Actor
തടാകം കയ്യേറി നിർമാണം; നാഗാർജുനയുടെ കൺവെൻഷൻ സെന്റർ ഇടിച്ച് തകർത്ത് അധികൃതർ
തടാകം കയ്യേറി നിർമാണം; നാഗാർജുനയുടെ കൺവെൻഷൻ സെന്റർ ഇടിച്ച് തകർത്ത് അധികൃതർ
തടാകം കയ്യേറിയെന്നാരോപിച്ച് തെലുങ്ക് നടൻ നാഗാർജുനയുടെ കൺവെൻഷൻ സെന്റർ ഇടിച്ച് തകർത്തു. ഹൈദരാബാദ് ഡിസാസ്റ്റർ റെസ്പോൺസ് ആൻഡ് അസെറ്റ്സ് മോണിട്ടറിംഗ് ആൻഡ് പ്രൊട്ടക്ഷൻ അധികൃതരാണ് നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള ദ എൻ കൺവെൻഷൻ സെന്റർ ഇടിച്ച് നികത്തിയത്.
പത്തേക്കർ വിസ്തൃതിയിലായിരുന്നു നാഗാർജുനയുടെ കൺവെൻഷൻ സെന്റർ സ്ഥിതിചെയ്തിരുന്നത്. എന്നാൽ ഇത് പാരിസ്ഥിതിക നിയമങ്ങളുൾപ്പെടെ ലംഘിച്ചാണ് നിർമാണം നടത്തിയതെന്നാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് നടപടി. തെലങ്കാനയിലെ തുംകുണ്ട തടാകത്തിൻ്റെ 1.12 ഏക്കർ ഭാഗമാണ് കൺവെൻഷൻ സെന്റർ നിർമിക്കാൻ കയ്യേറിയതെന്നാണ് അധികൃതർ പറയുന്നത്.
മാത്രമല്ല, തടാകത്തിന്റെ ബഫർ സോണിലുൾപ്പെടുന്ന രണ്ടേക്കർ ഭൂമിയിലും കയ്യേറ്റം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ആഡംബര വിവാഹങ്ങളും കോർപ്പറേറ്റ് മീറ്റിങ്ങുകളുമെല്ലാം തകൃതിയായി നടന്നിരുന്ന ആന്ധ്രയിലെ ഏറെ പ്രശസ്‌തമായ കൺവെൻഷൻ സെൻ്ററായിരുന്നു നാഗാർജുനയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ദ എൻ.
അതേസമയം, കരിയറിൽ തുടരെ തുടരെ പരാജയങ്ങൾ ഏറ്റുവാങ്ങുകയാണ് നാഗാർജുന. ജനുവരിയിൽ റിലീസ് ചെയ്ത നാഗാർജുന പ്രധാന വേഷത്തിലെത്തിയ ചിത്രം ‘ബംഗരാജു’ ബോക്‌സോഫീസിൽ പരാജയം നേരിട്ടിരുന്നു. തുടർന്ന് ഒക്ടോബറിൽ റിലീസ് ചെയ്ത ‘ദി ഗോസ്റ്റ്’ എന്ന ചിത്രത്തിനും വിജയം നേടാനായിരുന്നില്ല.
മലയാളത്തിൽ സൂപ്പർഹിറ്റായി മാറിയ, ജോഷിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കിൽ നാഗാർജുനയാകും നായകനായി എത്തുകയെന്നും വിവരമുണ്ട്.
ചിത്രത്തിനായി നാഗാർജുനയെ അണിയറ പ്രവർത്തകർ സമീപിച്ചതായും താരം സമ്മതം മൂളിയെന്നുമാണ് റിപ്പോർട്ടുകൾ. തെലുങ്ക് തിരക്കഥാകൃത്ത് പ്രസന്ന കുമാർ ആണ് ചിത്രത്തിന്റെ റീമേക്ക് സംവിധാനം ചെയ്യുന്നത്. പ്രസന്ന കുമാറിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്.