News
കാത്തിരിപ്പുകള്‍ക്ക് വരാമം; ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു
കാത്തിരിപ്പുകള്‍ക്ക് വരാമം; ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു
ആരാധകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു. ‘മലൈക്കോട്ടൈ വാലിബന്’എന്നാണ് ചിത്രത്തിന്റെ പേര്. മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്.
മലയാള സിനിമ ലോകം ഇത്രയും ആകാംക്ഷയോടെ ഒരു സിനിമയുടെ പേരിനായി കാത്തിരുന്നിട്ടുണ്ടാകില്ല. കഴിഞ്ഞ കുറച്ചുദിവസമായി സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന്റെ പേര് പ്രവചനങ്ങള്‍ ഒരുപാട് നടന്നു. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രത്തിന്റേതായി പുറത്തുവരുന്ന ചെറിയ അപ്ഡേറ്റുകള് പോലും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നത്.
സിനിമയുടെ ടൈറ്റിലിന്റെ ചെറിയ ചെറിയ ഭാഗങ്ങള്‍ പസില്‍ പോലെ അണിയറപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവയ്ക്കാനും തുടങ്ങിയതോടെയാണ് ചര്‍ച്ചയായത്. മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന് 27ാമത് ഐഎഫ്എഫ്കെ വേദിയില്‍ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞിരുന്നു. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
രാജസ്ഥാന് പ്രധാന ലൊക്കേഷനായി ചിത്രീകരിക്കുന്ന സിനിമയില്‍ ഒരു ഗുസ്തിക്കാരന്റെ വേഷത്തിലാകും മോഹന്‍ലാല്‍ എത്തുക എന്ന അഭ്യൂഹവും സിനിമപ്രേമികള്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. മോഹന്‍ലാല്‍ ലിജോ ടീമില്‍ അണിയറയില്‍ ഒരുങ്ങുന്നത് ഒരു വമ്പന്‍ ചിത്രം ആയിരിക്കുമെന്ന് നടന് പൃഥ്വിരാജും കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
