Malayalam
മോഹൻലാൽ മല ചവിട്ടിയത് സുചിത്രയുടെ ആരോഗ്യത്തിനും ആയുസിനും കൂടി വേണ്ടി!
മോഹൻലാൽ മല ചവിട്ടിയത് സുചിത്രയുടെ ആരോഗ്യത്തിനും ആയുസിനും കൂടി വേണ്ടി!
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന് സോഷ്യൽ മീഡിയയിൽ ആഘോഷങ്ങളുടെയും ആശംസകളുടെയും വസന്തകാലമാണ്. 1980 ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സിനെ കീഴടക്കാൻ മോഹൻലാൽ എന്ന നടന് അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല.
മോഹൻലാലിനോടുള്ളത് പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമാണ്. മകൾ വിസ്മയയുടെയും പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്റെ സഹോദരതുല്യനായ മമ്മൂട്ടിയ്ക്ക് വേണ്ടി ശബരിമലയിൽ വഴിപാട് നടത്തിയത് വാർത്തയായിരുന്നു. സോഷ്യൽ മീഡിയ ഏറ്റെടുത്ത സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും വാർത്തയായിരുന്നു അത്.
എന്നാൽ മമ്മൂട്ടിക്ക് വേണ്ടി പ്രാർത്ഥിച്ചത് പോലെ മോഹൻലാൽ പ്രിയ പത്നി സുചിത്രക്കും ആയുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിച്ചിരുന്നു. തൃക്കേട്ടക്കാരിയാണ് സുചിത്ര. ഈ അടുത്തിടക്ക് സുചിത്രയ്ക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സർജറി കഴിഞ്ഞ സമയത്തെ കുറിച്ചൊക്കെ മോഹൻലാൽ തന്നെ തുറന്നുപറഞ്ഞിട്ടുമുണ്ട്. അതുകൊണ്ടു തന്നെ ഭാര്യയുടെ ആരോഗ്യത്തിനും ആയുസിനും വേണ്ടി ആയിരുന്നു അദ്ദേഹത്തിന്റെ പ്രാർത്ഥനയും.
ഈ വേളയിൽ ഒരു റിപ്പോർട്ടര പങ്കുവെച്ച കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ആ കുറിപ്പിൽ പറയുന്നത് ഇങ്ങനെ; പ്രിയപ്പെട്ട മമ്മൂട്ടിക്കായി ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ. ലോകമാകെ സ്നേഹത്തോടെ പങ്കുവെയ്ക്കുന്ന വാർത്ത..അതിന് പിന്നിലെ കഥ പറയണം എന്ന് തോന്നി.. ലാലേട്ടാ.. അങ്ങ് മനസ്സിൽ കുടിയിരുത്തിയ പ്രാർത്ഥനയെ, അങ്ങയുടെ സ്നേഹാർച്ചനയെ അനുവാദം തേടാതെ വാർത്തയാക്കിയതിൽ പരിഭവം അരുതേ ഇനി പറയാം.., ഏഷ്യാനെറ്റ് ന്യൂസിൻ്റെ പ്രിയപ്പെട്ട ഞങ്ങടെ മാധവൻ സാറിനൊപ്പം ശബരിമലയിൽ പോകുക. എനിക്കുള്ള നിയോഗം അതായിരുന്നു. വളരെ വൈകിയാണ് ഒരു അറിയപ്പ് കൂടി ലഭിച്ചത്.
