Malayalam
‘അത് കഴിഞ്ഞ് ദിലീപേട്ടന് കവിളില്‍ ഒരുമ്മ കൊടുക്കുന്ന സീനുണ്ട്. 12 ടേക്കുകള്‍ പോയി; വെപ്രാളവും ടെന്‍ഷനും ആയിരുന്നുവെന്ന് നവ്യ
‘അത് കഴിഞ്ഞ് ദിലീപേട്ടന് കവിളില്‍ ഒരുമ്മ കൊടുക്കുന്ന സീനുണ്ട്. 12 ടേക്കുകള്‍ പോയി; വെപ്രാളവും ടെന്‍ഷനും ആയിരുന്നുവെന്ന് നവ്യ
മലയാള സിനിമയില്‍ 2000 ത്തിന്റെ തുടക്ക വര്‍ഷങ്ങളില്‍ നിറഞ്ഞ് നിന്ന നായിക നടിയാണ് നവ്യ നായര്‍. സ്വാഭാവിക അഭിനയം കൊണ്ട് ശ്രദ്ധ നേടിയ നവ്യക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചു. ഇഷ്ടം ആയിരുന്നു നടിയുടെ ആദ്യ സിനിമ. ചിത്രത്തില്‍ നടന്‍ ദിലീപായിരുന്നു നായകന്‍. നന്ദനം എന്ന സിനിമയ്ക്ക് ശേഷമാണ് അഭിനേത്രിയെന്ന നിലയില്‍ നവ്യയെ പ്രേക്ഷകര്‍ ശ്രദ്ധിച്ച് തുടങ്ങിയത്. പിന്നീട് കല്യാണരാമന്‍, പാണ്ടിപ്പട, ഗ്രാമഫോണ്‍ തുടങ്ങി ഹിറ്റ് സിനിമകളുടെ ഭാഗമാവാന്‍ നവ്യക്ക് കഴിഞ്ഞു.
വിവാഹ ശേഷമാണ് നടി അഭിനയ രംഗത്ത് നിന്നും മാറിയത്. ഇടവേളയ്ക്ക് ശേഷം നടി വീണ്ടും സിനിമകളിലേക്കെത്തി. തിരിച്ചു വരവില്‍ ഒരുത്തീ എന്ന സിനിമയാണ് നവ്യക്ക് ഏറെ പ്രശംസ നേടിക്കൊടുത്തത്. വികെപി ഒരുക്കിയ സിനിമയില്‍ മികച്ച പ്രകടനം നവ്യ കാഴ്ച വെച്ചു. നടിയുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ ദിലീപിനെക്കുറിച്ച് നവ്യ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘ആദ്യ സിനിമ ഇഷ്ടത്തില്‍ അഭിനയിക്കുമ്പോള്‍ ദിലീപേട്ടന്റെ മുഖത്ത് നോക്കി ഐ ഡോണ്ട് വാണ്ട് ടു മിസ് യു എന്ന് പറയുന്ന ഡയലോഗുണ്ട്. എനിക്കാണെങ്കില്‍ ശരിക്കും ഈ ഡയലോഗ് പറയുന്ന പോലെയൊക്കെ തോന്നും. അയ്യോ അങ്ങനെയൊന്നുമല്ലല്ലോയെന്ന്’.
‘അത് കഴിഞ്ഞ് ദിലീപേട്ടന് കവിളില്‍ ഒരുമ്മ കൊടുക്കുന്ന സീനുണ്ട്. 12 ടേക്കുകള്‍ പോയി. ഇവിടം വരെ വന്ന് അപ്പോള്‍ തന്നെ തിരിച്ച് പോവും. മുഖത്തൊക്കെ വേറെ എക്‌സ്പ്രഷന്‍. സ്‌നേഹത്തോടെ വന്ന് ഉമ്മ കൊടുക്കുന്നതാണ് സീന്‍. സ്‌നേഹമില്ലെന്ന് മാത്രമല്ല വെപ്രാളവും ടെന്‍ഷനും,’എന്നും നവ്യ പറഞ്ഞു.
മലയാളത്തില്‍ ദിലീപിനോടൊപ്പം ഒരുപിടി സിനിമകളില്‍ നവ്യ അഭിനയിച്ചിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗവും ഹിറ്റാണ്. പാണ്ടിപ്പട, കല്യാണരാമന്‍, ഇഷ്ടം, ഗ്രാമഫോണ്‍ എന്നിവയാണ് ദിലീപും നവ്യ നായരും നായികാ നായകന്‍മാരായ സിനിമകള്‍. പാണ്ടിപ്പടയും കല്യാണരാമനും വന്‍ ജനപ്രീതി നേടി. ഇഷ്ടത്തിലെ ഫോട്ടോഷൂട്ട് സമയത്തുണ്ടായ അനുഭവവും നവ്യ നേരത്തെ പങ്കുവെച്ചിരുന്നു. ആദ്യ ഫോട്ടോഷൂട്ടിന്റെ സമയത്ത് ദിലീപേട്ടന്‍ തോളത്ത് കൈ വെക്കണം.
