Malayalam
ഹേമ കമ്മിറ്റിയോട് ഞാൻ നാല് മണിക്കൂറോളം സംസാരിച്ചു, റിപ്പോർട്ട് പുറത്തുവന്നാൽ ഒന്നും സംഭവിക്കില്ല; മുകേഷ്
ഹേമ കമ്മിറ്റിയോട് ഞാൻ നാല് മണിക്കൂറോളം സംസാരിച്ചു, റിപ്പോർട്ട് പുറത്തുവന്നാൽ ഒന്നും സംഭവിക്കില്ല; മുകേഷ്
സിനിമാ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തെത്തുന്നത് അനിശ്ചിതത്വത്തിൽ നീങ്ങുകയാണ്. ഓഗസ്റ്റ് 17 ന് പുറത്തെത്തേണ്ട റിപ്പോർട്ട് നടി രഞ്ജിനിയുടെ ഹർജിയെ തുടർന്ന് പുറത്ത് വിടേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
എന്നാൽ ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് പറയുകയാണ് നടനും എം.എ.എയുമായ എം മുകേഷ്. ഹേമ കമ്മിറ്റിയോട് താൻ നാല് മണിക്കൂറോളം സംസാരിച്ചെന്നും മറ്റുള്ളവർ എന്തു പറഞ്ഞെന്ന് തനിക്ക് അറിയില്ലെന്നും മുകേഷ് പറയുന്നു. റിപ്പോർട്ട് പുറത്തുവന്നാൽ ഒന്നും സംഭവിക്കില്ല. സിനിമ മേഖലയിൽ മാത്രമല്ല എല്ലാ മേഖലയിലെയും സ്ത്രീകൾക്ക് സംരക്ഷണം നൽകണം എന്നുമാണ് മുകേഷ് പറഞ്ഞത്.
രഞ്ജിനിയുടെ ഹർജി തിങ്കളാഴ്ചയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ ഉള്ളടക്കം അറിയാതെ എങ്ങനെ അത് പ്രസിദ്ധീകരിക്കും. റിപ്പോർട്ട് പുറത്തുവിടണ്ട എന്നല്ല ഞാൻ പറയുന്നത്. എന്താണ് റിപ്പോർട്ടിൽ ഉള്ളതെന്ന് അറിയണം. ഞാൻ പറഞ്ഞ കാര്യങ്ങളിൽ എന്താണ് റിപ്പോർട്ടിൽ ഉള്ളതെന്ന് എനിക്ക് അറിയില്ല.
വനിത കമ്മീഷൻ പോലും ഇക്കാര്യം ചോദിച്ചില്ല. സ്വകാര്യത സംരക്ഷിക്കുമെന്ന് പറഞ്ഞിട്ടാണ് മൊഴി രേഖപ്പെടുത്തിയത് എന്നുമാണ് രഞ്ജിനി പറഞ്ഞിരുന്നത്. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളും നീതിനിഷേധങ്ങളും തൊഴിൽസാഹചര്യങ്ങളുമൊക്കെ പഠിക്കാൻ രാജ്യത്താദ്യമായി രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മിറ്റി.
സിനിമാ മേഖലയിൽ വനിതകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ സമഗ്രമായി പഠിച്ച് 2019ലാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. അന്ന് മുതൽ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം ഉയർന്നിരുന്നു. വിമൻ ഇൻ സിനിമാ കളക്ടീവ് അടക്കമുള്ളവരാണ് ആവശ്യവുമായി രംഗത്തെത്തിയത്. 2019 ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ ഇതുവരെ പുറത്തുവിട്ടിരുന്നില്ല.
ഇതിനെതിരെ മാധ്യമപ്രവർത്തകർ അടക്കം വിവാരവകാശ കമ്മിഷനെ സമീപിച്ചിരുന്നു. നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സല കുമാരി എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ. റിപ്പോർട്ട് പബ്ലിഷ് ചെയ്യുമെന്ന് പറഞ്ഞതിന് ശേഷം പിന്നീട് അധികൃതർ അഭിപ്രായം മാറ്റുകയായിരുന്നുവെന്ന് പാർവതി തിരുവോത്ത് നേരത്തെ പറഞ്ഞിരുന്നു.
