Malayalam
കോമഡി വിട്ട് ത്രില്ലര്‍ സിനിമ ചെയ്യുന്നു എന്ന് പറഞ്ഞപ്പോള്‍ തന്റെ ഭാര്യ പോലും വിശ്വസിച്ചിരുന്നില്ല; സിനിമയില്‍ തമാശകള്‍ കൊണ്ടു വരാന്‍ പേടിയാണെന്നും നാദിര്‍ഷ
കോമഡി വിട്ട് ത്രില്ലര്‍ സിനിമ ചെയ്യുന്നു എന്ന് പറഞ്ഞപ്പോള്‍ തന്റെ ഭാര്യ പോലും വിശ്വസിച്ചിരുന്നില്ല; സിനിമയില്‍ തമാശകള്‍ കൊണ്ടു വരാന്‍ പേടിയാണെന്നും നാദിര്‍ഷ
നിരവധി ചിത്രങ്ങളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും മലയാളികളുടെ മനസിലിടം നേടിയ താരമാണ് നാദിര്‍ഷ. മിമിക്രി ആര്‍ട്ടിസ്റ്റായി തുടങ്ങി നടനായും സംവിധായകനായും ഗായകനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് അദ്ദേഹം. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
കോമഡി വിട്ട് ത്രില്ലര്‍ സിനിമ ചെയ്യുന്നു എന്ന് പറഞ്ഞപ്പോള്‍ തന്റെ ഭാര്യ പോലും വിശ്വസിച്ചിരുന്നില്ലെന്ന് പറയുകയാണ് നാദിര്‍ഷ. നാദിര്‍ഷയുടെ ഏറ്റവും പുതിയ ചിത്രം ഈശോയുടെ പ്രൊമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.
നാദിര്‍ഷ ത്രില്ലര്‍ സിനിമ ചെയ്യുന്നു എന്ന് പറഞ്ഞപ്പോള്‍ ആര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല ഈ ജോണര്‍ തിരഞ്ഞെടുക്കാന്‍ കാരണമെന്താണ് എന്ന അവതാരകന്റെ ചോദ്യത്തിന് ആള്ക്കാര് വിശ്വസിക്കാത്തത് പോട്ടെ തന്റെ ഭാര്യ പോലും വിശ്വസിച്ചിട്ടില്ലെന്നാണ് നാദിര്‍ഷ മറുപടി നല്‍കിയത്.
സാധാരണ തന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ ഭാര്യ വരാറുണ്ട്. എന്നാല്‍ കോവിഡിന്റെ സമയമായതിനാല്‍ വന്നിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ത്രില്ലര്‍ സിനിമയാണ് എന്ന് പറഞ്ഞപ്പോള്‍ ആദ്യം വിശ്വസിച്ചില്ലെന്നും നാദിര്‍ഷ കൂട്ടിച്ചേര്‍ത്തു. തനിക്ക് മൊത്തത്തില്‍ വേറൊരു എക്സ്പീരിയന്‍സായിരുന്നു.
ജീവിതത്തില്‍ ഒരിക്കലും ചിന്തിക്കാത്ത മേഖലകളില്‍ എത്തിപ്പെട്ട ആളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരിക്കലും ഒരു പാട്ടുകാരനാകുമെന്ന് താന്‍ കരുതിയിരുന്നില്ല, ഇപ്പോഴും പാട്ടുകാരനൊന്നുമല്ല, എങ്ങനയോ മിമിക്രിക്കാരനുമായി. താനൊക്കെ ഏറ്റവും മോശം മിമിക്രിക്കാരനാണെന്നും നാദിര്‍ഷ കൂട്ടിച്ചേര്‍ത്തു.
അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്, കേശു ഈ വീടിന്റെ നാഥന് എന്നീ സിനിമകള്‍ക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇശോ. സുനീഷ് വാരനാട് കഥയെഴുതുന്ന ചിത്രം നിര്‍മിക്കുന്നത് അരുണ്‍ നാരായണനാണ്. നമിതാ പ്രമോദാണ് ചിത്രത്തില്‍ നായികയായെത്തിയിരിക്കുന്നത്.
ഒക്ടോബര്‍ അഞ്ചിന് സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. മുമ്പ് സിനിമയുടെ പേരിനെ ചൊല്ലി വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് ക്രിസ്ത്യന്‍ അസോസിയേഷന് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ പൊതുതാത്പര്യ ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളുകയായിരുന്നു.
ഈശോയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസും സിനിമയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു നാദിര്‍ഷ. സിനിമയില്‍ തമാശകള്‍ കൊണ്ടു വരാന്‍ പേടിയാണെന്നും എല്ലാത്തിനെയും വര്‍ഗീയമായി ആളുകള്‍ കാണുകയാണെന്നും നാദിര്‍ഷ പറഞ്ഞു.
