Actor
സിനിമയിൽ എന്തുചെയ്‌താലും അതൊരു സ്റ്റൈലായി മാറുക എന്നത് രജിനികാന്തിന് ലഭിച്ച അപൂർവഭാഗ്യം; മോഹൻലാൽ
സിനിമയിൽ എന്തുചെയ്‌താലും അതൊരു സ്റ്റൈലായി മാറുക എന്നത് രജിനികാന്തിന് ലഭിച്ച അപൂർവഭാഗ്യം; മോഹൻലാൽ
രജനികാന്തിന്റേതായി കഴിഞ്ഞ വർഷം പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ജയിലർ. ചിത്രത്തിൽ മോഹൻലാൽ കാമിയോ റോളിൽ എത്തിയിരുന്നു. റെക്കോഡ് കളക്ഷൻ സ്വന്തമാക്കിയ ഈ ചിത്രത്തിലൂടെയായിരുന്നു മോഹൻലാലും രജിനികാന്തും ആദ്യമായി ഒന്നിച്ചത് തന്നെ. മാത്യു എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്.
ഇപ്പോഴിതാ ഒരു മാഗസീനുമായി സംസാരിക്കവെ രജനികാന്തിനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തന്റെ വിവാഹത്തിന് ശേഷമാണ് രജിനിയെ അടുത്തറിയാൻ കഴിഞ്ഞതെന്നാണ് മോഹൻലാൽ പറയുന്നത്.
എന്റെയും സുചിത്രയുടേയും വിവാഹശേഷമാണ് രജിനികാന്തിനെ അടുത്തറിയാൻ അവസരങ്ങളുണ്ടായത്. സുചിത്രയുടെ അച്ഛന്റെ മുത്തുക്കാട്ടെ ബിച്ച്ഹൗസിൽ എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്‌ചയും രജിനികാന്ത് എത്തും. ഒരു കുടുംബസംഗമം. ആ സമാഗമത്തിൽ പല തവണ ഞാനും പങ്കാളിയായി.
അപ്പോഴെല്ലാം അദ്ദേഹത്തിന്റെ ആ പോസിറ്റീവ് എനർജി എനിക്ക് അദ്ദേഹത്തോടുള്ള ആദരവ് വർധിപ്പിച്ചു. ദരിദ്രപശ്ചാത്തലത്തിൽ നിന്നും ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഷോമാനായി അദ്ദേഹം ഉയർന്നതും ഈ പോസിറ്റീവ് ചിന്തയുടെ ആത്മബലംകൊണ്ടാണ്. സിനിമയ്ക്കുവേണ്ടി ഏറെ കഷ്ടപ്പെടുകയും ആ കഷ്ടപ്പാടുകളെല്ലാം പിൽക്കാലത്ത് സ്വപ്നതുല്യമായ നേട്ടങ്ങളാക്കി മാറ്റുകയും ചെയ്തു ആ ജീനിയസ്.
ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടില്ലാത്ത ഒരാൾക്കും ഇത്തരത്തിൽ വിജയിച്ചുയരാൻ കഴിയില്ല. സിനിമയിൽ എന്തുചെയ്‌താലും അതൊരു സ്റ്റൈലായി മാറുക എന്നത് രജിനികാന്തിന് ലഭിച്ച അപൂർവഭാഗ്യമാണ്. ഒരു മുഷിപ്പുമില്ലാതെ പ്രേക്ഷകർക്ക് ആ ഭാവഭേദങ്ങൾ സ്വീകരിക്കാൻ കഴിയും.
വേറൊരാൾ ചെയ്താൽ ഒരുപക്ഷേ അത്രത്തോളം നന്നാകില്ലെന്ന തോന്നൽ പ്രേക്ഷകരിൽ അവശേഷിപ്പിക്കുന്നതിൽ രജിനികാന്തിലെ നടന് അപാരമായ സിദ്ധിയുണ്ട് എന്നുമാണ് മോഹൻലാൽ പറഞ്ഞത്.
അതേസമയം, കൂലി എന്ന ചിത്രമാണ് രജനികാന്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ‘ലിയോ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനാകുന്ന ചിത്രമാണ് കൂലി. ധനുഷ്, ജിം സർബ്, രശ്മിക മന്ദാന തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്ന ’കുബേര’യാണ് നാഗാർജുനയുടെ ലൈനപ്പുകളിൽ ഒന്ന്.
ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന സിനിമ മൂന്ന് ഭാഷകളിലാണ് പ്രദർശനത്തിനെത്തുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്.
ആക്ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ചിത്രമാണിത്. ഒരു പിരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമാണ് കൂലി. ഇന്ത്യയിലേക്ക് സിംഗപ്പൂർ, ദുബായ്, യുഎസ്‍എ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സ്വർണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയം.
