Actor
36ാം വിവാഹവാര്‍ഷികം; സുചിത്രയ്ക്ക് ആശംസകളുമായി മോഹന്‍ലാല്‍
36ാം വിവാഹവാര്‍ഷികം; സുചിത്രയ്ക്ക് ആശംസകളുമായി മോഹന്‍ലാല്‍
മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. 1978 ല്‍ വെളളിത്തിരയില്‍ എത്തിയ മോഹന്‍ ലാല്‍ വൃത്യസ്തമായ 350 ല്‍ പരം കഥാപാത്രങ്ങളില്‍ പ്രേക്ഷകരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ ബോളിവുഡ് ചിത്രങ്ങളില്‍ തന്റേതായ സാന്നിധ്യമാറിയിച്ചിട്ടുണ്ട് അദ്ദേഹം. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രന്‍ എന്ന വില്ലനില്‍ നിന്ന് മലൈകോട്ടൈ വാലിബനിലേയ്ക്കുളള ദൂരം ഒരു സിനിമ കഥയെ പോലെയാണ്.
മോഹന്‍ലാല്‍ ജീവന്‍ നല്‍കിയ പല കഥപാത്രങ്ങളും പ്രേക്ഷകരുടെ ഇടയില്‍ ഇന്നും ചര്‍ച്ച വിഷയമാണ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ 36ാം വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യ സുചിത്രയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.
ഫെയ്‌സ്ബുക്കില്‍ സുചിത്രയോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ആശംസകള്‍ അറിയിച്ചത്. ഇനിയും ഒരുപാട് വര്‍ഷം സ്‌നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കാമെന്നും മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മോഹന്‍ലാലിന്റെ പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്.
കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ വച്ചാണ് ഇരുവരും 35ാം വിവാഹവാര്‍ഷികം ആഘോഷിച്ചത്. ‘ഫ്രം ടോക്കിയോ വിത്ത് ലവ്’ എന്ന അടിക്കുറിപ്പോടെ സുചിത്രയ്ക്ക് വിവാഹ വാര്‍ഷിക കേക്ക് പങ്കുവയ്ക്കുന്ന ചിത്രമായിരുന്നു മോഹന്‍ലാല്‍ അന്ന് പങ്കുവച്ചിരുന്നത്. 1988ഏപ്രില്‍ 28ന് ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. പ്രശസ്ത തമിഴ്‌നടനും നിര്‍മാതാവുമായ ബാലാജിയുടെ മകളാണ് സുചിത്ര.
മോഹല്‍ലാല്‍ അഭിനയിച്ച ചിത്രങ്ങളിലൂടെയാണ് സുചിത്ര ലാലിന്റെ ആരാധികയായി മാറിയത്. കഥാപാത്രങ്ങളോടുള്ള ഇഷ്ടം പിന്നീട് വ്യക്തിയോടുള്ള ഇഷ്ടമാവുകയായിരുന്നു. തുടര്‍ന്ന് സുചിത്രയുടെ ബന്ധുക്കളാണ് കല്യാണ ആലോചനയുമായി മോഹന്‍ലാലിന്റെ വീട്ടിലെത്തിയത്. അതേസമയം, മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബാറോസ് എന്ന ചിത്രത്തിന്റെ പൂജ വേളയില്‍ മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാലിനെ ആദ്യം കണ്ട സമയം തനിക്ക് ദേഷ്യമായിരുന്നുവെന്നാണ് സുചിത്ര പറയുന്നത്.
ആദ്യ കാലങ്ങളില്‍ അദ്ദേഹം വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിച്ചതിനാലാണ് ആ വെറുപ്പ് ഉണ്ടായതെന്നും എന്നാല്‍ പിന്നീട് അതു സ്‌നേഹമായി മാറിയെന്നും സുചിത്ര പറഞ്ഞു. നവോദയയുടെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. എനിക്ക് വെറുപ്പായിരുന്നു അദ്ദേഹത്തെ. വില്ലനായി അഭിനയിച്ച എല്ലാ ചിത്രങ്ങളിലും അദ്ദേഹത്തിനെ വെറുപ്പായിരുന്നു. ചെയ്യുന്ന ജോലിയിലെ മികവ് തെളിയിച്ചതാണ് അതൊക്കെ.
നവോദയയുടെ തന്നെ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലാണ് ഞാന്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ട് തുടങ്ങിയത്. പിന്നെ ആ ഇഷ്ടം അവസാനിച്ചില്ല. ഞങ്ങള്‍ വിവാഹിതരായി. ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നടനാണ് അദ്ദേഹം. ബറോസിനെക്കുറിച്ച് പറയുകയാണെങ്കില്‍, എന്നോട് ഒരു ദിവസം വന്നു പറഞ്ഞു, ഞാന്‍ ഒരു ത്രീ ഡി പടത്തില്‍ അഭിനയിക്കാന്‍ പോവുകയാണ്, നല്ല പടമാണ് എന്നൊക്കെ. ഞാന്‍ ഓര്‍ത്തു കൊള്ളാമല്ലോ.
കുട്ടിച്ചാത്തനു ശേഷം വരുന്ന ത്രീ ഡി പടം നന്നായിരിക്കുമല്ലോ. പിന്നീട് അതിന്റെ തിരക്കഥ വീട്ടില്‍ കൊണ്ട് വന്നപ്പോള്‍ ഞാനും വായിച്ചു. അതിന്റെ സാങ്കേതികവശങ്ങള്‍ എല്ലാം വിശദമായി പറഞ്ഞിട്ടുണ്ടായിരുന്നു. ബറോസ് സംവിധാനം ചെയ്യാന്‍ എടുത്ത തീരുമാനം വളരെ നന്നായി എന്നാണ് കരുതുന്നത്. ജിജോ സാറിന്റെ സാങ്കേതിക സഹായം ഏറെ നിര്‍ണ്ണായകമാകും എന്ന് കരുതുന്നു. ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു സംവിധായകനായി അദ്ദേഹം മാറും എന്നതില്‍ സംശയമില്ല എന്നുമാണ് സുചിത്ര പറഞ്ഞത്.
സിനിമകള്‍ പരാജയപ്പെടുമ്പോള്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് മോഹന്‍ലാലിന് നേരെയുണ്ടാകാറ്. പക്ഷെ അതൊന്നും അദ്ദേഹത്തെ തളര്‍ത്താറില്ലെന്ന് മാത്രമല്ല എല്ലാ വിമര്‍ശനങ്ങളും പരിഹാസവും പ്രതികരിക്കുക പോലും ചെയ്യാതെ സ്വീകരിക്കുമെന്നും സുചിത്ര പറഞ്ഞിരുന്നു. മോഹന്‍ലാല്‍ എപ്പോഴും അങ്ങനെയാണെന്നും ഒന്നിനെ കുറിച്ചും ആലോചിച്ച് സങ്കടപ്പെടാറില്ലെന്നും അതേ സ്വഭാവം പ്രണവിനുമുണ്ടെന്നും സുചിത്ര പറഞ്ഞിരുന്നു.