ദിലീപേട്ടന്‍ തോളത്ത് കൈ വെച്ചപ്പോള്‍ തനിക്ക് നെഞ്ചിടിപ്പായിരുന്നെന്ന് നവ്യ തുറന്ന് പറഞ്ഞു. ദിലീപേട്ടന്‍ ഇത് മനസ്സിലാക്കുകയും പേടിക്കേണ്ട ഒരു ഫോട്ടോ എടുക്കുന്നു, നമ്മള്‍ തിരിച്ചു പോവുന്നു എന്ന് പറഞ്ഞതായും നവ്യ ഓര്‍ത്തു. അതേസമയം, രണ്ടാം വരവില്‍ പഴയത് പോലെ തിരക്ക് പിടിച്ച് നവ്യ സിനിമകള്‍ ചെയ്യുന്നില്ല. ഒരുത്തീ എന്ന സിനിമ കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് നടി ജാനകി ജാനേയിലൂടെ വീണ്ടും എത്തുന്നത്.
അഭിനയത്തിനൊപ്പം നൃത്തത്തിനും നവ്യ പ്രാധാന്യം നല്‍കുന്നു. 2010 ല്‍ വിവാഹം കഴിഞ്ഞ ശേഷമാണ് നടി അഭിനയ രംഗത്ത് നിന്ന് മാറിയത്. ഭര്‍ത്താവിനൊപ്പം മുംബൈയിലേക്ക് താമസം മാറിയ നവ്യ കുറേനാള്‍ ലൈം ലൈറ്റില്‍ നിന്നും വിട്ട് നിന്നു. വിവാഹശേഷം നൃത്തത്തിലേക്കും സിനിമയിലേക്കും തിരിച്ചെത്തിയതിന്റെ കാരണവും നവ്യ പറഞ്ഞിരുന്നു. അഭിനയത്തില്‍ നിന്നും മാറി നിന്നപ്പോഴാണ് തനിക്ക് പല കാര്യങ്ങളും മനസ്സിലായതെന്നും പ്രസവത്തിന് ശേഷം മാനസികവും ശാരീരികവുമായ ചില മാറ്റങ്ങള്‍ തനിക്ക് സംഭവിച്ചിരുന്നുവെന്നും നവ്യ പറയുന്നു.
എന്തെങ്കിലും കാര്യത്തില്‍ എന്‍ഗേജ്ഡ് ആയിട്ടില്ലെങ്കില്‍ മനസ്സ് മരവിച്ച് പോകുമെന്ന് തോന്നി. അങ്ങനെയാണ് ഡാന്‍സിലേക്ക് തിരികെ എത്തിയതെന്നും പിന്നീട് അഭിനയത്തിലേക്കും എത്തിയതെന്നും ഇപ്പോള്‍ ജീവിതത്തില്‍ നല്ല തിരക്കിലാണെന്നും നവ്യ പറയുന്നു. എന്നാല്‍ കുടുംബത്തിന്റെ കാര്യം ശ്രദ്ധിക്കാനും താന്‍ മറക്കാറില്ല. മകന്റെ കാര്യവും സന്തോഷേട്ടന്റെ കാര്യവും ശ്രദ്ധിക്കാറുണ്ടെന്നും അതൊക്കെ ചെയ്യുമ്പോള്‍ തിരക്കുകളൊന്നും തിരക്കുകളല്ലാതാവുമെന്നും നവ്യ പറയുന്നു.
മഞ്ജു വാര്യര്‍ക്ക് ശേഷം തിരിച്ച് വരവ് ഗംഭീരമാക്കാന്‍ കഴിഞ്ഞ നടി കൂടിയാണ് നവ്യ നായര്‍. തിരിച്ചു വരവില്‍ മഞ്ജു വാര്യര്‍ക്ക് കിട്ടിയ സ്വീകാര്യതയാണ് തനിക്ക് പ്രചോദനമായതെന്ന് നവ്യ നായര്‍ നേരത്തെ പറഞ്ഞിരുന്നു. തിരിച്ചു വരവില്‍ പഴയ സ്വീകാര്യത ലഭിക്കുമോ എന്ന് ഭയമുണ്ടായിരുന്നെന്നും നടി വ്യക്തമാക്കിയിരുന്നു.
2000 ത്തിന്റെ തുടക്ക വര്‍ഷങ്ങളിലായിരുന്നു നവ്യ കരിയറില്‍ തിളങ്ങിയത്. മറുഭാഷകളിലും നടി അക്കാലത്ത് അഭിനയിച്ചു. ഇതേ കാലഘട്ടത്തില്‍ കരിയറില്‍ തിളങ്ങി നിന്ന മീര ജാസ്മിനും സിനിമാ ലോകത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ക്യൂന്‍ എലിസബത്താണ് നടിയുടെ പുതിയ സിനിമ. നേരത്തെ മകള്‍ എന്ന സിനിമയിലും നടി അഭിനയിച്ചിരുന്നു.
