തുവളര്‍ന്നതുകൊണ്ട് അവളുടെ വര്‍ത്തമാനം ഇംഗ്ലിഷും മലയാളവും കുഴകുഴഞ്ഞു കേള്‍ക്കാന്‍ നല്ല രസമായിരുന്നു. അവള്‍ക്കെന്നെ ഇഷ്ടമായി ഞങ്ങള്‍ കുറെ കുശലങ്ങള്‍ പറഞ്ഞു. പോരുന്നനേരം അവള്‍ക്കൊരു ഉമ്മ കൊടുത്തു. കവിളിലും നെറ്റിയിലും ചുണ്ടിലും, ക്ഷുഭിതയായ അവളുടെ അമ്മ, അന്യരെ ഉമ്മ വയ്ക്കാന്‍ അനുവദിക്കരുതെന്ന് നിന്നോട് പറഞ്ഞിട്ടില്ലേ എന്ന് കുട്ടിയോട് ചോദിച്ച് ശകാരിച്ചു.

ഒരു നിമിഷം ഞാന്‍ സ്തബ്ദയായിപ്പോയി. അവളുടെ അച്ഛനും ഞാനും ഒരു വീട്ടില്‍ ഉണ്ടും ഉറങ്ങിയും വളര്‍ന്നവരാണ്, രക്തബന്ധം ഉള്ളവരാണ്. എന്റെ കണ്ണുകള്‍ നിറഞ്ഞു ഒന്നും പറയാതെ വിടവാങ്ങി. അതിനു ശേഷം കുഞ്ഞുങ്ങളോടുള്ള അമിത സ്‌നേഹപ്രകടനത്തിനൊരു ഇളവ് വരുത്തി. പക്ഷേ ഇവള്‍ എന്നെ വശീകരിച്ചു. താജ്മഹലോളം തന്നെ. പേരറിയാത്ത മാതാപിതാക്കളെ ഞാന്‍ അവളെ വാരിപ്പുണരുമ്പോള്‍ നിങ്ങളുടെ മുഖത്ത് കണ്ട ആ സന്തോഷം എന്നെ ധന്യയാക്കി. വാവേ നിന്റെ പേര് ചോദിച്ചു, എങ്കിലും ഈ ആന്റി മറന്നു, കാണുകയാണെങ്കില്‍ കമന്റ് ബോക്‌സില്‍ പേര് ഇടണം, അതുവരെ ഇവളെ മാലാഖ എന്ന് വിളിക്കട്ടെ” എന്നും നവ്യ നായര്‍ കുറിച്ചു.

അതിനുശേഷം കുഞ്ഞിന്റെ പേര് കിട്ടി എന്നും അമാല്‍ ഇനാരാ എന്നാണ് കുട്ടിയുടെ പേരെന്നും നവ്യ കുറിച്ചു. നവ്യ കുഞ്ഞിനെ ഓമനിക്കുന്ന മനോഹരമായ വിഡിയോക്ക് നിരവധി പേരാണ് കമന്റുമായെത്തിയത്. താനും ഇത്തരത്തില്‍ കുഞ്ഞിനെ കണ്ടാല്‍ എടുത്ത് ഓമനിക്കാറുണ്ട് എന്നാണ് പലരും കമന്റ് ചെയ്തത്. കുഞ്ഞുങ്ങള്‍ക്ക് നമ്മളെ പോലെ അമ്യൂണിറ്റി ഇല്ല.. പെട്ടെന്ന് രോഗങ്ങള്‍ പിടി പെടാന്‍ സാധ്യത ഉണ്ട്..അതുകൊണ്ടായിരിക്കാം അവര്‍ അങ്ങനെ പറയുന്നത്.

പലരും കമന്റ് ബോക്‌സില്‍ പറയുന്നത് കണ്ടു ആ അമ്മയാണ് ശരിയെന്നു… ആയിരിക്കാം പക്ഷെ സ്വന്തം കൂടെപ്പിറപ്പിനെ പോലെ കണ്ട ഒരാളുടെ കുഞ്ഞാവുമ്പോള്‍ നമുക്ക് അമിത സ്‌നേഹം തോന്നും… നമ്മുടെ കുഞ്ഞ്ഞുങ്ങളോടെന്ന പോലെ…പറഞ്ഞു കൊടുക്കണം കുഞ്ഞ്ഞുങ്ങള്‍ക്ക് അവര്‍ പോയി ക്കഴിഞ്ഞു നല്ല രീതിയില്‍ പറഞ്ഞു കൊടുക്കാം, നമ്മുടെ കുഞ്ഞുങ്ങളെ മറ്റുള്ളവര്‍ കൊഞ്ചിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നത് ഏറ്റവും സന്തോഷമുള്ള കാര്യമാണ് അതിനു മനസു സമ്മതിക്കാത്തവരോട് കഷ്ടം എന്ന് മാത്രം എന്നിങ്ങനെയാണ് കമന്റുകള്‍.

More in Actress

Trending