സാറിനൊപ്പം മോഹൻലാൽ കൂടി മലചവിട്ടും.. അങ്ങനെ ചൊവാഴ്ച വൈകിട്ട് മാധവൻ സാറും മകനും മുരളി സാറും ലാലേട്ടനും പമ്പയിൽ എത്തി. അവർക്ക് ഒപ്പം മലചവിട്ടി.. ആറരയോടെ ദർശനം നടത്തി സന്നിധാനം ഗസ്റ്റ് ഹൗസിൽ എത്തി. പ്രിയ താരത്തിനൊപ്പം ഫോട്ടോ എടുക്കാൻ ആളുകളുടെ വലിയ തിരക്ക്. ആരേയും നിരാശപ്പെടുത്താതെ എണ്ണമറ്റ ചിത്രങ്ങൾക്ക് നിന്നുകൊടുക്കുന്ന ലാലേട്ടൻ. അതിനിടയിലാണ് ശബരിമലയിൽ നടത്തേണ്ട വഴിപാടുകളുടെ പട്ടിക മാധവൻ സാർ അദ്ദേഹത്തിൻ്റെ സഹായിയായ അഭിലാഷേട്ടന് കൈമാറിയത്. ലാലേട്ടന് എന്തെങ്കിലും വഴിപാടുകൾ നടത്തേണ്ടി വരുമോ എന്ന് ഇതിനിടെ ഞാൻ മാധവൻ സാറിനോട് ചോദിച്ചു. അത് നിങ്ങൾ ഒന്ന് നേരിട്ട് ചോദിച്ചു നോക്കൂ എന്ന് സർ പറഞ്ഞു..
ഫോട്ടോ തിരക്കിൽ നിന്ന് ലാലേട്ടൻ ഇടയ്ക്ക് ഫ്രീ ആയപ്പോൾ നേരിട്ട് ചോദിച്ചു.. വഴിപാട് എന്താ നടത്തേണ്ടത്..? ” വഴിപാട് നടത്തണം മോനെ , ഉറപ്പായും വേണം, വേണം..” എനിക്ക് ഒരു പേപ്പറും പേനയും തരുമോ? എൻ്റെ കയ്യിൽ ഇരുന്ന ചെറിയ കടലാസ് കക്ഷണവും പേനയും ഞാൻ നൽകി. ലാലേട്ടൻ തന്നെ പേപ്പറിൽ എഴുതി..– സുചിത്ര (തൃക്കേട്ട) , മുഹമ്മദ് കുട്ടി (വിശാഖം).. ” മോനെ ഇച്ചാക്കയുടെ പേരിലും വേണം ” ഒരു നിമിഷം എൻ്റെ കണ്ണു നിറഞ്ഞു. ഉഷ:പൂജ കഴിച്ച് രസീതും ഞാൻ ലാലേട്ടന് തിരികെ നൽകി. വഴിപാടുകളുടെ എണ്ണമോ രസീതിലെ പേരോ അല്ല. പ്രിയ ജേഷ്ഠ സഹോദരനോടുള്ള നന്മ വറ്റാത്ത നീരുറുവയാണ് ആ കണ്ണുകളിൽ കണ്ടത്.. അതിൽ ദൈവമുണ്ട്.. തത്ത്വമസി എന്നാണ് കൃഷ്ണ മോഹൻ കുറിച്ചിരിക്കുന്നത്.
മലയാളത്തിലെ ഏറ്റവും താര രാജാക്കൻമാരായ ഇരുവരുടെയും സൗഹൃദത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഒരേ കാലഘട്ടത്തിൽ താരങ്ങളായി മാറിയവരാണ് മോഹൻലാലും മമ്മൂട്ടിയും. തുടക്ക കാലം മുതൽ പരസ്പരം താങ്ങായി ഇരുവരും മുന്നോട്ട് പോയി. സിനിമയ്ക്കപ്പുറമാണ് തങ്ങളുടെ സൗഹൃദമെന്ന് ഇവർ നേരത്തെ പറഞ്ഞിട്ടുണ്ട്. ഒട്ടനവധി തവണ ഇരുവരുടെയും സിനികൾ ബോക്സ് ഓഫീസിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ഫാൻ ഫെെറ്റുകൾ ഇപ്പോഴും നടക്കുന്നു, കരിയറിൽ ഒരാൾക്കല്ലെങ്കിൽ മറ്റൊരാൾക്ക് ഉയർച്ച താഴ്ചകൾ വന്നും പോയുമിരിക്കുന്നു.
