
Malayalam
പണം വാങ്ങി വഞ്ചിച്ചു; മോഹൻലാലിനും നിർമാതാവ് ആന്റണി പെരുമ്പാവൂരിനുമെതിരായ പരാതി സെപ്റ്റംബറിലേയ്ക്ക് മാറ്റി
പണം വാങ്ങി വഞ്ചിച്ചു; മോഹൻലാലിനും നിർമാതാവ് ആന്റണി പെരുമ്പാവൂരിനുമെതിരായ പരാതി സെപ്റ്റംബറിലേയ്ക്ക് മാറ്റി
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. വലിയൊരു ആരാധകവൃന്തം തന്നെ മോഹൻലാലിനുണ്ട്. ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി പുറത്തെത്തിയ വിവരങ്ങളിലും സഹതാരങ്ങൾക്കെതിരെ ഉയർന്ന ലൈം ഗികാരോപണങ്ങളിലും അദ്ദേഹം മൗനം പാലിക്കുന്നതിൽ വിമർശനങ്ങൾ കേൾക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകർ സ്വീകരിക്കുന്നതും.
ഇപ്പോഴിതാ ചലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് പണം വാങ്ങി വഞ്ചിച്ചെന്നാരോപിച്ച് നടൻ മോഹൻലാലിനും നിർമാതാവ് ആന്റണി പെരുമ്പാവൂരിനുമെതിരായ പരാതി കോഴിക്കോട് അഞ്ചാം അഡീഷണൽ ജില്ല സെഷൻസ് കോടതി സെപ്റ്റംബർ 13-ലേക്കു മാറ്റിയിരിക്കുകയാണ്. മോഹൻലാലും ആൻ്റണി പെരുമ്പാവൂരും സെപ്റ്റംബർ 13ന് കോടതിയിൽ ഹാജരാവണം.
നിർമാതാവും സംവിധായകനുമായ കെ.എ. ദേവരാജൻ നൽകിയ അപ്പീലിലാണ് നടപടി. ദേവരാജൻ്റെ സ്വപ്നമാളിക എന്ന ചിത്രത്തിനുവേണ്ടി എതിർകക്ഷികൾ 30 ലക്ഷം രൂപയുടെ ചെക്ക് 2007 മാർച്ച് 29-ന് കൈപ്പറ്റിയെന്നും പിന്നീട് സഹകരിക്കാതെ വഞ്ചിച്ചെന്നുമാണ് പരാതി. കോഴിക്കോട് നാലാം ജുഡീ ഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നേരത്തേ നൽകിയ സ്വകാര്യ അന്യായം തള്ളിയതിനെതിരേ നൽകിയ അപ്പീലാണ് ഇപ്പോൾ കോടതി പരിഗണിക്കുന്നത്.
‘തർപ്പണം’ എന്ന പേരിൽ മോഹൻലാൽ എഴുതിയ നോവലിന് എസ് സുരേഷ് ബാബു ഒരുക്കിയ തിരക്കഥയിൽ ആണ് സ്വപ്നമാളിക എന്ന സിനിമ എത്തുന്നത്. കരിമ്പിൽ ഫിലിംസിൻറെ ബാനറിൽ നിർമ്മിക്കപ്പെട്ട ചിത്രത്തിൻറെ സംവിധായകൻ ആയിരുന്നു കെ എ ദേവരാജൻ. പക്ഷേ ചിത്രം പുറത്തെത്തിയില്ല.
ചിത്രീകരണത്തിന് ശേഷം ട്രെയ്‍ലർ പുറത്തുവന്നിരുന്നെങ്കിലും സിനിമ എത്തിയില്ല. കഥാകൃത്തിൻറെയോ തിരക്കഥാകൃത്തിൻറെയോ അനുവാദമില്ലാതെ സംവിധായകൻ കഥയിൽ ചില മാറ്റങ്ങൾ വരുത്തിയതിനെത്തുടർന്നുള്ള തർക്കമാണ് ചിത്രം വെളിച്ചം കാണാതെപോയതിനുള്ള കാരണമായി പുറത്തുവന്ന വിവരം. 2008ൽ റിലീസ് പ്രതീക്ഷിക്കപ്പെട്ടിരുന്ന സിനിമയാണ് ഇത്.
രാജാമണിയും ജയ് കിഷനും ചേർന്ന് സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രത്തിൽ മോഹൻലാലിനൊപ്പം വിദേശ താരം എലീന, ഷമ്മി തിലകൻ, സുകുമാരി, ഊർമ്മിള ഉണ്ണി, ഇന്നസെൻറ്, ബാബു നമ്പൂതിരി തുടങ്ങി വലിയ താരനിര കഥാപാത്രങ്ങളായി അണിനിരന്നിരുന്നു. കഴിഞ്ഞ ലോക്ക് ഡൗൺ കാല ചർച്ചകൾക്കിടെ മോഹൻലാൽ എഴുതിയ നോവലും അതിനെ അധികരിച്ച് നിർമ്മിക്കപ്പെട്ട, എന്നാൽ ഇതുവരെ റിലീസ് ചെയ്യപ്പെടാതെ പോയ ഈ സിനിമയും കഥയും സിനമാ ഗ്രൂപ്പുകളിൽ സംസാരവിഷയമായിരുന്നു.
അതേസമയം, സിനിമാ വിവാദങ്ങൾക്കിടെ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും. തിരുവനന്തപുരത്ത് വെച്ച് വാർത്താസമ്മേളനം നടത്തുമെന്നാണ് അറിയിച്ചത്. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ആദ്യമായിട്ടാണ് മോഹൻലാൽ മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്.
കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ കെസിഎൽ ലോഞ്ചിംഗിനായി എത്തുന്ന താരം ഉച്ചയ്ക്ക് 12 മണിയോടെ ഹോട്ടൽ ഹയാത്തിൽ വച്ചാവും മാധ്യമങ്ങളെ കാണുക. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ ‘അമ്മ’ സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈം ഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ മോഹൻലാൽ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു.
മോഹൻലാൽ റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാത്തതിനെതിരേയും വ്യാപക വിമർശനമുയർന്നിരുന്നു. കൂട്ടരാജിക്ക് ശേഷവും നിലപാട് അറിയിക്കാതെ ഒളിച്ചോടി എന്ന രീതിയിൽ മോഹൻലാൽ വലിയ വിമർശനമാണ് നേരിടുന്നതിനിടെയാണ് ഇന്ന് മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്. നടൻ മമ്മൂട്ടിയും ഇതുവരെയും പ്രതികരിച്ചിട്ടില്ല.





























































































































































































































































































































































































































































































































































































































































































































































































































































































