കായംകുളം കൊച്ചുണ്ണിയുടെ രഹസ്യം, പക്കി ഞെട്ടിക്കും – റോഷന് ആന്‍ഡ്രൂസ് പറയുന്നു.
കേരളം കാത്തിരിക്കുന്ന, കേരളം അറിയേണ്ട, ഒരു രഹസ്യം കായംകുളം കൊച്ചുണ്ണിയില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നു. ഇത് കേട്ട് കേരളം ഞെട്ടുമോ എന്ന ചോദ്യത്തിന് സംവിധായകന് റോഷന് ആന്‍ഡ്രൂസിന്റെ മറുപടി: ‘കൊച്ചുണ്ണിയെ പറ്റിയൊരു രഹസ്യമുണ്ട് അത് കേരളം അറിയേണ്ടതാണ്. ഈ രഹസ്യമാണ് ഈ സിനിമ ചെയ്യാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. കേരളം കാത്തിരിക്കുന്ന ആ രഹസ്യം ചിത്രത്തിന്റെ കൈ്ളമാക്സിനോട് അനുബന്ധിച്ച് വ്യക്തമാകും.’
റോഷന് ആന്‍ഡ്രൂസ് പങ്കുവച്ച ഇത്തിക്കരപക്കിയുടെ പുതിയ ഫോട്ടോ ചലച്ചിത്ര പ്രേമികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഈ ഞെട്ടല്‍ ഇനിയും ആവര്‍ത്തിക്കുമോ എന്ന കൗതുകം നിറഞ്ഞ ചോദ്യത്തിനാണ് വലിയൊരു ഞെട്ടലിന് ഒരുങ്ങിയിരുന്നു കൊള്ളുവെന്ന് റോഷന് ആന്‍ഡ്രൂസ് മറുപടി നല്‍കിയത്.
ഒരുകാല് നിലത്തുറപ്പിച്ച് മറ്റേകാല് അരയൊപ്പത്തിന് മുകളില്‍ ഉയരമുള്ള തെങ്ങിന് കുറ്റിയില്‍ കയറ്റി വച്ച് നില്ക്കുന്ന മോഹന്‍ലാലിന്റെ ചിത്രം ആരാധകരില്‍ സമാനതകളില്ലാത്ത ചലനമാണ് സൃഷ്ടിച്ചത്. റോഷന് ആന്‍ഡ്രൂസ് പുറത്തുവിട്ട പുതിയ ചിത്രം മോഹന്‍ലാലിന്റെ മെയ്വഴക്കത്തിന്റെ പേരിലാണ് ചര്‍ച്ചയാകുന്നത്. ചരിത്രത്തിലെ ഇത്തിക്കരപക്കി അഭ്യാസി കൂടിയായതിനാല്‍ തന്നെ കഠിനമായ മെയ്വഴക്കം പ്രകടമാകുന്ന ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ചിത്രം വലിയ ആകാംക്ഷയാണ് പ്രേക്ഷകരില്‍ സൃഷ്ടിക്കുന്നത്.
‘ഇതെല്ലാമെന്താണ് ഇനിയെന്തെല്ലാം കാണാനിരിക്കുന്നു’വെന്നൊരു ശരീരഭാഷ കൂടി മോഹന്‍ലാലിന്റെ വൈറല്‍ ലുക്കില്‍ നിന്ന് ലാല്‍ ആരാധകര്‍ വായിച്ചെടുക്കുന്നു.കാത്തിരിപ്പിന്റെ ചങ്കിടിപ്പ് വര്‍ദ്ധിപ്പിച്ചുകൊണ്ട് റോഷന് ആന്‍ഡ്യൂസ് ഇത്രയും കൂടി പറഞ്ഞു വയ്ക്കുന്നു; ‘ഇത്തിക്കരപക്കിയുടെ മെയ്വഴക്കത്തെക്കുറിച്ച് സൂചന നല്‍കുകയാണ് ഈ ചിത്രത്തില്‍. മരങ്ങള്‍ക്കിടയിലൂടെ ഓടിയും ചാടിയും വളര്‍ന്നയാളാണ് പക്കി. ഏത് മരത്തിലും പക്കി കയറും. അതിനുള്ള ശരീരഭാഷയും മെയ്വഴക്കവുമുണ്ട്. പക്കിയെന്നാല് ചിത്രശലഭമെന്നാണ് അര്‍ത്ഥം. മരങ്ങള്‍ക്കിടയിലൂടെ തെന്നിപ്പായുന്ന പൂമ്പാറ്റയെപ്പോലെ ദ്രുതഗതിയില്‍ ചലിക്കുന്ന കള്ളനാണ് പക്കി’.
ആരാധകര്‍ക്ക് പ്രതീക്ഷയോടെ കാത്തിരിക്കാന്‍ ധാരാളമുണ്ടെന്ന സൂചനകള്‍ തന്നെയാണ് ഘട്ടംഘട്ടമായി ചിത്രത്തിന്റെ അണിയറക്കാര്‍ പുറത്തു വിടുന്നത്. മരത്തിനുമുകളില്‍ പാഞ്ഞ് കയറി മരത്തിനു മുകളിലിരുന്ന് ആളുകളെ കൊള്ളയടിക്കുന്ന ഇത്തിക്കര പക്കിയെ മോഹന്‍ലാല്‍ അനശ്വരമാക്കുമെന്ന പ്രതീക്ഷകളാണ് എന്തായാലും വൈറലായിരിക്കുന്ന ചിത്രങ്ങള്‍ സമ്മാനിച്ചിരിക്കുന്നത്.