എന്നാൽ ഇതൊന്നും മോഹൻലാൽ-മമ്മൂട്ടി സൗഹൃദത്തെ ബാധിച്ചില്ല. കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് മമ്മൂട്ടിയിന്ന് കടന്ന് പോകുന്നത്. മോഹൻലാലിന് കഴിഞ്ഞ കുറച്ച് വർഷങ്ങളാണ് തുടരെ പരാജയങ്ങളാണ്. ആരാധകർ ഇത് ചർച്ചയാക്കാറുണ്ടെങ്കിലും ഇതൊന്നും താരങ്ങളുടെ ആത്മബന്ധത്തെ ബാധിച്ചതേയില്ല. 1982-ലാണ് ഇരുവരും ആദ്യമായി പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്. നവോദയയുടെ ‘പടയോട്ടം’ എന്ന സിനിമയിലായിരുന്നുവത്. അതിൽ മോഹൻലാലിന്റെ അച്ഛനായിട്ടായിരുന്നു മമ്മൂട്ടി അഭിനയിച്ചത്.
പിന്നാലെ ഐ.വി.ശശി സംവിധാനം ചെയ്ത അഹിംസ, സിന്ധൂരസന്ധ്യയ്ക്ക് മൗനം, ഇതാ ഇന്നുമുതൽ, അതിരാത്രം, അടിയൊഴുക്കുകൾ, ആൾക്കൂട്ടത്തിൽ തനിയെ, അനുബന്ധം, കരിമ്പിൻ പൂവിനക്കരെ, കണ്ടു കണ്ടറിഞ്ഞു, കരിയിലകാറ്റു പോലെ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, അടിമകൾ ഉടമകൾ തുടങ്ങി 51 സിനിമകളിൽ ഇരുവരും ഒരുമിച്ചെത്തി. അതിലേറെയും സംവിധാനം ചെയ്തത് ഐ.വി.ശശിയാണ്. 1998-ൽ ഫാസിൽ സംവിധാനം ചെയ്ത ‘ഹരികൃഷ്ണൻസ്’ എന്ന സിനിമ ഇരുവരുടേയും കൂട്ടുകെട്ടിൽ വൻ വിജയം നേടി.
രണ്ട് താരങ്ങളുടെയും ആരാധകർക്കുവേണ്ടി, രണ്ടുരീതിയിൽ ഷൂട്ട് ചെയ്ത ക്ലൈമാക്‌സ് സീൻ വാർത്തകളിൽ നിറയുകയും ചെയ്തു. 2000-ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ‘നരസിംഹ’ത്തിൽ നായകൻ മോഹൻലാലാണ്. പക്ഷേ നായകന്റെ അച്ഛനെ രക്ഷിക്കാനെത്തുന്ന വക്കീലായി മമ്മൂട്ടി സിനിമയിൽ കസറി. പൂവള്ളി ഇന്ദുചൂഡനെയും അഡ്വ. നന്ദഗോപാൽ മാരാരെയും ഇന്നും പ്രേക്ഷകർ മറന്നിട്ടില്ല. 2013-ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ‘കടൽ കടന്ന് ഒരു മാത്തുക്കുട്ടി’യിൽ മോഹൻലാൽ അതിഥിതാരമായെത്തിയിരുന്നു.
അടുത്തിടെ, മമ്മൂട്ടി മോഹൻലാൽ സൗഹൃദത്തിന്റെ ആഴത്തെക്കുറിച്ച് നടി സുഹാസിനി പരാമർശിച്ചിരുന്നു. ഭർത്താവ് സംവിധായകൻ മണിരത്നം പറഞ്ഞ കാര്യങ്ങളാണ് സുഹാസിനി പങ്കുവെച്ചത്. മമ്മൂട്ടിയോട് കഥ പറയാൻ മണി അദ്ദേഹത്തിന്റെ വീട്ടിൽ പോയി. ഒരു ചെറിയ പയ്യൻ വന്ന് ഒരു വടിയെടുത്ത് മമ്മൂട്ടി അവനെ ഓടിച്ചു. ആരാണതെന്ന് ചോദിച്ചപ്പോൾ അവൻ പ്രണവ്, മോഹൻലാലിന്റെ മകനാണെന്ന് പറഞ്ഞു. മണി ഷോക്കായി. സ്വന്തം മകനെ പോലെ മമ്മൂട്ടി രണ്ട് അടി മമ്മൂട്ടി അവന് കൊടുത്ത കാര്യം മണി തന്നോട് പറഞ്ഞിരുന്നെന്ന് സുഹാസിനി ഓർത്തു.