പണ്ടത്തെ പോലെ പെട്ടെന്ന് കഥാപാത്രങ്ങളെ സൃഷ്ടിക്കാനോ പാട്ടുകള്‍ എഴുതാനോ ഇന്ന് കഴിയില്ല. എല്ലാത്തിലും കുറ്റം കണ്ടുപിടിക്കാന്‍ കണ്ണുകള്‍ തുറന്നിരിക്കുകയാണ്. ഇപ്പോള്‍ വര്‍ഗീയത പ്രകടമാണ്. അതിന് ഉദാഹരണമാണ് ഈശോ എന്ന എന്റെ സിനിമയ്ക്ക് നേരെ ഉയര്‍ന്ന വിവാദങ്ങള്‍. പണ്ട് നമ്മള് സ്കിറ്റ് കളിക്കാന്‍ പോകുമ്പോള്‍ അതില്‍ പള്ളീലച്ചന് ഉണ്ടാകും. പൂജാരിയുണ്ടാകും മൊല്ലാക്കയുണ്ടാകും. ഇവരെയോക്കെ നമുക്ക് കളിയാക്കാം. ഇന്ന് ഇവരെയാരെയെങ്കിലും കളിയാക്കി സ്ക്രിപ്റ്റ് ചെയ്യാന്‍ പേടിയാണ്. ആരെയും വേദനിപ്പിക്കുന്ന തരത്തില്‍ തമാശ പറയാന്‍ പാടില്ല.
ടിനി ടോം നിവര്‍ന്ന് നില്ക്കുമ്പോള് പക്രു കാലിന്റെ വിടവിലൂടെ ഓടിപ്പോകുന്നത് അവര്‍ തമ്മിലുള്ള സൗഹൃദത്തിന്റെ പുറത്താണ്. ആളുകളെ ചിരിപ്പിക്കാന്‍ ഉണ്ടാക്കിയതാണ്. അത് കണ്ടിട്ട് അതിനെ ക്രിട്ടിസൈസ് ചെയ്ത് ബഹളം ഉണ്ടാക്കിയിട്ട് കാര്യമില്ല. അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ക്ക് ഒന്നും ഒരു തമാശയും ചെയ്യാന്‍ പറ്റില്ലായിരുന്നു. പേടിയാണ് ഇപ്പോള്‍ തമാശ ഉണ്ടാക്കാന്‍. എന്നിട്ട് പലരും പറയും തമാശ സിനിമകള്‍ ഉണ്ടാകുന്നില്ലെന്ന്. എങ്ങനെയുണ്ടാകാനാണ് കണ്ടന്റ് ചെയ്ത് കഴിയുമ്പോള്‍ എവിടെയെങ്കിലും ടച്ച് ചെയ്യില്ലെ.
സത്യമായിട്ടും സ്വാതന്ത്യം പോയി. ക്രിയേറ്റിവിറ്റിയെ പേടിക്കുകയാണ് നമ്മള് ഇപ്പോള്‍. ഒരു സാധനം വരയ്ക്കാനോ എഴുതാനോ പേടിയാണ്. എല്ലാത്തിലും കുറ്റം കണ്ടുപിടിക്കുകയാണ്. ഈശോയുടെ ഭാഗമായി ഇവിടെ വന്നത് കൊണ്ട് ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. പണ്ട് അമ്പല പറമ്പിലും ക്രിസ്റ്റ്യന്‍ ചര്‍ച്ചകളിലുമായിരുന്നു ഏറ്റവും കൂടുതല്‍ പരിപാടികള്‍ അവതരിപ്പിച്ചിരുന്നത്. അവിടെ നിന്നും ഒരുപാട് ഭക്ഷണം കഴിച്ച് വളര്‍ന്ന് വന്ന ഞങ്ങളെ കുറിച്ച് ഇങ്ങനെയോക്കെ പറഞ്ഞ് കേള്‍ക്കുമ്പോള്‍ ഭയങ്കര സങ്കടം തോന്നുന്നു. അവര്‍ തന്നതൊക്കെ തിന്ന് വളര്‍ന്ന് വന്ന നമ്മളെ പോലുള്ള കലാകാരന്മാര് ഇങ്ങനെയൊക്കെ വര്‍ഗീയമായി ചിന്തിക്കും. സിനിമ ചെയ്യും എന്ന് വിശ്വസിച്ചവരോട് വല്ലാത്ത വിഷയമാണ് ആ സമയത്ത് തോന്നിയത്. പേഴ്സണലി ഞങ്ങളെയറിയാവുന്ന ഒരാളും വിശ്വസിക്കില്ല എന്നും നാദിര്‍ഷ പറഞ്ഞു.
