Social Media
‘പോരുന്നോ എന്റെ കൂടെ?’, ആരാധികയോട് മോഹന്‍ലാല്‍; വൈറലായി വീഡിയോ
‘പോരുന്നോ എന്റെ കൂടെ?’, ആരാധികയോട് മോഹന്‍ലാല്‍; വൈറലായി വീഡിയോ
പ്രായഭേദമന്യേ എല്ലാവര്ക്കും ലാലേട്ടനാണ് മോഹന്‍ലാല്‍. സ്നേഹവും ആരാധനയും നിറഞ്ഞ ആ വിളി ആര് വിളിച്ചാലും തനിക്ക് സന്തോഷമാണെന്ന് മോഹന്‍ലാല്‍ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അത്തരത്തില്‍ ഇന്ന് മോഹന്‍ലാലിനെ കാണാന്‍ വന്ന ഒരു വയോധികയായ ആരാധകയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
മോഹന്ലാലിനരികിലേക്ക് വന്ന് സ്നേഹം പ്രകടിപ്പിച്ച ആരാധികയോട് ‘പോരുന്നോ എന്റെ കൂടെ?’ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ‘ഇല്ല’ എന്ന് നാണത്തോടെ ആരാധികയുടെ മറുപടിയും. ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം എല്‍ 360യുടെ പൂജാ ദിനത്തിലായിരുന്നു താരത്തിനെ കാണാന്‍ ആരാധിക ലൊക്കേഷനിലെത്തിയത്.
തിരികെ പോകാന്‍ കാറിനരികിലേക്ക് നടന്നെത്തിയ മോഹന്‍ലാലിനരികില്‍ വയോധിക എത്തുകയായിരുന്നു. താരത്തിനെ താലോടി സ്നേഹം പ്രകടിപ്പിച്ചപ്പോഴായിരുന്നു ചോദ്യം. ആദ്യം ‘ഇല്ല’ എന്ന് വയോധിക മറുപടി പറഞ്ഞെങ്കിലും പിന്നീട് ‘വന്നേക്കാട്ടോ’ എന്നുകൂടി പറഞ്ഞു. പിന്നെയും ഇരുവരും സംഭാഷണത്തിലേര്‍പ്പെട്ടതിന് ശേഷമാണ് മോഹന്‍ലാല്‍ മടങ്ങിയത്.
എല്‍ 360 തൊടുപുഴയിലാണ് ഇന്ന് ആരംഭിച്ചത്. മോഹന്‍ലാലും ശോഭനയും 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണും കെ ആര് സുനിലും ചേര്‍ന്നാണ്. നിരവധി അന്താരാഷ്ട്ര ആര്‍ട്ട് ഫെസ്റ്റിവലുകളില്‍ ഫോട്ടോഗ്രാഫിക് ഷോ അവതരിപ്പിച്ച ആര്‍ട്ടിസ്റ്റായ കെ ആര് സുനില്‍ പ്രമുഖ ദിനപത്രങ്ങളിലും ആനുകാലികങ്ങളും എഴുതാറുമുണ്ട്.
