Actor
ചിത്രീകരണത്തിനിടെ നടൻ രവി തേജയ്ക്ക് പരിക്ക്; ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി
ചിത്രീകരണത്തിനിടെ നടൻ രവി തേജയ്ക്ക് പരിക്ക്; ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി
മാസ് മഹാരാജ എന്ന് തെലുങ്ക് പ്രേക്ഷകർ വിശേഷിപ്പിക്കുന്ന സൂപ്പർതാരമാണ് രവി തേജ. ഇപ്പോഴിതാ സിനിമാ ചിത്രീകരണത്തിനിടെ നടന് പരിക്കേറ്റുവെന്നുള്ള വിവരമാണ് പുറത്തെത്തുന്നത്. ആർടി 75 എന്ന് താത്ക്കാലികമായി പേരിട്ടിരിക്കുന്ന താരത്തിന്റെ പുതിയ ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു അപകടമുണ്ടായത്.
വലതു കൈയിലെ പേശിയിൽ പൊട്ടലുണ്ടായെന്നാണ് വിവരം. തുടർന്ന് നടനെ വെള്ളിയാഴ്ച ശസ്ത്രിക്രിയ്ക്ക് വിധേയനാക്കി. ആറ് ആഴ്ചയോളം വിശ്രമം വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നത്. എന്നാൽ പരിക്ക് വകവയ്ക്കാതെ താരം വീണ്ടും ഷൂട്ടിങ് തുടരുകയായിരുന്നു. ഇതോടെ പരിക്ക് ഗുരുതരമാവുകയും ശസ്ത്രക്രിയ ചെയ്യേണ്ടി വരികയുമായിരുന്നു.
രവി തേജയുടെ പരിക്ക് പൂർണമായും ഭേദമാകുന്നതുവരെ ചിത്രത്തിൻ്റെ ഷൂട്ടിങ് നിർത്തിവെച്ചിരിക്കുകയാണ്. മിസ്റ്റർ ബച്ചനാണ് രവി തേജയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ഓഗസ്റ്റ് 15 ന് തിയറ്ററുകളിലെത്തിയ ചിത്രം വൻ പരാജയമായി മാറിയിരുന്നു. ഹരീഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ ഭാഗ്യശ്രീ ബോഴ്സ് ആയിരുന്നു നായിക.
ഈ ചിത്രത്തിലെ സിതാർ എന്ന ഗാനം പുറത്തിറങ്ങിയപ്പോൾ വലിയ രീതിയിലുള്ള വിമർശനമായിരുന്നു വന്നിരുന്നത്. ഇത്രയും പ്രായവ്യത്യാസമുള്ള രണ്ടുപേർ ഇതുപോലൊരു ഗാനരംഗത്തിൽ അഭിനയിക്കുന്നതിന്റെ ലോജിക്ക് എന്താണെന്ന് വിമർശകർ പറയുന്നു. മാത്രമല്ല, ഗ്ലാമറിന്റെ അതിപ്രസരമുണ്ടെന്നും വിമർശനം ഉയർന്നിരുന്നു.
25 കാരിയായ ഭാഗ്യശ്രീ ബോഴസിനൊപ്പം 56 കാരനായ രവി തേജയുടെ നൃത്തച്ചുവടുകൾ. ഇവിടെ നടിയുടെ മുഖം കാണിക്കാൻ പോലും സിനിമാ പ്രവർത്തകർ ശ്രദ്ധിക്കുന്നില്ല, കാരണം അവർക്ക് വേണ്ടത് അവരെ ഗ്ലാമർ പ്രദർശനത്തിനുള്ള ഒരു വസ്തുവാക്കുക എന്നതാണ് എന്നായിരുന്നു ഒരാൾ പ്രതികരിച്ചത്.
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)