News
സാമന്തയ്‌ക്കെതിരെയുള്ള വാര്‍ത്തകള്‍ എന്നെ വേദനിപ്പിക്കാറുണ്ട്; നാഗചൈതന്യ
സാമന്തയ്‌ക്കെതിരെയുള്ള വാര്‍ത്തകള്‍ എന്നെ വേദനിപ്പിക്കാറുണ്ട്; നാഗചൈതന്യ
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താര ജോഡികളായിരുന്നു സാമന്തയും നാഗചൈതന്യയും. ഇവരുടെ പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സാമന്തയെ കുറിച്ച് നാഗചൈതന്യ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
എന്ത് വേണമെങ്കിലും നേടിയെടുക്കാന്‍ കഴിവുള്ള വ്യക്തിയാണ് സാമന്തയെന്നാണ് നാഗചൈതന്യ പറയുന്നത്. സാമന്തയ്‌ക്കെതിരെയുള്ള അഭ്യൂഹങ്ങളും വാര്‍ത്തകളും എന്നെ വേദനിപ്പിക്കാറുണ്ട്. തങ്ങള്‍ തമ്മിലുള്ള വിഷയത്തില്‍ ഒരു കാരണവുമില്ലാതെയാണ് മൂന്നാമതൊരാളെയും കൂടി വലിച്ചിടുന്നത് എന്നാണ് നാഗചൈതന്യ പറയുന്നത്.
‘സാമന്ത ഒരു ഗോ ഗെറ്ററാണ്, കഠിനാധ്വാനി. അവളുടെ ദൃഢനിശ്ചയം അതിശയകരമാണ്. അവള്‍ക്ക് എന്തെങ്കിലും വേണമെങ്കില്‍, അവള്‍ അത് നേടിയെടുക്കും. സാമന്തയുടെ സമീപകാലത്തിറങ്ങിയ ഓ ബേബി, ദി ഫാമിലി മാന്‍ സീസണ്‍ 2 എന്നീ പ്രോജക്ടുകള്‍ എനിക്കേറെ ഇഷ്ടപ്പെട്ടതാണ്.’
‘വിവാഹത്തോടെ വ്യക്തിപരമായ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ നിര്‍ഭാഗ്യകരമാണ്. എന്നാല്‍ ജീവിതത്തിന്റെ ആ ഘട്ടത്തോട് തനിക്ക് വളരെയധികം ബഹുമാനമുണ്ട്. വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും സൃഷ്ടിച്ച് പൊതുസമൂഹത്തിന് മുന്നില്‍ നിന്നും ആ ബഹുമാനം ഇല്ലാതാക്കുകയാണ്.’
‘എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട് അത്തരം വാര്‍ത്തകള്‍. പരസ്പര സമ്മതത്തോടെ കോടതി ഞങ്ങള്‍ക്ക് വിവാഹമോചനം നല്‍കിയിട്ട് ഏകദേശം ഒരു വര്‍ഷമായി. തലക്കെട്ടുകള്‍ക്ക് വേണ്ടി മാത്രം ഈ വിഷയം വലിച്ചിഴച്ച്, മൂന്നാമതൊരാളെയും മറ്റ് പേരുകളെയും അവരുടെ കുടുംബത്തെയുമെല്ലാം ഇതിലേക്ക് വലിച്ചിഴിക്കുന്നു.’
‘ഒരു കാരണവുമില്ലാതെ ഒരു തെറ്റും ചെയ്യാത്ത മൂന്നാം കക്ഷിയെ ഇതിലേക്ക് വലിച്ചിഴക്കുന്നു. എനിക്കതില്‍ അല്‍പ്പം വിഷമം തോന്നി. ഇതോടെയെങ്കിലും ആ ഊഹാപോഹങ്ങള്‍ അവസാനിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ എന്നാണ് നാഗചൈതന്യ ഒരു അഭിമുഖത്തിനിടെ പ്രതികരിച്ചിരിക്കുന്നത്.
