Movies
‘ഖാലി പേഴ്‌സ് ബില്യണേഴ്‌സ്’ ഒടിടിയിൽ
‘ഖാലി പേഴ്‌സ് ബില്യണേഴ്‌സ്’ ഒടിടിയിൽ
ധ്യാൻ ശ്രീനിവാസൻ നായകനായി എത്തിയ ‘ഖാലി പേഴ്‌സ് ബില്യണേഴ്‌സ്’ ഒടിടിയിൽ. സൺ നെക്സ്റ്റിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
മാക്സ് വെൽ ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ അജു വർഗീസ്, അർജുൻ അശോകൻ, തൻവി റാം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഒന്നു കരകയറാൻ ബുദ്ധിമുട്ടുന്ന ഐടിക്കാരായ ഒരു ദാസന്റെയും വിജയന്റെയും കഥ പറയുകയാണ് ‘ഖാലി പേഴ്‌സ് ബില്യണേഴ്‌സ്’. സ്കൂൾ കാലം മുതലേ സുഹൃത്തുക്കളാണ് ബിപിൻ ദാസും ബിപിൻ വിജയനും. ഒരേ പേരുള്ള ആ ചങ്ങാതിമാരെ പരസ്പരം മാറിപ്പോവാതിരിക്കാനായി കൂട്ടുകാർ പേരിലെ ബിപിനെ എടുത്തുകളഞ്ഞ് അവരെ ദാസനും വിജയനുമാക്കി തീർത്തു. കാലി പേഴ്സുമായി എന്നെങ്കിലും ഒരിക്കൽ ബില്യണയറാവുമെന്ന സ്വപ്നത്തിൽ ജീവിക്കുകയാണ് ഇരുവരും. യൂസഫലി മുതൽ ആന്റണി പെരുമ്പാവൂർ വരെയുള്ളവർ ആ ചെറുപ്പക്കാരുടെ ആരാധനാപാത്രങ്ങളാണ്. കോവിഡ് കാലം ഇരുവരുടെയും ബിസിനസ് സ്വപ്നങ്ങൾക്ക് വലിയ തിരിച്ചടി ഏൽപ്പിക്കുന്നു. ഏറെ മോഹിച്ചു തുടങ്ങിയ സ്റ്റാർട്ട് അപ്പ് ആണെങ്കിൽ ഒരു തരത്തിലും ഗതി പിടിക്കുന്നുമില്ല. അവരുടെ ജീവിതത്തിലെ സാമ്പത്തിക പരാധീനതകളുടെ കഥയാണ് ചിത്രം പറയുന്നത്.
അര്‍ജുന്‍ അശോകൻ, ലെന, ഷാഫി, സ്മിനു സിജോ, ധര്‍മ്മജന്‍ ബോൾഗാട്ടി, അഹമ്മദ്, മേജര്‍ രവി, രമേഷ് പിഷാരടി, ഇടവേള ബാബു, സോഹന്‍ സീനുലാല്‍, സരയൂ, ഷൈനി സാറ, ജഗദീഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന അഭിനേതാക്കൾ. അനു ജൂബി ജെയിംസ്, അഹമ്മദ് റൂബിന്‍ സലിം, നഹാസ് എം ഹസ്സന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സഹനിര്‍മ്മാണം നിർവ്വഹിച്ചിരിക്കുന്നത് ബെന്നി ജോസഫ് ആണ്.