ഇതേക്കുറിച്ച് മോഹൻലാലും സംസാരിക്കുകയുണ്ടായി. മലയാളത്തിലെ അഭിനേതാക്കൾ തമ്മിൽ കുടുംബ ബന്ധം പോലെയുള്ള ബന്ധമുണ്ടെന്നാണ് മോഹൻലാൽ പറഞ്ഞത്. നാൽപത് വർഷമായുള്ള സാഹോദര ബന്ധമാണ് മമ്മൂട്ടിയുമായെന്ന് ഒരിക്കൽ മോഹൻലാൽ പറഞ്ഞിട്ടുണ്ട്. കരിയറിലെ തുടക്ക കാലത്ത് നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ഇരുവരും തമ്മിൽ മത്സരം ഉണ്ടോ, മമ്മൂട്ടിയെ നായകനാക്കി മോഹൻലാൽ സിനിമ സംവിധാനം ചെയ്യുമോ തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം മോഹൻലാൽ മറുപടി പറഞ്ഞിരുന്നു.
ഞാനും ഇച്ചാക്കയും 55 സിനിമകൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. ഇപ്പോഴും സിനിമകൾ ചെയ്യാൻ തയ്യാറാണ്. എന്റെ സിനിമകളും അദ്ദേഹത്തിന്റെ സിനിമകളും വ്യത്യസ്തമാണ്. ഞങ്ങൾക്ക് മത്സരമില്ല. ഞങ്ങൾ രണ്ട് പേരും ഒരുമിച്ച് അഭിനയിക്കുക, അങ്ങനെയൊരു സിനിമയുടെ പ്രൊഡക്ഷനൊക്കെ എളുപ്പമല്ല. ഞങ്ങൾക്ക് മത്സരിക്കേണ്ട കാര്യമില്ല. ഞങ്ങൾ സിനിമയിൽ വന്ന സമയം സിനിമയുടെ സുവർണ കാലമാണ്.
ഒരുപാട് സംവിധായകർ, കഥ, നിർമ്മാതാക്കൾ. ആ സമയത്ത് എത്തിപ്പെട്ടു എന്നതാണ് ഭാഗ്യം. എസ് പി പിള്ള, ശിവാജി സാർ, അമിതാഭ് ബച്ചൻ, പദ്മിനിയമ്മ, വേണു ചേട്ടൻ, ഗോപി ചേട്ടൻ അങ്ങനെ പലർക്കൊപ്പവും അഭിനയിച്ചു. ഇതിലൊന്നും മത്സരിക്കേണ്ട കാര്യമില്ല, മത്സരിച്ചാൽ കുഴപ്പമാകും. മമ്മൂട്ടി -മോഹൻലാൽ ചിത്രം എന്തുകൊണ്ട് വരുന്നില്ലെന്ന് ചോദിച്ചാൽ നമ്മുക്ക് അങ്ങനെയല്ലാതെ സിനിമകൾ ചെയ്യാനുണ്ട്. നാളെ അങ്ങനെയൊരു കഥയുമായി ഒരാൾ വന്നാൽ തീർച്ചയായും ആലോചിക്കും.
