Actor
രണ്ട് കഥ പറഞ്ഞു, പക്ഷേ ലാലേട്ടന് ഇഷ്ടമായില്ല; മൂന്നാമത് ഞാനൊരു കഥ പറഞ്ഞു; അതിനെ കുറിച്ച് കൂടുതലൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല; ഡിജോ ജോസ് ആന്റണി
രണ്ട് കഥ പറഞ്ഞു, പക്ഷേ ലാലേട്ടന് ഇഷ്ടമായില്ല; മൂന്നാമത് ഞാനൊരു കഥ പറഞ്ഞു; അതിനെ കുറിച്ച് കൂടുതലൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല; ഡിജോ ജോസ് ആന്റണി
ക്വീന്‍, ജനഗണമന എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മലയാളി ഫ്രം ഇന്ത്യ’. നിവിന്‍ പോളിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ഈ ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ഡിജോ ജോസ് ചിത്രം പുറത്തുവരുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ആ പ്രോജക്ടിനെ കുറിച്ച് സംസാരിക്കുകയാണ് ഡിജോ ജോസ് ആന്റണി.
മോഹന്‍ലാലിനോട് രണ്ട് കഥകള്‍ പറഞ്ഞുവെന്നും എന്നാല്‍ രണ്ടും അദ്ദേഹത്തിന് ഇഷ്ടമായില്ലെന്നുമാണ് ഡിജോ പറയുന്നത്. എന്നാല്‍ മൂന്നാമതൊരു കഥ പറഞ്ഞിട്ടുണ്ടെന്നും, അതിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാവില്ലെന്നും ഡിജോ പറയുന്നു.
‘ലാലേട്ടനോട് കഥ പറഞ്ഞു, പ്രൊജക്ട് ഉണ്ടാകും എന്നുള്ള റൂമറുകളില്‍ പകുതി സത്യമാണ്. ലാലേട്ടനുമായി ആഡ് ഫിലിംസ് ചെയ്തപ്പോള്‍ സംസാരിച്ചു. നല്ല കഥകളുണ്ടെങ്കില്‍ ചെയ്യാമെന്ന് അന്ന് പറഞ്ഞിരുന്നു. ഞാന്‍ അദ്ദേഹത്തോട് രണ്ട് കഥകള്‍ പറഞ്ഞു, രണ്ടും വര്‍ക്കായില്ല. ഷാരിസ് ആ സമയത്ത് ഉണ്ടായിരുന്നില്ല. ആ കഥകള്‍ രണ്ടും അദ്ദേഹത്തിന് വര്‍ക്കായില്ല.
പുള്ളി കഥ കേട്ടയുടനെ നോ പറയുന്ന ആളല്ല, ആ കഥയെപ്പറ്റി കൂടുതല്‍ ഡിസ്‌കസ് ചെയ്ത ശേഷമാണ് വര്‍ക്കാകുമോ ഇല്ലയോ എന്നുള്ള കണ്‍ക്ലൂഷനിലേക്കെത്തുന്നത്. മൂന്നാമത് ഞാനൊരു കഥ പറഞ്ഞു. അതില്‍ ഡിസ്‌കഷന്‍സ് നടക്കുന്നുണ്ട്. കൂടുതല്‍ വിവിരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനായിട്ടില്ല. ബാക്കിയുള്ള വിവരങ്ങള്‍ വഴിയെ അറിയിക്കാം.’ എന്നാണ് ഡിജോ പറയുന്നത്.
അനശ്വര രാജന്‍, അജു വര്‍ഗീസ്, മഞ്ജു പിള്ള എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഗരുഡന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റിഫന്‍ നിര്‍മിക്കുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്.
ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ജനഗണമനയുടെ തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് ആണ്. ഛായാഗ്രഹണം സുദീപ് ഇളമണ്‍, ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ തോമസ്.