നിവിന്‍പോളി നായകനായി അഭിനയിക്കുന്ന കായംകുളം കൊച്ചുണ്ണിയെന്ന പീരിയോഡിക്കല്‍ ചിത്രം വിശാലമായ ക്യാന്‍വാസിന്റെ പേരില്‍ അനൗണ്‍സ് ചെയ്തപ്പോള്‍ തന്നെ മലയാളികളുടെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍ കൂടിയെത്തുന്നുവെന്ന വാര്‍ത്ത കൂടി പുറത്ത് വന്നതോടെ കായംകുളം കൊച്ചുണ്ണി മലയാളിയുടെ സ്വപ്നസിനിമയായി മാറി. ഗസ്റ്റ്റോളില്‍ എത്തുന്നു എന്നരീതിയിലാണ് കായംകുളം കൊച്ചുണ്ണിയിലെ മോഹന്‍ലാലിന്റെ അപ്പിയറന്‍സ് ആദ്യഘട്ടത്തില്‍ ചര്‍ച്ചയായത്. എന്നാല്‍ റോഷന് ആന്‍ഡ്രൂസ് മോഹന്‍ലാലിന്റെ ഗെറ്റപ്പ് പുറത്ത് വിട്ടതോടെയാണ് അറിഞ്ഞതൊന്നുമല്ല കാണാനിരിക്കുന്നതെന്ന കൗതുകത്തിലേക്ക് പ്രേക്ഷകര്‍ മാറിയത്. ചിത്രത്തിന്റെ നിര്‍ണ്ണായക വഴിത്തിരിവുകളെ സ്വാധീനിക്കുന്ന ഇരുപതു മിനിട്ടോളം മോഹന്‍ലാലിന്റെ ഇത്തിക്കരപക്കി സ്ക്രീനില്‍ നിറഞ്ഞാടുന്നുണ്ടെന്നാണ് സൂചന.
കുറ്റിത്താടിയും കുറ്റിമുടിയും പരുക്കന്‍ മുഖഭാവവുമുള്ള ഇത്തിക്കരപക്കിയുടെ ഫസ്റ്റ് ലുക്കില്‍ ഏറ്റവും ആകര്‍ഷണീയമായി മാറിയത് മോഹന്‍ലാലിന്റെ കോസ്റ്റിയൂമായിരുന്നു. പിന്നീട് നിവിനും മോഹന്‍ലാലും തമ്മിലുള്ള കോമ്പിനേഷന്‍ രംഗങ്ങളുടെ ചിത്രങ്ങളും പുറത്തുവന്നു. വെള്ളത്തില്‍ മുളം ചങ്ങാടത്തിലിരിക്കുന്ന നിവിനും മോഹന്‍ലാലിനും റോഷന് ആന്‍ഡ്രൂസ് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന്റെ ചിത്രങ്ങളും സിനിമയുടെ കൗതുകം വര്‍ദ്ധിപ്പിക്കുന്നതായിരുന്നു. കായംകുളം കൊച്ചുണ്ണിയുടെ ജീവിതത്തില്‍ ഇത്തിക്കരപക്കിയ്ക്കുള്ള സ്ഥാനം മനസ്സിലാക്കിയിരിക്കുന്നതിനാല്‍ തന്നെയാണ് നിവിന്റെ കഥാപാത്രത്തിനൊപ്പം മോഹന്‍ലാലിന്റെ കഥാപാത്രം കൂടി ചേരുമ്പോള്‍ ഇതുവരെ കാണാത്തൊരു സൂപ്പര്‍ഹിറ്റാണ് പ്രേക്ഷകര്‍ പ്രതീക്ഷക്കുന്നത്. മോഹന്‍ലാലിനും നിവിനും പുറമെ ബാബു ആന്റണി സണ്ണിവെയ്ന്, പ്രിയാനന്ദ്, സുധീര്‍ കരമന, ഇടവേള ബാബു, സുനില്‍ സുഗത തുടങ്ങിയവരും അഭിനയിക്കുന്നു.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ബിഗ്ബ്ഡ്ജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി നിര്‍മ്മിക്കുന്നത്. റോഷന് ആന്‍ഡ്രൂസ് ആദ്യമായാണ് ഇത്ര വലിയ ബഡ്ജറ്റിലുള്ളൊരു സിനിമ സംവിധാനം ചെയ്യുന്നത്. ബോളിവുഡ് കാമറാമാനായ വിനോദ് പ്രധാനാണ് ഛായാഗ്രാഹകന്‍. ബോബി-സഞ്ജയാണ് കായംകുളം കൊച്ചുണ്ണിക്ക് തിരക്കഥയൊരുക്കുന്നത്.