അപ്പോൾ അതിന്റെ പ്രൊഡക്ഷൻ, കോസ്റ്റ് എല്ലാം നോക്കേണ്ടതുണ്ട്. രണ്ട് പേരെ വെച്ച് ഒരു സിനിമ ചെയ്യുന്നതിന്റെ സാമ്പത്തികം അടക്കമുള്ള കാര്യങ്ങൾ നോക്കേണ്ടതുണ്ട്. മമ്മൂട്ടിയുമായി വളരെ സ്നേഹത്തിലും സൗഹൃദത്തിലുമാണ് പോകുന്നത്. എപ്പോഴും വിളിക്കാറും സംസാരിക്കാറുമുണ്ട്. ഞങ്ങളുടെ മക്കളും കുടുംബം പോലെ തന്നെയാണ്. എല്ലാ ദിവസും രാവിലെ മമ്മൂട്ടിയെ വിളിക്കുമെന്നല്ല. എനിക്കൊരു ആവശ്യം വരുമ്പോൾ അല്ലെങ്കിൽ എന്തെങ്കിലും കാര്യം അറിയണമെങ്കിലുമൊക്കെ അദ്ദേഹത്തെ വിളിക്കാറുണ്ട് അദ്ദേഹം തിരിച്ചും എന്നും മോഹൻലാൽ പറഞ്ഞു.
അതേസമയം, ഹേമ കമ്മിറ്റി വിവാദം കൊടുമ്പിരി കൊണ്ടിരുന്ന വേളയിൽ അമ്മയുടെ പ്രസിഡന്റ് കൂടിയായിരുന്ന മോഹൻലാൽ വിശദീകരണം നൽകുന്നതിനിടെയാണ് തന്റെ പത്നി സുചിത്രയ്ക്ക് സുഖമില്ലാതെ ആശുപത്രിയിലാണെന്നാന്നും സർജറിയ്ക്ക് വിധേയയായി എന്നും പറഞ്ഞിരുന്നത്. തന്റെ സ്വകാര്യമായ ആവശ്യങ്ങളുടെ തിരക്കുകളുമായി ബന്ധപ്പെട്ട് ഇതുവരെയും താൻ കേരളത്തിൽ ഇല്ലായിരുന്നുവെന്നാണ് മോഹൻലാൽ പറഞ്ഞത്. മാത്രമല്ല ഭാര്യയ്ക്ക് ഒരു സർജറി വേണ്ടി വന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്റെ ഭാര്യയുടെ സർജറി യുമായി ബന്ധപ്പെട്ടുകൊണ്ട് എനിക്ക് ഹോസ്പിറ്റലിൽ ഇരിക്കേണ്ടി വന്നു എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ എന്താണ് സുചിത്രയ്ക്ക് സംഭവിച്ചതെന്ന് പറഞ്ഞിരുന്നില്ല. അതേസമയം, സുചിത്രയ്ക്ക് മുൻപും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ചില വിവരങ്ങളുണ്ട്. 1988 ഏപ്രിൽ 28 ന് ആയിരുന്നു മോഹൻലാൽ സുചിത്ര വിവാഹം. അന്നുമുതൽ ലാലേട്ടന്റെ നിഴലായി സുചിത്രയുണ്ട്. വീട്ടുകാര്യങ്ങൾക്ക് പുറമെ താരരാജാവ് തുടങ്ങിവച്ച ബിസിനെസ്സ് സാമ്രാജ്യങ്ങൾ നോക്കി നടത്തുന്നതിലും സുചിത്രയുടെ പങ്ക് ചെറുതല്ല.
സുചിത്ര ജനിച്ചതും വളർന്നതും സിനിമ പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ്. തമിഴ് സിനിമ നിർമാതാവ് കെ ബാലാജിയുടെ മകളാണ് സുചിത്ര. ജാതകം ചേരില്ലെന്ന കാരണത്താൽ ആദ്യം വേണ്ടെന്നു വച്ച കല്യാണാലോചന രണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടും നിയോഗം പോലെ വീട്ടുകാർ നടത്തികൊടുക്കുകയായിരുന്നു. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നെങ്കിലും വിവാഹത്തിനു മുൻപേ സുചിത്ര മോഹൻലാലിന്റെ ആരാധികയായിരുന്നുവെന്ന കാര്യം ഒരിക്കൽ സുചിത്രയുടെ സഹോദരൻ സുരേഷ് ബാലാജി തന്നെ വെളിപ്പെടുത്തിയിരുന്നു.
